പേജുകള്‍‌

2018 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്ന സ്ത്രീയ്ക്ക് വയര്‍ കൂടുതലുണ്ടാകുമോ?



പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്ന സ്ത്രീയ്ക്ക് വയര്‍ കൂടുതലുണ്ടാകുമോ?


    പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്ന സ്ത്രീയ്ക്ക് വയര്‍ കൂടുതലുണ്ടാകുമെന്ന് മുതിര്‍ന്ന സ്ത്രീകള്‍ പറയാറുണ്ട്‌. പ്രസവശേഷം കുട്ടി പെണ്ണാണെന്ന് തിരിച്ചറിയുന്നതോടെ മുത്തശ്ശിമാര്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണെന്ന് ബോദ്ധ്യപ്പെടും.
   പഴയകാലത്ത് ഇപ്പോഴത്തേതുപോലെ കുട്ടി ആണോ പെണ്ണോ എന്നറിയാന്‍ ആധുനികമാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു. പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്ന സ്ത്രീയ്ക്ക് വയര്‍ കൂടുതലുണ്ടാകുന്നതിനു കാരണമുണ്ട്. ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്നതും പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്നതും തമ്മില്‍ വളരെ വലിയ വ്യത്യാസങ്ങള്‍ കാണപ്പെടാറില്ല. എന്നാല്‍ ആണ്‍കുട്ടിയെ ആവരണം ചെയ്തിരിക്കുന്ന ദ്രാവകത്തെക്കാള്‍ കൂടുതലായിരിക്കും പെണ്‍കുട്ടിയെ ആവരണം ചെയ്തിരിക്കുന്ന ദ്രാവകം. ഇതുകൊണ്ടാണ് പെണ്‍കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുന്ന ഗര്‍ഭിണികളുടെ വയര്‍ വലുതായി കാണപ്പെടുന്നത്.

ഗര്‍ഭസ്ഥശിശുവിന് ഇളക്കം കൂടിയാല്‍ പെണ്‍കുട്ടി തന്നെയോ?

ഗര്‍ഭസ്ഥശിശുവിന് ഇളക്കം കൂടിയാല്‍ പെണ്‍കുട്ടി തന്നെയോ?


  ഗര്‍ഭിണികളെ ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങളും ചൊല്ലുകളും എന്നും നിലവിലുണ്ട്. അതിലൊന്നാണ് ഗര്‍ഭസ്ഥശിശുവിന് ഇളക്കം കൂടിയാല്‍ പെണ്‍കുട്ടിയായിരിക്കുമെന്നത്.
  ഇതിനെ പുത്തന്‍തലമുറ അത്ര ഗൗരവമായികാണുമെന്ന് തോന്നുന്നില്ല. കാരണം ജനിക്കാന്‍ പോകുന്ന കുട്ടി ആണോ പെണ്ണോയെന്ന് തിരിച്ചറിയാന്‍ ഇന്ന് ആധുനിക സംവിധാനങ്ങളുണ്ട്. അതുകൊണ്ട് വിശ്വാസങ്ങളെ അവര്‍ അത്ര ഉള്‍കൊളളാറുമില്ല.
  വലിയ വയറുമായി വേച്ചുവേച്ചു നടക്കുന്ന ഗര്‍ഭിണികളുടെ വയറിലെ ഇളക്കം കൂടുതലും ശ്രദ്ധിക്കുന്നത് മുത്തശ്ശിമാരാണ്. വയറിലെ ഇളക്കം കൂടുതലായാല്‍ അതിനുള്ളില്‍, ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയാണെന്ന് അവര്‍ കൃത്യമായി പറയുമായിരുന്നു.
  ഈ വിശ്വാസം തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് മാറിയപ്പോള്‍ അതിനു പിന്നിലെ രഹസ്യമെന്തെന്ന് ആരും അന്വേഷിച്ചതുമില്ല. പെണ്‍കുട്ടിയായതുകൊണ്ടാണ് വയറിന് ഇളക്കം കൂടുന്നതെന്നുമാത്രം അവര്‍ വിശ്വസിച്ചു. ആ വിശ്വാസമാകട്ടെ പ്രചരിപ്പിക്കുകയും ചെയ്തു.
  എന്നാല്‍ ശാസ്ത്രീയമായും ഇത് ശരിതന്നെ. ഗര്‍ഭിണിയുടെ വയറിന് ഇളക്കം കൂടിയിരുന്നാല്‍ ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടി തന്നെയായിരിക്കും. പെണ്‍കുട്ടിയുടെ ഹൃദയ സ്പന്ദനം ആണ്‍കുട്ടിയുടേതിനേക്കാള്‍ കൂടുതലായിരിക്കുമെന്ന് അവര്‍ സമ൪ത്ഥിക്കുന്നു. ഇതുകൊണ്ടാണ് ഗര്‍ഭസ്ഥശിശുവിന് ഇളക്കം കൂടിയാല്‍ ജനിക്കുന്നത് പെണ്‍കുട്ടിയായിരിക്കുമെന്ന വിശ്വാസം ഉണ്ടായത്.

നാരകം നട്ടയാള്‍ നാടുവിടുമോ?



നാരകം നട്ടയാള്‍ നാടുവിടുമോ?

   വൃക്ഷങ്ങളും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം പ്രകൃത്യാതീത കാലത്തേതാണ്. ജീവിതത്തിന്‍റെ ഇന്നലെകള്‍ നമുക്ക് സമ്മാനിച്ച ഏറ്റവും വലിയ അറിവുകളിലൊന്ന് മരം പ്രകൃതിയുടെ ആത്മാവ് എന്നതാണ്. ഇനിയും നമുക്ക് നഷ്ടമാകാത്ത പ്രകൃതിസ്നേഹത്തിന്‍റെ കാരണക്കാരും തണല്‍വിരിച്ച വൃക്ഷങ്ങള്‍ തന്നെ. പാര്‍ക്കാന്‍ വീടും കഴിക്കാന്‍ ഭക്ഷണവുമായി അവ നമുക്ക് കൂട്ടുനില്‍ക്കുകയാണ്.
   നാരകത്തിന്‍റെ ഫലത്തെയും ഗുണത്തെയും പറ്റി ആര്‍ക്കും സംശയമില്ല. എന്നാല്‍ വളരെ കാലതാമസമെടുത്താണ് നാരകം വളരുന്നത്. കായ്ക്കുന്നതാകട്ടെ അതിലും വളരെ താമസിച്ചാണ്. അങ്ങനെയായതിനാല്‍ നാരകം നടുന്നയാളിന് അതിന്‍റെ ഫലം അനുഭവിക്കാന്‍ കഴിയാറില്ലെന്നതാണ് വാസ്തവം. ഫലം ആസ്വദിക്കുന്നതിനു മുമ്പുതന്നെ പല കാരണങ്ങള്‍ കൊണ്ട് നാരകം നട്ട വ്യക്തി നാട്ടില്‍ നിന്നും മാറി മറ്റെവിടെയെങ്കിലും ചേക്കേറിയിരിക്കും.
   വളര്‍ച്ചയ്ക്ക് കാലതാമസം നേരിടുന്നതുകൊണ്ടാണ് നാരകം നട്ടയാള്‍ നാടുവിടുമെന്ന വിശ്വാസം ബലപ്പെട്ടത്.

2018 സെപ്റ്റംബർ 1, ശനിയാഴ്‌ച

കുട്ടിയും, കോലും | Kuttiyum, Kolum




കുട്ടിയും, കോലും | Kuttiyum, Kolum 

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി നാലില്‍ ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി ക്രിക്കറ്റ് എന്ന ജ്വരമുണര്‍ത്തുന്ന കളി എന്റെ ഗ്രാമത്തില്‍ വേരുറപ്പിച്ചത്. അതിനു ശേഷം ഇന്നേ നാള്‍വരെ ഗ്രാമത്തിലെ കുട്ടികള്‍ക്കിടയില്‍ ക്രിക്കറ്റ് എന്ന നാമം മാത്രം കേട്ട് ഇന്ന് ആ വാക്കിനോട് തന്നെ വെറുപ്പു തോന്നുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നു. ക്രിക്കറ്റിനെ വെറുക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്. അത് പ്രചാരത്തിലായതോടെ കേരളത്തിന്റെ ഗ്രാമീണ നാടന്‍ കളികളായ “കുട്ടിയും കോലും”, തലപന്ത് കളി, വീറ്റു (ചിലയിടങ്ങളില്‍ സെവന്‍സ്), കിളിത്തട്ട്, കബഡി കളി, ഊമന്‍ കളി, ഓലപ്പന്ത് കളി, ഗോലി കളി (വട്ടു കളി) എന്നതിലുപരി അന്താരാഷ്ട്ര തലത്തില്‍ പ്രചാരമേറിയ വോളി ബോള്‍, ഷട്ടില്‍ കോര്‍ക്ക്, ബാസ്കറ്റ് ബോള്‍ എന്നിങ്ങനെ കായികാദ്ധ്വാനമുള്ള മറ്റു കളികളും ഗ്രാമാന്തരീക്ഷത്തില്‍ നിന്ന് എന്നെന്നേക്കുമായി നിഷ്കാസനം ചെയ്തതതു കൊണ്ടാണ് അത്. അത്രയൊന്നും കായികാദ്ധ്വാനം ആവശ്യമില്ലാത്ത ക്രിക്കറ്റ് എന്ന കിറുക്കന്‍ കളി യുവതലമുറയുടെ ശാരീരികമായും, മാനസികവുമായി തളര്‍ത്തി എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തികരമാവില്ല.

പ്രമാണം:കുട്ടിയും കോലും.jpg

ഗ്രാമത്തില്‍ അവശേഷിക്കുന്ന മണ്‍പാതകളിലും, കൊയ്തൊഴിഞ്ഞ പാടങ്ങളിലും, ആള്‍താമസമില്ലാത്ത പറമ്പുകളിലും ഇന്ന് ക്യാച്ച്, സിക്സര്‍, ഫോര്‍ എന്നിങ്ങനെ അട്ടഹാസങ്ങള്‍ ഉയരുമ്പോള്‍ ഇതേ സ്ഥലങ്ങള്‍ തന്നെ ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷം മുന്‍പ് കുട്ടിയും കോലിന്റേയും സുവര്‍ണ മൈതാനങ്ങളായിരുന്നു എന്ന് പുതു തലമുറയിലെ എത്രപേര്‍ക്ക് അറിയാം. ഒരു പക്ഷേ ഈ പേരു തന്നെ അവര്‍ക്ക് അത്ഭുതവും ആകാംഷയും നല്‍കുന്നുണ്ടാവാം.

[3.JPG]

ഒരര്‍ത്ഥത്തില്‍ കുട്ടിയും കോലും എന്ന പ്രാചീന കേരള കേളീ മാമാങ്കത്തിന് ഇന്നത്തെ ക്രിക്കറ്റുമായി അഭേദ്യമായ ബന്ധം ഉണ്ടെന്ന് കാണാം. ക്രിക്കറ്റിന് മൂന്നു സ്റ്റമ്പുകളും അതിന്റെ മുന്നില്‍ ബാറ്റുമേന്തി നില്‍ക്കുന്ന ഒരു ബാറ്റ്സ്മാനും ആണ് പ്രധാന ആകര്‍ഷണമെങ്കില്‍ കുട്ടിയും കോലും കളിയില്‍ ഏതാണ്ട് അര ലിറ്റര്‍ വെള്ളം നിറക്കാവുന്ന പാകത്തില്‍ ഭൂമിയില്‍ ദീര്‍ഘ വൃത്താകൃതിയില്‍ കുഴിച്ച ഒരു കുഴിയും, ക്രിക്കറ്റിലെ സ്റ്റമ്പിനെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ ഏതാണ്ട് ഒരു മുഴം (എഴുപത് സെന്റീമീറ്ററോളം) നീളമുള്ള വടിയുമായി നില്‍ക്കുന്ന കളിക്കാരനാണ് പ്രധാന താരം. അമേരിക്കയില്‍ പ്രചാരത്തിലുള്ള ബേസ് ബോളിനും നമ്മുടെ കുട്ടിയും കോലുമായി തെറ്റില്ലാത്ത സാദൃശ്യം കാണാം.
[6.JPG]


മദ്ധ്യകേരളത്തില്‍ കുട്ടിയും കോലും എന്നറിയപ്പെടുന്ന കളി വടക്കന്‍ കേരളത്തില്‍ എത്തുമ്പോള്‍ കുട്ടിയും പുള്ളും ആയി മാറുന്നു. കളിയിലെ പ്രധാന കളിക്കോപ്പായ “കോല്” ഏതാണ്ട് എഴുപത് സെന്റീമീറ്റര്‍ നീളവും, കുറഞ്ഞത് ഇരുപത്തിരണ്ട് മില്ലീമീറ്റര്‍ ചുറ്റളവുമുള്ള ശക്തിയേറിയ മരക്കമ്പ് തൊലി കളഞ്ഞ് ചെത്തി രൂപപ്പെടുത്തി എടുക്കുന്ന ഒന്നാണ്. ബലത്തിനു വേണ്ടി വാളന്‍ പുളി, കാശാവ് തുടങ്ങി ബലമേറിയ കാട്ടുകമ്പുകള്‍ വരെ കോലായി ഉപയോഗിക്കുന്നു. കോല് കയ്യില്‍ പിടിക്കുന്ന ആള്‍ അത് ശക്തമായി വീശി അടിക്കുന്നതിനിടെ, വിയര്‍പ്പ് കയ്യില്‍ വീണ് വഴുതി പോകാതിരിക്കാന്‍ ഇടക്കിടെ ഉണങ്ങിയ മണ്ണ് കയ്യില്‍ പുരട്ടുന്നതും സാധാരണമാണ്. കുട്ടി നിര്‍മ്മിക്കുന്നതും കോല് നിര്‍മ്മിക്കുന്ന അതേ രീതിയില്‍ തന്നെ. പ്രധാന വ്യത്യാസം കുട്ടിക്ക് (പുള്ളിന്) രണ്ടര ഇഞ്ച് മാത്രമേ ഉള്ളു എന്നതാണ്. പുരാതന കാലം മുതല്‍ കുട്ടിയും കോലും കളി നിലവിലുണ്ടായിരുന്നതിന് തെളിവുകള്‍ മഹാഭാരതത്തില്‍ കാണാന്നാകും.

[5.JPG]

കളിക്കുന്ന വിധം

രസകരമായ ഈ കളി തുടങ്ങുന്നത് നിലത്ത്‌ ഒരു ചെറിയ കുഴിയിൽ (ഏതാണ്ട് അര ലിറ്റര്‍ വെള്ളം നിറക്കാവുന്ന പാകത്തില്‍ നിലത്ത് ദീര്‍ഘ വൃത്താകൃതിയില്‍ കുഴിച്ച ഒരു കുഴി) കുട്ടി വിലങ്ങനെ വച്ച്‌ കോല് കൊണ്ട്‌ അതിനെ തോണ്ടി തെറുപ്പിച്ചു കൊണ്ടാണ്. ഇതിനെ കോരി എന്നോ കുത്തിക്കോരി എന്നോ വിശേഷിപ്പിക്കാറുണ്ട്. കുത്തിക്കോരി വിടുന്ന കുട്ടി നിലത്തു തട്ടാതെ കിട്ടി പിടിക്കുകയാണെങ്കിൽ കളിക്കാരൻ പുറത്താകും. ഇത് ക്രിക്കറ്റിലെ ക്യാച്ച്

എന്നതിനു സമാനമായ നിയമമാണ്. കുട്ടി പിടിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ കളിക്കാരൻ കോല് കുഴിക്കു മുകളിൽ കുറുകെ വെയ്ക്കും. കുട്ടി വീണുകിടക്കുന്ന സ്ഥലത്തു നിന്ന്‌ എതിർഭാഗം കോലില്‍ കുട്ടി‌ കൊണ്ട്‌ എറിഞ്ഞു കൊള്ളിക്കുന്നു. കുട്ടി കോലില്‍ കൊണ്ടാൽ കളിക്കാരൻ പുറത്താകും. ഈ രണ്ടു കടമ്പകളും താണ്ടി കഴിഞ്ഞാല്‍ കളിക്കാരന്‌ ആദ്യത്തെ പോയിന്റിനു വേണ്ടി കളിക്കാം‍. പോയിന്റിനു വേണ്ടി കുട്ടി ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ഉറപ്പിച്ച് കോലുകൊണ്ട്‌ അടിച്ചു തെറിപ്പിക്കുകയാണ്‌ പിന്നീട് കളിയുടെ തുടര്‍ച്ചയായി വരുന്നത്. അടിച്ചു തെറിപ്പിക്കുന്ന കുട്ടി എതിര്‍ കളിക്കാരന് (കളിക്കാര്‍ക്ക്) പിടിക്കാം. ഇങ്ങനെ പിടിച്ചാല്‍ കളിക്കാരന്‍ പുറത്താകും. പിടിച്ചെടുത്തില്ലെങ്കില്‍ തെറിച്ച്‌ വീണ കുട്ടി എതിർ വിഭാഗം എടുത്ത്‌ കുഴി ലക്ഷ്യമാക്കി എറിയുന്നു. ഇതിനെ കോലുകൊണ്ട് അടിച്ചു തെറിപ്പിക്കാനുള്ള അവകാശം കളിക്കാരനുണ്ട്. അടിച്ചു തെറുപ്പിച്ചില്ലെങ്കിലും കളിക്കാരന്‍ പുറത്താകുകയില്ല. എന്നാല്‍ അടിച്ചു തെറിപ്പിക്കുന്നതിനിടയില്‍ കുട്ടി താണ്ടുന്ന ദൂരം അനുസരിച്ച് കളിക്കാരനു കിട്ടുന്ന പോയിന്റുകളില്‍ വ്യത്യാസം ഉണ്ടായേക്കാം. സമയകുഴിയിൽനിന്നും എത്ര കോല്‍ ദൂരത്തിൽ കുട്ടി‌ വന്നു വീണുവോ അത്രയും പോയിന്റ്‌ കളിക്കാരനു ലഭിക്കും. കളിക്കാരൻ എത്രാമത്തെ പോയിന്റിൽ നിൽക്കുന്നു എന്നതിന്‌ അനുസരിച്ച്‌ അടിക്കുന്ന രീതിയും മാറുന്നു.

ഉദാഹരണമായി ഒരാൾക്ക്‌ മുപ്പത്തി പോയിന്റ് ഉണ്ടെന്നിരിക്കട്ടെ. അവസാന അക്ഷരം മൂന്ന് ആയതുകൊണ്ട്‌ അയാൾക്ക് മുക്കാപ്പുറം കളിക്കേണ്ടിവരും. അന്‍പത്തിയേഴ് ആണെങ്കിൽ കോഴിക്കാൽ എന്നിങ്ങനെ കളിയുടെ നിയമത്തില്‍ ആ‍ാവശ്യമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും.

[9.JPG]

ചില കളി നിയമങ്ങള്‍

1. കുത്തിക്കോരി - നിലത്തു കുഴിച്ചിരിക്കുന്ന കുഴിയുടെ കുറുകെ കുട്ടി വച്ച് കോലുകൊണ്ട് കുത്തി ഉയര്‍ത്തി അകറ്റുമ്പോള്‍ ഇന്നത്തെ ക്രിക്കറ്റിലെ ഫീല്‍ഡര്‍ന്മാരെ ഓര്‍മ്മിപ്പിക്കുന്ന മറു കളിക്കാന്‍ കുട്ടി പിടിച്ചാല്‍ കളിക്കാരന്‍ കളിയില്‍ നിന്നും പുറത്താകും. അവസരം മുറ അനുസരിച്ച് മറ്റു അംഗങ്ങള്‍ക്ക് കിട്ടുകയും ചെയ്യും. ഇതാണ് കളിയിലേക്കുള്ള പ്രവേശന കവാടം. അതിനാല്‍ തന്നെ കുത്തിക്കോരിക്ക് പോയിന്റുകള്‍ ഇല്ല. കളിയില്‍ നിന്ന് പുറത്താണോ അകത്താണോ എന്നു നിശ്ചയിക്കുക മാത്രമാണ് കുത്തിക്കോരി ചെയ്യുക. ചിലയിടങ്ങളില്‍ കുത്തിക്കോരി “ചിള്ളോന്‍” എന്ന പേരിലും അറിയപ്പെടുന്നു. കുത്തിക്കോരി എറിയുന്നതിനു മുന്‍പ് “കുട്ടി കാത്തോ (ചിള്ളോന്‍ കാത്തോ)” എന്ന് വിളിച്ചു ചോദിക്കുക എന്നത് നിര്‍ബന്ധമാണ്. ഫീല്‍ഡില്‍ ഉള്ളവര്‍ ശരിയാ‍യ പൊസ്സിഷനില്‍ അല്ലെങ്കില്‍ കാത്തില്ല എന്ന് ഉത്തരം നല്‍കും. കാത്തു എന്ന് മറുപടി കിട്ടും വരെ ചോദ്യം ആവര്‍ത്തിക്കാനും കളിക്കാരന്‍ ബാദ്ധ്യസ്ഥനാണ്.

അടുത്ത നിയമം മുതല്‍ കുട്ടി വെക്കുന്നതും, പിടിക്കുന്നതുമായ ഭാഗങ്ങളും രീതിയും വ്യത്യസ്ഥങ്ങളാകും എന്നതിലുപരി കിട്ടുന്ന പോയിന്റുകള്‍ക്ക് വലിയ വ്യത്യാസങ്ങള്‍ ഇല്ല. ശരീരഭാഗങ്ങളില്‍ വച്ച് അടിക്കുന്ന കുട്ടി ഫീല്‍ഡിലുള്ളവര്‍ പിടിച്ചാല്‍ കളിക്കാരന്‍ പുറത്താകും. പിടിച്ചില്ലെങ്കില്‍ അവരില്‍ ഒരാള്‍ നിലത്ത് വീണ കുട്ടി എടുത്ത് കുഴിക്കരികില്‍ നില്‍ക്കുന്ന കളിക്കാരനെ ലക്ഷ്യമാക്കി എറിയുന്നു. കളിക്കാരനെ കൊണ്ട് കുട്ടി അടിച്ചു തെറിപ്പിക്കാതിരിക്കാന്‍ വിജയിക്കുന്നിടത്ത് കളിക്കാരന്റെ പോയിന്റുകള്‍ കുറക്കാന്‍ എതിരാളികള്‍ക്ക് കഴിയും. കുട്ടി അടിച്ചു തെറിപ്പിക്കാന്‍ കഴിയാതെ കുട്ടി കുഴിക്ക് തൊട്ടടുത്ത് വീണാല്‍ കോലുകൊണ്ട് അളക്കുമ്പോള്‍ കളിക്കാരന് പോയിന്റുകള്‍ ഒന്നും കിട്ടുകയില്ലെന്നു മാത്രമല്ല അപ്പോള്‍ കളിച്ച അതേ സ്റ്റെപ്പ് വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നു. ഒരു തവണ കൂടി കളിക്കാരന് പോയിന്റുകള്‍ എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ കളിക്കാരന്‍ പുറത്താകുന്നു. കോല്‍, അരക്കോല്‍ വരെ കളിക്കാരന് പോയിന്റായി അളെന്നെടുക്കാം. ഓരോ സ്റ്റെപ്പിലും കുട്ടി അടിച്ചു തെറിപ്പിക്കുന്നതിനു മുന്‍പ് “കുട്ടി കാത്തോ” എന്ന ചോദ്യം ആവര്‍ത്തിക്കാനും ശരിയായ മറുപടി കിട്ടാനും കളിക്കാരന്‍ നിര്‍ബന്ധിതനാണ്. കാത്തു എന്ന് ഫീല്‍ഡറിന്മാരില്‍ നിന്ന് മറുപടി കിട്ടാതെ അറിയാതെ കുട്ടി അടിച്ചു തെറിപ്പിക്കുകയോ, കുത്തിക്കോരുകയോ ചെയ്താല്‍ ചെയ്ത ഫൌളിന് മാപ്പെന്നവണ്ണം “സുല്‍” എന്ന് പറഞ്ഞ് വീണ്ടും കളി ആവര്‍ത്തിക്കാം. എന്നാല്‍ ഫൌള്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ കളിക്കാരന്‍ തീര്‍ച്ചയായും പുറത്താകും. ഫൌള്‍ കാണിക്കുന്നതിനെ “ഇല്‍‌സ്” എന്ന വാക്കിലാണ് കുട്ടിയും കോലിലും വിശേഷിപ്പിക്കുക.

1. ഒറ്റക്കൈയ്യന്‍ - കുട്ടിയും കോലും ഒരേ കൈയിൽ പിടിച്ച് കുട്ടി മുകളിലേക്കിട്ട് അടിച്ചു പറപ്പിക്കുന്ന രീതി.

2. ചൊട്ട് -‌ ഉയർത്തിപ്പിടിച്ച കൊട്ടിയും കൈപ്പത്തിയും ചേരുന്ന ഭാഗത്ത്‌ കുട്ടി വെച്ച്‌ അടിക്കുന്ന രീതി.

3.കാളക്കൊമ്പ്‌ - ഇടതുകൈയ്യിലെ ചെറുവിരലിനും ചൂണ്ടുവിരലിനും മുകളിൽ കുട്ടി വെച്ച്‌ അടിക്കുന്ന രീതി. (ഇടം കൈയ്യൻമാർക്ക്‌ നേരെ തിരിച്ച്‌)


4. മുക്കാപ്പുറം - ഒരു കൈയ്യിൽ കോലും മറുകൈ മുഷ്ടി ചുരുട്ടി കമിഴ്ത്തിപ്പിടിച്ച്‌ അതിനു മുകളിൽ കുട്ടി വെച്ച്‌ അടിക്കുന്ന രീതി.


5. പറമണി - ഒരുകൈ കൊണ്ട്‌ കുട്ടി വായുവിൽ വിട്ട്‌ മറുകൈ കൊണ്ട്‌ അടിക്കുന്ന സ്വാഭാവികമായ രീതി.

6.പിഞ്ചം - ഒരു കൈ മുഷ്ടി ചുരുട്ടി മലർത്തിപ്പിടിച്ച്‌ അതിനു മുകളിൽ കുട്ടി വെച്ച്‌ അടിക്കുന്ന രീതി.

7. ആനപ്പുറം - കുട്ടി തലക്കു മുകളിലേക്ക്‌ എടുത്തെറിഞ്ഞ്‌ തലക്കു മുകളിൽ വെച്ച്‌ തന്നെ അടിക്കുന്ന രീതി.

8.കോഴിക്കാൽ - കാൽപ്പാദത്തിൽ കുട്ടി വെച്ച്‌ അടിക്കുന്ന രീതി.

9. മുട്ട്‌ - കൈമുട്ടിനു മുകളിൽ കുട്ടി വെച്ച്‌ അടിക്കുന്ന രീതി.

10. ഹോമക്കുറ്റി - നിലത്ത്‌ കൂട്ടിവെച്ച മണ്ണിനു മുകളിൽ കുട്ടി വെച്ച്‌ മണ്ണ്‌ തൂവി പോകാതെ അടിക്കുന്ന രീതി.

മറ്റു ചിലയിടങ്ങളില്‍ ഈ നിയമങ്ങള്‍ക്ക് താഴെ പറയും വിധം മാറ്റം ഉണ്ടാകുന്നു
  • സാസ - കാല്‍ മുട്ടില്‍ കുട്ടി വച്ച് അടിച്ചകറ്റുന്ന രീതി.
  • മുറി - കുട്ടി ഇടതു കൈയിൽ, കോൽ വലതു കൈയിൽ.(എല്ലാർക്കും ഇഷ്ടപ്പെട്ടത്.. മുറിയിൽ അളവ് അവസാനിപ്പിക്കാൻ കള്ളക്കൊതി എടുക്കാറുണ്ട്)
  • നാഴി - ഇടതു കൈയിലെ ചൂണ്ടു വിരലിനും ചെറുവിരലിനും മുകളിൽ കുട്ടി മറ്റു വിരലുകൾ മടക്കിപ്പിടിക്കുന്നു
  • ഐറ്റി - ഇടതു കൈ മടക്കിപ്പിടിച്ച് (അതായത് കൈ ഏകദേശം വലത്തേ തോളിനു മുകളിലെത്തും) കൈമുട്ടിനു മുകളിലുള്ള ഭാഗത്ത് കുട്ടി വക്കുന്നു
  • ആറേങ്ക് - മുകളിലേക്ക് നോക്കിക്കൊണ്ട് കണ്ണിനു മുകളിൽ കുട്ടി വക്കുന്നു
ചിത്രങ്ങള്‍ക്ക് കടപ്പാട് :- കണ്ണൂരാന്‍ ബ്ലോഗ്

2018 ഓഗസ്റ്റ് 15, ബുധനാഴ്‌ച

ധര്‍മനീതിയും ദൈവനീതിയും


ലക്ഷ്മണനെ ഇപ്രകാരം സ്‌നേഹപൂര്‍വം ശാസിച്ചശേഷം രാമന്‍ നമ്രശിരസ്‌കനായി മാതാവിനോട് വനത്തിലേക്കു പോകുവാന്‍ അനുമതി തേടി. പതിന്നാലു വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ അയോദ്ധ്യയിലേക്കു മടങ്ങിവരുമെന്നും ഇക്കാലമത്രയും മാതാവായ കൗസല്യാദേവിയും സുമിത്രാദേവിയും ഭ്രാതാവായ ലക്ഷ്മണനും എന്റെ പത്‌നിയായ സീതാദേവിയും പിതാവിന്റെ ആജ്ഞകളെ പാലിക്കണമെന്നതാണ് ധര്‍മനീതി എന്നും രാമന്‍ പറയുകയുണ്ടായി.
ലക്ഷ്മണനും മാതാവും സ്‌നേഹം കൊണ്ടും തന്റെ മനസ്സിനെ വായിക്കുവാന്‍ കഴിയാതെയും തന്നെ ബുദ്ധിമുട്ടിക്കുകയാണ് എന്നായിരുന്നു രാമന്റെ പക്ഷം. ക്രൂരനല്ലാത്ത ഏതൊരാള്‍ പിതാവിന്റെ ആജ്ഞയെ,  ആ ആജ്ഞ കോപം 
കൊണ്ടുള്ളതോ, ആഹ്ലാദം കൊണ്ടുള്ളതോ, വിഷയലമ്പടത്വം കൊണ്ടുള്ളതോ, എന്തുമാകട്ടേ, പാലിക്കാതെയിരിക്കും? എന്നേയും ഭരതനേയും ആജ്ഞാപിക്കുവാനുള്ള അധികാരം പിതാവിനുണ്ട്. എനിക്ക് ആ ആജ്ഞ പാലിച്ചേതീരൂ. പിതാവ് രാജാവു മാത്രമല്ല, ഈ ജീവിതത്തിലും അതിനുശേഷവും മാതാവിന്റെ ആഹ്ലാദത്തിന്റെ കാരണവുമത്രേ. മാതാവ് അദ്ദേഹത്തോടൊപ്പമാണ് എല്ലാ അവസ്ഥയിലും കഴിയേണ്ടത്, മകനോടൊപ്പമല്ല.
അങ്ങനെയുള്ള രാജാവ് മകനെ ഉപേക്ഷിക്കേണ്ടി വരുന്നത് സത്യത്തിനു വേണ്ടിയാണ്. അപ്പോള്‍ രാജ്ഞി എങ്ങനെയാണ് അദ്ദേഹത്തെ വിട്ട് വനത്തിലേക്കു പോവുക. ദേവീ, പതിന്നാലു വര്‍ഷം കഴിയുമ്പോള്‍, യയാതിരാജാവ് സത്യത്തിലൂടെ രണ്ടാമതൊരിക്കല്‍ സ്വര്‍ഗത്തിലേക്കു പോയതുപോലെ, ഞാന്‍ മടങ്ങിവരും. ഹ്രസ്വമായ ഈ ജീവിതത്തില്‍ നിസ്സാരമായ രാജ്യഭരണം കയ്യാളുവാനായി ധര്‍മത്തില്‍നിന്നും വ്യതിചലിക്കുവാന്‍ ഞാനൊരുക്കമല്ല. മാതാവിനെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ച രാമന്‍ തന്റെ വാക്കുകളിലൂടെ ലക്ഷ്മണന് ധര്‍മത്തിന്റെ വ്യാഖ്യാനമാണ് നല്‍കിയത്. രാമന്‍ വനയാത്രക്കൊരുങ്ങി മാതാവിനെ പ്രദക്ഷിണം ചെയ്തു.
ക്രോധം കൊണ്ടു ജ്വലിക്കുന്ന കണ്ണുകളുമായി നിന്ന ലക്ഷ്മണനെ സമീപിച്ച് രാമന്‍ ഉപദേശിച്ചു 'ഈ ക്രോധമെല്ലാം ഉപേക്ഷിക്കൂ. നമ്മുടെ പിതാവിനെ അദ്ദേഹത്തിന്റെ പ്രതിജ്ഞ നിറവേറ്റുവാനായി സഹായിക്കൂ. അതില്‍ ആഹ്ലാദം കണ്ടെത്തൂ. എന്റെ അഭിഷേകത്തിനായി കൊണ്ടുവന്നതെല്ലാം മടക്കി അയക്കൂ. നമ്മുടെ മാതാവായ കൈകേയിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുവാന്‍ പാടില്ല. എന്റെ യാത്രയ്ക്കു വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യൂ. ഞാന്‍ പോയിക്കഴിഞ്ഞാല്‍ കൈകേയിമാതാവ് ഭരതനെ അഭിഷേകം ചെയ്യും. ഞാന്‍ ദൈവനിശ്ചയത്തെ എതിര്‍ക്കുവാനില്ല.
'ദൈവനിശ്ചയമല്ലെങ്കില്‍ പിന്നെ എന്നെ വനത്തിലേക്കയക്കണമെന്ന തോന്നല്‍ മാതാവിന്റെ മനസ്സില്‍ എങ്ങനെയുണ്ടായി. വിധി വൈപരീത്യത്താല്‍ ഋഷികള്‍പോലും ധര്‍മത്തില്‍നിന്നും വ്യതിചലിക്കാറില്ലേ. എന്റെ വനയാത്രയ്ക്ക് പിതാവോ മാതാവോ കാരണക്കാരല്ല. വിധിയാണ് അവരെയെല്ലാം നിയന്ത്രിക്കുന്നത്. വിധിയുടെ നിയന്ത്രണശക്തി അപാരമത്രേ'.

മാതാവിന്റെ ദുഃഖം

മാതാവിന്റെ ദുഃഖം
കൗസല്യാദേവി പുത്രനെ ആലിംഗനം ചെയ്യുകയും മൂര്‍ദ്ധാവില്‍ ചുംബിക്കുകയും ചെയ്തു. പുത്രനോടുള്ള അമിതവാത്സല്യത്താല്‍ മാതാവ് രാമനെ ഇപ്രകാരം അനുഗ്രഹിച്ചു'സത്കര്‍മങ്ങളിലൂടെ നീ വംശത്തിലെ രാജര്‍ഷിമാരുടെ ആയുസ്സും കീര്‍ത്തിയും നേടൂ. നീ പിതാവിനെ പോയിക്കാണൂ. അദ്ദേഹം തന്റെ പ്രതിജ്ഞകള്‍ നിറവേറ്റുന്നവനത്രേ. ആ ധര്‍മാത്മാവ് നിന്നെ യുവരാജാവായി ഇന്നുതന്നെ അഭിഷേകം ചെയ്യുന്നുണ്ട്'.
പ്രഭാതഭക്ഷണത്തിനു ക്ഷണിക്കപ്പെട്ട രാമന്‍ ഇരിപ്പിടത്തില്‍ ഒന്നു തൊട്ടു, എന്നിട്ട് കൂപ്പിയ കൈപ്പത്തികള്‍ അല്‍പം വിടര്‍ത്തിക്കൊണ്ടു പറഞ്ഞു 'മാതാവേ, വലിയൊരു വിപത്ത് ഉടനേ നമുക്കുമേല്‍ പതിക്കുമെന്ന് മാതാവിനറിയില്ല. ഞാന്‍ പറയുവാന്‍ പോകുന്നത് സീതയ്ക്കും ലക്ഷ്മണനും കുറച്ചൊന്നുമല്ല ദുഃഖമുണ്ടാക്കുക. ഈ രത്‌നാലങ്കൃതമായ ഇരിപ്പിടം എനിക്കെന്തിനാണ്. കുശപ്പുല്ലിന്റെ പായയാണ് എനിക്കിണങ്ങുക. പതിനാലു വര്‍ഷം ഞാനേകനായി കിഴങ്ങുകളും പഴങ്ങളും ഭക്ഷിച്ചുകൊണ്ട് ദണ്ഡകാരണ്യത്തില്‍ വസിക്കും. മഹാരാജാവ് ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യുകയും എന്നെ ദണ്ഡകാരണ്യത്തിലേക്ക് അയക്കുകയുമാണ്. ഞാനവിടെ മരവുരി ധരിച്ചും കായ്കനികളും കിഴങ്ങുകളും കഴിച്ചും ഏകനായി കഴിയും'.
ഇതുകേട്ട കൗസല്യാദേവി വെട്ടിയിട്ട വൃക്ഷത്തെപ്പോലെ താഴെവീണു. രാമന്‍ മാതാവിനെ പിടിച്ചെഴുനേല്‍പ്പിക്കയും വസ്ത്രത്തിലെ പൊടിയുംമറ്റും തന്റെ കൈകൊണ്ട് തുടക്കുകയും ചെയ്തു. കൗസല്യാദേവി പറഞ്ഞു ഞാന്‍ പുത്രഹീനയായിരുന്നുവെങ്കില്‍ ഞാനിന്നനുഭവിക്കുന്ന ദുഃഖം അനുഭവിക്കേണ്ടി വരുമായിരുന്നില്ല. എന്റെ ഭര്‍ത്താവില്‍ നിന്നും ഞാന്‍ ഭാഗ്യമോ സന്തോഷമോ ഇന്നേവരെയനുഭവിച്ചിട്ടില്ല. എന്റെ പുത്രന്‍ അധികാരത്തിലെത്തുമ്പോള്‍ ഇതു രണ്ടും എനിക്കു ലഭിക്കും എന്നു ഞാന്‍ മോഹിച്ചു. ഞാന്‍ പട്ടമഹിഷിയാണെങ്കിലും എനിക്ക് ഇളയവരായ സപത്‌നിമാരില്‍നിന്നും നിന്ദയും ഭര്‍ത്സനവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ സ്ത്രീകളുടെ ദൗര്‍ഭാഗ്യം എന്നല്ലാതെയെന്തു പറയാന്‍. എനിക്കു ലഭിക്കുന്ന പരിഗണന കൈകേയിയുടെ ദാസിമാര്‍ക്കു ലഭിക്കുന്നതിനും താഴെയാണത്രേ. ഇനി ഭരതന്റെ കാലത്ത് ആരും എന്നോട് ദുര്‍മുഖമല്ലാതെ ഒന്നും കാട്ടില്ല'.
ഇത്രയേറെ ഉപവാസങ്ങളും ഭജനവും കൊണ്ട് നിന്നെ വളര്‍ത്തിയത് വ്യര്‍ത്ഥമായി. എന്റെ ദൗര്‍ഭാഗ്യം അല്ലാതെന്ത്? മരണത്തിനും എന്നെ വേണ്ടാതെയായി. നിന്നെപ്പിരിഞ്ഞുള്ള ജീവിതം എനിക്ക് അര്‍ത്ഥശൂന്യമാണ്. അതുകൊണ്ട്, വളരെ ദുര്‍ബ്ബലയാണെങ്കിലും, കിടാവിനെ പിരിയാതെ പിന്നാലെ പോകുന്ന ഗോവിനെപ്പോലെ ഞാന്‍ നിന്നോടൊപ്പം വനത്തിലേക്കു വരുന്നു. രാമന്റെ സ്ഥിതിയോര്‍ത്ത് മാതാവ് വിലപിച്ചുകൊണ്ടേയിരുന്നു.
കൗസല്യാദേവിയോട് ലക്ഷ്മണന്‍ തന്റെ മനസ്സ് തുറന്നു 'സിംഹാസനം ഉപേക്ഷിച്ചു രാമന്‍ വനത്തില്‍ പോകുന്നതിനോട് എനിക്കു യോജിപ്പില്ല. ഒരു സ്ത്രീയുടെ വാക്കു കേട്ട് സ്ത്രീജിതനായ രാജാവ് എന്തുതന്നെ ചെയ്കയില്ല. രാമന്റെ അസാന്നിദ്ധ്യത്തില്‍ പോലും രാമന്റെ ശത്രുവാണെങ്കില്‍ പോലും ആരും രാമനെ വനത്തിലേക്കു നിഷ്‌കാസനം ചെയ്യുന്നതിനോടു യോജിക്കയില്ല'.

കെണിയില്‍പ്പെട്ട മാന്‍


കെണിയില്‍പ്പെട്ട മാന്‍

കൈകേയിയുടെ വാക്കുകളാല്‍ പ്രലോഭിതനായ ദശരഥന്‍ കെണിയില്‍പ്പെട്ട മാനിനെപ്പോലെ തന്റെ നാശത്തിലേക്ക് വഴുതിവീഴുകയാണുണ്ടായത്. തന്നോടുള്ള സ്‌നഹത്തിന്റെ മതിഭ്രമത്താല്‍ ആവശ്യപ്പെടുന്നതെന്തും നല്‍കുവാന്‍ സന്നദ്ധനായ രാജാവിനോട് കൈകേയി പറഞ്ഞു, 'അങ്ങ് വാഗ്ദാനം ചെയ്ത രണ്ടു വരങ്ങളും നിശ്ചയമായും നല്‍കിയിരിക്കണം. അവയെന്താണെന്ന് ഞാനിപ്പോള്‍ വ്യക്തമാക്കാം. എന്റെ അപേക്ഷയെ ശ്രദ്ധിച്ചാലും:'രാമനെ അഭിഷേകം ചെയ്യുവാന്‍ നടത്തിയ തയാറെടുപ്പുകള്‍ ഉപയോഗിച്ച് എന്റെ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണം. എന്റെ രണ്ടാമത്തെ വരവും നല്‍കുവാന്‍ സമയമായിരിക്കുന്നു. മരവുരിയും മാന്‍തോലും ധരിച്ച് ദൃഢചിത്തനായ രാമന്‍ ദണ്ഡകവനത്തില്‍ ഒരു തപസ്വിയായി പതിനാലു കൊല്ലം കഴിയേണം. ഭരതന്‍ എതിര്‍പ്പില്ലാതെ തന്റെ പദവി ഉടനെ ഉറപ്പാക്കട്ടെ. ഇതാണെന്റെ ഏറ്റവും വലിയ മോഹം. രാമന്‍ ഇന്നുതന്നെ വനത്തിലേക്കു പോകുന്നത് എനിക്കു കാണണം. രാജാധിരാജനായ അങ്ങ് സ്വന്തം വാഗ്ദാനത്തെ നിറവേറ്റി വംശത്തേയും ധര്‍മ്മത്തേയും രക്ഷിക്കൂ'.
കൈകേയിയുടെ വാക്കുകള്‍ കേട്ട രാജാവ് തകര്‍ന്നുപോയി. ഈ കേട്ടത് ഒരു ദിവാസ്വപ്‌നമോ തന്റെ മനസ്സിന്റെ വിഭ്രാന്തിയോ എന്നും മറ്റും രാജാവ് ചിന്തിക്കുകയുണ്ടായി. എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തതയില്ലാതെ ശിഥില ചിന്തകളാല്‍ അദ്ദേഹം ബോധരഹിതനാവുകയും ചെയ്തു. ബോധം തിരികെ വന്നപ്പോള്‍ സിംഹിയുടെ മുന്നിലകപ്പെട്ട മാനിനേപ്പോലെ ദുഃഖിതനും വ്യഥിതനുമായ രാജാവ് തറയിലിരുന്ന് മാന്ത്രികശക്തിയാല്‍ മയക്കപ്പെട്ട സര്‍പ്പത്തെപ്പോലെ ദീര്‍ഘനിശ്വാസങ്ങള്‍ വിടുവാന്‍ തുടങ്ങി.'കഷ്ടം' എന്നു പറഞ്ഞ് ദുഃഖം ഘനീഭവിച്ച മനസ്സോടെ അദ്ദേഹം വീണ്ടും ബോധരഹിതനായി. ബോധം തിരികെക്കിട്ടിയപ്പോള്‍ ദുഃഖത്താലും ക്രോധത്താലും തന്റെ തേജസ്സുകൊണ്ട് കൈകേയിയെ ദഹിപ്പിക്കുമാറ് ഇപ്രകാരം പറയുകയുണ്ടായി.