പേജുകള്‍‌

2020, ജൂലൈ 15, ബുധനാഴ്‌ച

2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച സോമയാഗം എന്ന യജ്ഞം







2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച




സോമയാഗം എന്ന യജ്ഞം

2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച




സോമയാഗം എന്ന യജ്ഞം
തനിയ്ക്കു വേണ്ടിയല്ലാതെ, ലോകനന്മക്കു വേണ്ടി, പ്രകൃതിക്ക് വേണ്ടി, സർവ്വ ചരാചരങ്ങൾക്കും വേണ്ടി ആത്മസമർപ്പണത്തോടെ നടത്തുന്ന കർമ്മങ്ങളാണ് യജ്ഞനങ്ങൾ.......

വൈദിക യജ്ഞനങ്ങൾ, താന്ത്രിക യജ്ഞങ്ങൾ, ഭാഗവത യജ്ഞനങ്ങൾ എന്നിവ നാം കേട്ടിരിക്കുന്നു. വൈദിക കാലഘട്ടമെന്നോ, വേദങ്ങൾ പിന്തുടർന്നിരുന്ന ഋഷി ശ്രേഷ്ഠൻമാർ ജീവിച്ചിരുന്ന കാലഘട്ടമെന്നോ പറയാവുന്ന യുഗങ്ങളിൽ ചെയ്യപെട്ടിരുന്ന ക്രിയകൾ വൈദിക യജ്ഞനങ്ങൾ എന്നറിയപെടുന്നു. ഭാരതം ലോകത്തിനായ് നല്കിയ ശ്രേഷ്ഠ സംഭാവനകളത്രേ ഈ കർമ്മങ്ങൾ.......

വ്യാസമഹർഷിയാൽ വ്യസിക്കപെട്ട വേദങ്ങൾ എന്ന സംഹിത - ഋഗ്, യജൂർ, സാമം, അഥർവ്വം എന്നീ വേദങ്ങൾ - ഗദ്യ, പദ്യ, ഗാന രൂപങ്ങളിൽ ക്രോഡീകരിക്കപ്പെട്ട ഇവ വേദത്രയം എന്നും അറിയപെടുന്നു. വേദ വിധി പ്രകാരം ആത്മ സമർപ്പണത്തോടു കൂടി ചെയ്യുന്ന യജ്ഞനങ്ങളാണ് യാഗങ്ങൾ..........

സോമരസം പ്രധാന ആഹൂതിയാകുന്ന യാഗങ്ങൾ സോമയാഗം എന്നറിയപെടുന്നു. സോമലത എന്ന സസ്യം ഇടിച്ചു പിഴിഞ്ഞെടുക്കുന്ന നീരാണ് സോമരസം. ആയുർവേദ പ്രകാരവും, ശാസ്ത്രീയമായും ഒരു പാട് ഔഷധ ഗുണങ്ങളുള്ള അപൂർവ്വ ഇനം സസ്യമാണ് സോമലത. ജരാനരകൾ അകറ്റി ദീർഘായുസ്സ് പ്രധാനം ചെയ്ത അമൃതിന്റെ പ്രധാന ഔഷധ കൂട്ടും സോമലത തന്നെ.....

















ഏഴുതരം സോമയാഗങ്ങൾ ക്രോഡീകരിച്ചതിൽ രണ്ടുതരമാണ് കേരളത്തിൽ നടത്താറുള്ളത്. ഇവയാണ് അഗ്നിഷ്ടോമവും, അതിരാത്രവും. ഇതിൽ അഗ്നിഷ്ടോമ സോമയാഗമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെരുമുടിയൂരിൽ നടന്നത്. പെരുമയുള്ള ഊരായ്, പുണ്യ ഭൂമിയായ് തീരാൻ പെരുമുടിയൂരിന്റെ ദൈവഹിതം.....
















ഏപ്രിൽ 6 മുതൽ 15 കൂടി 10 ദിവസങ്ങളിലായി പെരുമുടിയൂർ ശിവക്ഷേത്രത്തിന സമീപം വയൽ പരപ്പിലായിരുന്നു ഈ മഹായജ്ഞനത്തിന്റെ യാഗശാല.  ധാരണയായി 6 ദിവസങ്ങളിലായാണ് അഗ്നിഷ്ടോമ സോമയാഗം യാഗശാലയിൽ നടക്കുന്നത്. നാലു ദിവസങ്ങളിലെ ചടങ്ങുകൾ വൈദിക ഗ്രഹങ്ങളിലോ, സൗകര്യമുള്ള ക്ഷേത്രങ്ങളിലോ ആയാണ് ചെയ്യാറുള്ളത്. എന്നാൽ പെരുമുടിയൂരിൽ ഈ 4 ദിവസങ്ങളിലെ ചടങ്ങുകളും യാഗശാലയിൽ മുഴുവൻ ജനങ്ങൾക്കും ദർശിക്കാവുന്ന വിധത്തിൽ നടത്തുകയായിരുന്നു.....



























ലോകനന്മയ്ക്കായ് ഈ യജ്ഞന ക്രിയകൾ ചെയ്യുന്ന വൈദിക ശ്രേഷ്ഠൻ യജമാനൻ എന്നറിയപ്പെടുന്നു. പത്നീ സമേതനായാണ് യജമാനൻ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്. അർദ്ധനാരീശ്വര സങ്കല്പത്തിന്റെ ഉദാത്ത പൂർത്തീകരണം കൂടിയാകുന്നു യജമാന പത്നി. തന മന - ശരീര, ആത്മ സമർപ്പണത്തിന്റെ പൂർണതയാണ് യജമാനന്റെ യാഗശാലയിലുള്ള ദിനങ്ങളും, ക്രിയകളും........



ആദ്യ മൂന്നു ദിനങ്ങൾ നിയുക്ത യജമാനനേയും, പത്നിയേയും ശുദ്ധീകരിച്ച്, ഇഹ പരത്തിലുള്ള സകല പാപങ്ങളിൽ നിന്നും മുക്തി നേടി ഹോമ ക്രിയകൾക്ക് കാർമ്മികത്വം വഹിക്കാൻ യോഗ്യനാക്കുന്ന ക്രിയകളാണ്. ബൗദ്ധാനീയ സ്താനത്തിനു ശേഷം യജമാനൻ പത്നീ സമേതം യാഗശലയിൽ പ്രവേർശിച്ച് ഹോമ ക്രിയകൾ ആരംഭിക്കുന്നു. യജൂർവേദ പ്രകാരമുള്ള ഈ ക്രിയകൾ കുശ്മാണ്ഡി ഹോമം എന്നാണ് അറിയപെടുന്നത്. വേദ വിധി അനുസരിച്ച് ഇതത്രേ സകല പാവനാശനത്തിനുള്ള അവസാന കർമ്മങ്ങൾ. ആദ്യ മൂന്നു ദിനങ്ങളിലും നടക്കുന്ന ഈ കുശ്മാണ്ഡി ഹോമത്തിനു സാക്ഷികളാകുന്നതും, ആ വേദമന്ത്രങ്ങൾ ശ്രവിക്കാൻ സാധിക്കുന്നതും ഏവർക്കും പുണ്യമത്രേ, മോക്ഷദായകമത്രേ....

യജമാനോടൊപ്പം യാഗ കർമ്മങ്ങളിൽ പങ്കെടുക്കുന്ന, നാല് വേദങ്ങളെയും പ്രതിനിധീകരിക്കുന്ന വേദജ്ഞാനികളായ വൈദികർ ഋതിക്കുകൾ എന്ന് അറിയപ്പെടുന്നു. 17 ഋതിക്കുകളാണ് സോമയാഗങ്ങളിൽ ഉണ്ടാവുക. ആചാര്യൻ അതാതു സമയങ്ങളിൽ യജമാനനും, ഋതിക്കുകൾക്കും വേണ്ട നിർദ്ദേശങ്ങൾ നല്കി യജ്ഞന പൂർത്തീകരണം വരെ യാഗശാലയിൽ സന്നിഹിതനായിരിക്കും. നാലാം ദിവസത്തെ ക്രിയകൾക്ക് യജമാനനോടൊപ്പം പ്രധാന 4 ഋതിക്കുകളും പങ്കുചേരുന്നു. യജുർവേദം - 'അധ്യരു', ഋഗ്വേദം - 'ഹോതൻ', സാമവേദം - 'ഉദ്ഗാതൻ', അഥർവ്വവേദം - 'ബ്രഹ്മൻ' തുടങ്ങിയവർ. പിന്നീട് ഓരോ വേദങ്ങൾക്കും മുമൂന്ന് ഋതിക്കുകൾ കൂടിയാകുമ്പോൾ അവരുടെ സഖ്യ 16 ആകുന്നു. ക്രിയകൾക്ക് ഈ 16 ഋതിക്കുകളേയും അഥവാ ചതുർവേദങ്ങളെയും കോർഡിനേറ്റ് ചെയ്യുന്ന വൈദികനാണ് 'സദസ്യൻ' എന്ന പതിനേഴാമത്തെ ഋതിക്ക്.....

വേദമന്ത്രങ്ങൾ ഉരുക്കഴിച്ച് തന്നിൽ അർപ്പിതമായ ക്രിയകൾ അതാതു വേളകളിൽ അനുഷ്ഠിക്കേണ്ട ഋതിക്കുകൾ യാഗാരംഭത്തിൽ തന്നെ ഒന്നിച്ചു ചേർന്ന് പ്രത്രിജ്ഞ എടുക്കുന്നു - യാതൊരു വിധ വികാരങ്ങൾക്കും അടിമപ്പെടാതെ, വിദ്വേഷമോ, അഹം ഭാവമോ ഇല്ലാതെ യാഗാവസാനം ഒത്തൊരുമിച്ച് മഹായജ്ഞനം പൂർത്തികരിക്കും എന്ന ശപഥം. യജമാനൻ യഥാവിധി ഋതിക്കുകളെ വരിക്കുന്നതോടുകൂടി അവർ വല്ലാവിധ പുലായ്മ, മററു മനുഷ്യർ അനുഷ്ഠിക്കുന്ന കർമ്മങ്ങൾ എന്നിവയ്ക്കെല്ലാം അതീതനാകുന്നു...............

യാഗശാലയും, ഹോമകുണ്ഡങ്ങളും ശുദ്ധീകരിച്ച് അഗ്നിയെ ആവാഹിക്കുന്ന ചടങ്ങാണ് തുടർന്ന്. അഗ്നി മഥനം എന്നറിയപെടുന്ന ഈ ക്രിയ അരണി കടഞ്ഞാണ് അഗ്നി ഉദ്പാദി പ്പിക്കുന്നത്. പേരാലിന്റെ തടികൊണ്ട് ഉണ്ടാക്കുന്ന രണ്ട് ഭാഗങ്ങളായുള്ള മര കഷ്ണങ്ങൾ - ഇത് കടഞ്ഞ് അഗ്നി ഉദ്പാദിപ്പിക്കുന്നു. ഇത് എത്ര സമയം എടുക്കും എന്നത് പറയാൻ സാധിക്കാത്തതാണ്. 3 മണിക്കൂറിൽ അധികം മുൻ ചില യാഗങ്ങളിൽ അരണി വലിച്ചത് ശ്രീമാൻ കുട്ടൻ തിരുമേനി ഇവിടെ സാക്ഷ്യപെടുത്തുകയുണ്ടായി. എന്നാൽ പുണ്യ പെരുമുടിയൂരിൽ ഏകദേശം 20 മിനിട്ടുകൾക്കകം അഗ്നിദേവൻ പ്രത്യക്ഷ പെടുകയുണ്ടായി. പഞ്ചാക്ഷരി മന്ത്രധ്വനികളോടും, ഹര ഹര മഹാദേവ ഗർജ്ജനത്തോടെയും പതിനായിരങ്ങൾ അഗ്നിദേവനെ കണ്ടു വണങ്ങി. ഈ തേത്രാഗ്നിയെ ഹോമകുണ്ഡങ്ങളിലേക്ക് പകർന്ന് വേദമന്ത്രങ്ങളോടെ അഗ്നിഹോത്രം ആരംഭിക്കുന്നു....






































അഞ്ചാം ദിനം അഥവാ സോമയാഗത്തിന്റെ ആദ്യ ദിനം, മൂന്ന് ഇഷ്ഠികൾക്ക് ശേഷം ഒരിക്കൽ കൂടി അരണികടഞ്ഞ് സോമയാഗത്തിനുള്ള അഗ്നിയെ സൃഷ്ടിക്കുന്നു. വളരെ പെട്ടെന്നു തന്നെ ഏകദേശം 15 മിനിട്ടുകൾക്കകം അഗ്നി പ്രത്യക്ഷപെടുകയുണ്ടായീ. പ്രധാന ശാലയിലെ ഹോമകുണ്ഡങ്ങളിൽ അഗ്നി പകരുന്നു - സോമയാഗാരംഭം....

തുടർന്ന് യജമാനനെ യഥാവിധികളോടെ, അഭിഷേകം ചെയ്ത് യജമാന പ്രഖ്യാപനം - മൂന്നു തലമുറ മുകളലേക്ക് പേരു ചൊല്ലി യജമാനൻ യാഗം നടത്തുന്നു എന്ന് ഉദ്ഘോഷിക്കുന്നു. മുഷ്ടി ചുരുട്ടി, ക്യഷ്ണമൃഗത്തിന്റെ തോൽ ധരിച്ച്, പ്രത്രേക തലപ്പാവുമായി യജമാനൻ ദീക്ഷ സ്വീകരിക്കുന്നു. തന മന സമർപ്പണം - ആത്മസമർപ്പണത്തിനൊപ്പം ശരീര സമർപ്പണം - സ്വയം അഗ്നിക്ക് സമർപ്പിച്ച് അഗ്നിയെ തന്നിലേക്ക് ആവാഹിക്കുന്നു....

തുടർന്ന് അധ്യരു യജമാനനെ ദീക്ഷയുടെ നിയമാവലി പറഞ്ഞു കേൾപ്പിക്കുന്നു - സംസാരിക്കാൻ പാടില്ല, ചിരിച്ചുകൂടാ, മുഷ്ഠി ചുരുട്ടി വയ്ക്കണം, ചൊറിയാനോ കൈവിരൽ നിവർത്താനോ സാധ്യമല്ല, ഭക്ഷണം പേരിനു മാത്രം അതും നിശ്ചിത അളവിൽ പാല്മാത്രം തിളപ്പിച്ച് വായിലേക്ക് ഒഴിച്ചു കൊടുക്കും, ഉറക്കമില്ല, കുളിയോ മറ്റു ന്യത്യകർമ്മങ്ങളോ സാധ്യമല്ല തുടങ്ങി കഠിനമായ വ്രതം എട്ടാം നാൾ അർദ്ധരാത്രി വരെ തുടരുന്നു.....



ആറാം ദിനം സോമലത യാഗശാലയിലേക്ക് ആനയിക്കപ്പെടുന്നു. യാഗശാലയിലെ രാജാവ് ആയാണ് സോമലതയെ കണക്കാക്കുന്നത്. ഒരു രാജാവിനു ലഭിക്കുന്ന എല്ലാ ആദരവുകളോടും കൂടി, സോമലതയുടെ സാനിധ്യത്തിലാണ് തുടർന്നുള്ള ക്രിയകൾ. തുടർന്ന് യൂപ സ്ഥാപനം, അരിമാവുകൊണ്ടുണ്ടാക്കിയ മൃഗ സങ്കല്പത്തെ ബലി നൽകൽ തുടങ്ങിയ ചടങ്ങുകൾ. അതിനു ശേഷം യാഗശാലയിൽ പ്രവർഗ്യം എന്ന ക്രിയയാണ് മൺപാത്രത്തിൽ വലിയ ഊഷ്മാവിൽ തിളക്കുന്ന നെയ്യിലേക്ക് ഏതാനും തുള്ളി പാല് (പശുവിൻപാലും, ആട്ടിൻപാലും മിശ്രിതം) ഹവിസ്സായി അർപ്പിക്കുമ്പോൾ ഉയർന്നു പൊങ്ങുന്ന അഗ്നിഗോളം മനസ്സും, ശരീരവും, യാഗശാലയും എല്ലാം ശുദ്ധീകരിക്കുന്നു. ഒന്നും, മുന്നും പ്രവർഗ്യം അധ്യരുവും, രണ്ടാം പ്രവർഗ്യം പ്രതിപ്രസ്ഥാതനും ഹവിസ്സർപ്പിക്കുന്നു......















ഏഴും, എട്ടും ദിനങ്ങളിൽ യാഗശാലയിൽ പ്രവർഗ്യങ്ങളും, സോമാഹുതിക്ക് തയ്യാറെടുക്കുന്നതിനുള്ള മറ്റു ക്രിയകളും നടക്കുന്നു. പ്രകൃതിയോട് ഇണങ്ങിയാണ് ഓരോ ക്രിയകളും - മണ്ണിലും, പുല്ലിലും തീർത്ത യാഗശാല യിൽ മൺ നിർമ്മിതമായ ഹോമകുണ്ഡങ്ങൾ, ജലവും, നെയ്യും, പാലും, ധാന്യങ്ങളും, ദർഭയും, നാനാവിധ ഔഷധ കൂട്ടുകളും ഹവിസ്സാകുന്നു, യാഗത്തിനായ്, ഹോമത്തിനായ് ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും മണ്ണു കൊണ്ടോ, മരം കൊണ്ടോ നിർമ്മിച്ചയവയാകുന്നു. വേദമന്ത്രങ്ങൾ അന്തരീക്ഷത്തിൽ തരംഗങ്ങൾ സ്യഷ്ടിക്കുമ്പോൾ അത് സകല ജീവജാലങ്ങൾക്കും മനസ്സിനും, ശരീരത്തിനും വലിയ ഊർജ്ജം പ്രധാനം ചെയ്യുന്നു. ഹോമകുണ്ഡത്തിൽ നിന്നും ഉയരുന്ന സുഗന്ധം, ഔഷധ ഗുണമുള്ളകാറ്റ്‌, ആ അന്തരീക്ഷം ഇവ അനുഭവിക്കുക തന്നെ വേണം.......






എട്ടാംനാൾ അർദ്ധരാത്രിയോടു കൂടി യജമാനൻ ദീക്ഷ അവസാനിപ്പിച്ച് സോമാഹുതി ചെയ്യുന്നതിന് പ്രാപ്തനാകുന്നു. അന്ന് പുലർച്ചെ തുടങ്ങിയ ക്രിയകൾ രാത്രി 11:30 കൂടി അവസാനിക്കുന്നു. ഏകദേശം 2 - 3 മണിക്കൂർ ഇടവേളക്കു ശേഷം ഒൻപതാം നാളത്തെ ക്രിയകൾ പുലർച്ചെ 2 മണിയോടു കൂടി ആരംഭിക്കുന്നു. തുടർന്ന് തുടർച്ചയായ ക്രിയകളാണ് ഇത് യാഗാവസാനം വരെ ഇടവേളകൾ ഇല്ലാതെ തുടരുന്നു.









സോമയാഗത്തിന്റെ പ്രധാന ഹവിസ്സായ സോമരസം ഉദ്പാദിപ്പിക്കുന്ന ചടങ്ങുകളാണ് ഒൻപതാം നാൾ തുടക്കത്തിൽ. വേദമന്ത്രധ്വനികളുടെ പശ്ചാത്തലത്തിൽ ഋതിക്കുകൾ സോമലത ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുന്നു. ഈ സോമരസ ആഹൂതിയാണ് ഒൻപത്, പത്ത് ദിവസങ്ങളിലെ പ്രധാന ക്രിയകൾ....


ഒൻപതാം നാൾ ഉദയത്തോടെ ആദ്യ സോമാഹുതി നടക്കുന്നു. പഞ്ചഭൂതങ്ങളും, ദേവഗണങ്ങളും, സർവ്വേശ്വരൻ മാരും യാഗശാലയിൽ സാനിധ്യമാകുന്നു. ഒരു നരജന്മത്തിന്റെ അത്യ അപൂർവ്വമായ അനുഭവം, പഞ്ചേന്ദ്രിയങ്ങളും ശുദ്ധമാകുന്ന നിമിഷങ്ങൾ. യജുർവേദ മന്ത്രങ്ങൾ കൂടുതൽ ഉരുക്കഴിച്ച മുൻദിനങ്ങൾ, സോമാഹുതിക്ക് ശേഷം ഋഗ്വേദ മന്ത്രങ്ങൾ യാഗശാലയിൽ ഉയരുന്നു. ഈ ദിനത്തോടെ യജമാനൻ സോമയാജിപ്പാട് എന്ന സ്ഥാനത്തിന് അർഹനാകുന്നു. തുടർച്ചയായി രാത്രിയിലും യാഗശാല പല വിധ ക്രിയകളാലും, ആഹൂതി കളാലാലും, അഗ്നിഹോത്രത്താലും, വേദോച്ചാരണത്താലും മുഖരിതമാകുന്നു......




പത്താം നാൾ ഏകദേശം ഉച്ചയ്ക്കുശേഷം 3 മണിയോടു കൂടി ക്രിയകൾ അവസാനിക്കുന്നു. യജമാനനും, ഋതിക്കുകളും സ്താനത്തിനായി തിരിക്കുന്നു. ഹോമവസ്തുക്കൾ ജലാശയത്തിൽ ഒഴുക്കി, കുളികഴിഞ്ഞ്, പുതുവസ്ത്രങ്ങൾ ധരിക്കുന്നു. യജമാനനും മറ്റ് ഋതിക്കുകളും ദക്ഷിണ വാങ്ങി സകലരേയും അനുഗ്രഹിക്കുന്നു. യാഗാരംഭത്തിൽ ശപഥം ചെയ്ത ഋതിക്കുകളിൽ ഏറിയ പങ്കും യജ്ഞനം അവസാനിപ്പിച്ച് പിരിയുന്നു. തുടർന്ന് യാഗപരിസമാപ്തിയിലേക്ക്......

തേത്രാഗ്നിയെ തിരിച്ച് അരണിയിലേക്ക് ആവാഹിക്കുന്നു. തുടർന്ന് തേത്രാഗ്നിയെ കാട്ടുതീയ്യാക്കുന്ന ചടങ്ങുകൾ യാഗശാലയുടെ ഉത്തര വേദിയിൽ തുടങ്ങുന്നു. പത്ത് ദിനരാത്രങ്ങളിലായി സർവ്വതും ഏറ്റുവാങ്ങി, എല്ലാം ശുദ്ധീകരിച്ച അഗ്നിയെ സംഹാര ഭാവത്തോടെ കാട്ടുതീയായി പരിണമിപ്പിക്കുന്നു ദർഭ പുല്ലിൽ ആളി കത്തുന്ന അഗ്നിയിലേക്ക് അരിപ്പൊടി അർപ്പിക്കുന്നു. തുടർന്ന് യൂപത്തെ ഈ തീയിലേക്ക് തള്ളിയിടുന്നു......



















യാഗം അവസാനിപ്പിച്ച് യജമാനൻ പത്നീ സമേതം തിരിച്ച് ആവാഹിച്ച തേത്രാഗ്നിയുമായി തന്റെ ഭവനത്തിലേക്ക് മടങ്ങുന്നു. തുടർന്ന് യജ്ഞനം സമാപിച്ച യാഗശാല അഗ്നിക്ക് ഹവിസ്സായി അർപ്പിക്കുന്നു. ഏകദേശം 8 മണിയോടു കൂടി ഭക്തലക്ഷങ്ങളുടെ ഹര ഹര മഹാദേവ, ശംഭോ മഹാദേവ നാമ സ്തുതികളോടെ യാഗശാല അഗ്നിദേവൻ ഭക്ഷിക്കുന്നു. എല്ലാം അഗ്നിക്ക് അർപ്പിച്ച ഒരു മഹായജ്ഞനത്തിന്റെ പര്യവസാനം.....


യജമാനൻ സോമയാജിപ്പാടായും, യജമാന പത്നി പത്തനാടിയായും, തേത്രാഗ്നിയുടെ സംരക്ഷകരായി മാറുന്നു. അരണിയിൽ ആവാഹിക്കപ്പെട്ട തേത്രാഗ്നിയെ സ്വഭവനത്തിന്റെ വടക്കിണിയിൽ തീർക്കുന്ന ഹോമകുണ്ഡത്തിലേക്ക് പ്രവേശിപ്പിക്കുന്നു. ആയുഷ്കാലം മുഴുവൻ എല്ലാ ദിനവും, ഇഷ്ടികഴിച്ച് ഈ അഗ്നിക്ക് ഹോമാഹുതി അർപ്പിക്കുന്നു. ജീവിതാവസാനം വരെയുള്ള ഈ ഉപാസന രണ്ടിൽ ഒരാളുടെ ചിതാഗ്നിയായി തീരുന്നു.


















രാംജി പെരുമുടിയൂർ

°°°°°°°°°°°°°°°°°°°°°°°°°°°
കടപ്പാട്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ