പേജുകള്‍‌

2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച

മാതാവിന്റെ ദുഃഖം

മാതാവിന്റെ ദുഃഖം
കൗസല്യാദേവി പുത്രനെ ആലിംഗനം ചെയ്യുകയും മൂര്‍ദ്ധാവില്‍ ചുംബിക്കുകയും ചെയ്തു. പുത്രനോടുള്ള അമിതവാത്സല്യത്താല്‍ മാതാവ് രാമനെ ഇപ്രകാരം അനുഗ്രഹിച്ചു'സത്കര്‍മങ്ങളിലൂടെ നീ വംശത്തിലെ രാജര്‍ഷിമാരുടെ ആയുസ്സും കീര്‍ത്തിയും നേടൂ. നീ പിതാവിനെ പോയിക്കാണൂ. അദ്ദേഹം തന്റെ പ്രതിജ്ഞകള്‍ നിറവേറ്റുന്നവനത്രേ. ആ ധര്‍മാത്മാവ് നിന്നെ യുവരാജാവായി ഇന്നുതന്നെ അഭിഷേകം ചെയ്യുന്നുണ്ട്'.
പ്രഭാതഭക്ഷണത്തിനു ക്ഷണിക്കപ്പെട്ട രാമന്‍ ഇരിപ്പിടത്തില്‍ ഒന്നു തൊട്ടു, എന്നിട്ട് കൂപ്പിയ കൈപ്പത്തികള്‍ അല്‍പം വിടര്‍ത്തിക്കൊണ്ടു പറഞ്ഞു 'മാതാവേ, വലിയൊരു വിപത്ത് ഉടനേ നമുക്കുമേല്‍ പതിക്കുമെന്ന് മാതാവിനറിയില്ല. ഞാന്‍ പറയുവാന്‍ പോകുന്നത് സീതയ്ക്കും ലക്ഷ്മണനും കുറച്ചൊന്നുമല്ല ദുഃഖമുണ്ടാക്കുക. ഈ രത്‌നാലങ്കൃതമായ ഇരിപ്പിടം എനിക്കെന്തിനാണ്. കുശപ്പുല്ലിന്റെ പായയാണ് എനിക്കിണങ്ങുക. പതിനാലു വര്‍ഷം ഞാനേകനായി കിഴങ്ങുകളും പഴങ്ങളും ഭക്ഷിച്ചുകൊണ്ട് ദണ്ഡകാരണ്യത്തില്‍ വസിക്കും. മഹാരാജാവ് ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യുകയും എന്നെ ദണ്ഡകാരണ്യത്തിലേക്ക് അയക്കുകയുമാണ്. ഞാനവിടെ മരവുരി ധരിച്ചും കായ്കനികളും കിഴങ്ങുകളും കഴിച്ചും ഏകനായി കഴിയും'.
ഇതുകേട്ട കൗസല്യാദേവി വെട്ടിയിട്ട വൃക്ഷത്തെപ്പോലെ താഴെവീണു. രാമന്‍ മാതാവിനെ പിടിച്ചെഴുനേല്‍പ്പിക്കയും വസ്ത്രത്തിലെ പൊടിയുംമറ്റും തന്റെ കൈകൊണ്ട് തുടക്കുകയും ചെയ്തു. കൗസല്യാദേവി പറഞ്ഞു ഞാന്‍ പുത്രഹീനയായിരുന്നുവെങ്കില്‍ ഞാനിന്നനുഭവിക്കുന്ന ദുഃഖം അനുഭവിക്കേണ്ടി വരുമായിരുന്നില്ല. എന്റെ ഭര്‍ത്താവില്‍ നിന്നും ഞാന്‍ ഭാഗ്യമോ സന്തോഷമോ ഇന്നേവരെയനുഭവിച്ചിട്ടില്ല. എന്റെ പുത്രന്‍ അധികാരത്തിലെത്തുമ്പോള്‍ ഇതു രണ്ടും എനിക്കു ലഭിക്കും എന്നു ഞാന്‍ മോഹിച്ചു. ഞാന്‍ പട്ടമഹിഷിയാണെങ്കിലും എനിക്ക് ഇളയവരായ സപത്‌നിമാരില്‍നിന്നും നിന്ദയും ഭര്‍ത്സനവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ സ്ത്രീകളുടെ ദൗര്‍ഭാഗ്യം എന്നല്ലാതെയെന്തു പറയാന്‍. എനിക്കു ലഭിക്കുന്ന പരിഗണന കൈകേയിയുടെ ദാസിമാര്‍ക്കു ലഭിക്കുന്നതിനും താഴെയാണത്രേ. ഇനി ഭരതന്റെ കാലത്ത് ആരും എന്നോട് ദുര്‍മുഖമല്ലാതെ ഒന്നും കാട്ടില്ല'.
ഇത്രയേറെ ഉപവാസങ്ങളും ഭജനവും കൊണ്ട് നിന്നെ വളര്‍ത്തിയത് വ്യര്‍ത്ഥമായി. എന്റെ ദൗര്‍ഭാഗ്യം അല്ലാതെന്ത്? മരണത്തിനും എന്നെ വേണ്ടാതെയായി. നിന്നെപ്പിരിഞ്ഞുള്ള ജീവിതം എനിക്ക് അര്‍ത്ഥശൂന്യമാണ്. അതുകൊണ്ട്, വളരെ ദുര്‍ബ്ബലയാണെങ്കിലും, കിടാവിനെ പിരിയാതെ പിന്നാലെ പോകുന്ന ഗോവിനെപ്പോലെ ഞാന്‍ നിന്നോടൊപ്പം വനത്തിലേക്കു വരുന്നു. രാമന്റെ സ്ഥിതിയോര്‍ത്ത് മാതാവ് വിലപിച്ചുകൊണ്ടേയിരുന്നു.
കൗസല്യാദേവിയോട് ലക്ഷ്മണന്‍ തന്റെ മനസ്സ് തുറന്നു 'സിംഹാസനം ഉപേക്ഷിച്ചു രാമന്‍ വനത്തില്‍ പോകുന്നതിനോട് എനിക്കു യോജിപ്പില്ല. ഒരു സ്ത്രീയുടെ വാക്കു കേട്ട് സ്ത്രീജിതനായ രാജാവ് എന്തുതന്നെ ചെയ്കയില്ല. രാമന്റെ അസാന്നിദ്ധ്യത്തില്‍ പോലും രാമന്റെ ശത്രുവാണെങ്കില്‍ പോലും ആരും രാമനെ വനത്തിലേക്കു നിഷ്‌കാസനം ചെയ്യുന്നതിനോടു യോജിക്കയില്ല'.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ