പേജുകള്‍‌

2020, ജൂലൈ 25, ശനിയാഴ്‌ച

നമ്മുടെ കേരളസമൂഹം ഇന്നഭിമുഖീകരിക്കുന്ന ഒരു വൻ ഭീഷണി




നമ്മുടെ കേരളസമൂഹം ഇന്നഭിമുഖീകരിക്കുന്ന ഒരു വൻ ഭീഷണി
======================================


ഏറ്റവും സംസ്കാരസമ്പന്നരും, ബൗദ്ധികമായി ഉയർന്ന നിലവാരം പുലർത്തുന്നവരും എന്ന്‌, സ്വയം അഭിമാനിക്കുകയും, ചിലപ്പൊഴെങ്കിലും അതിനെക്കുറിച്ച്‌ മേനി നടിക്കുകയും ചെയ്യുന്ന, നമ്മുടെ കേരളസമൂഹം ഇന്നഭിമുഖീകരിക്കുന്ന ഒരു വൻ ഭീഷണിയെകുറിച്ചാണ്‌ ഇവിടെ നമ്മൾ അവലോകനം ചെയ്യുന്നത്‌. അതെ, കേരള സമൂഹത്തിൽ ഇന്നു കാണുന്ന ഏറ്റവും ദുഃഖകരമായ ഒന്ന്‌ - തകരുന്ന കുടുംബബന്ധങ്ങൾ, കൂടുന്ന വിവാഹമോചനങ്ങൾ. ഒരു പക്ഷെ നമുക്കെല്ലാം അറിയുന്ന സത്യം. അല്ലെങ്കിൽ തുറന്നു ചർച്ച ചെയ്യാൻ നാമെല്ലാം വിമുഖത കാണിക്കുന്ന പ്രശ്നം. 

ഇക്കഴിഞ്ഞ മാസം ഒരുപക്ഷെ നമ്മളെ ഞെട്ടിപ്പിച്ചിരിക്കാവുന്ന ഒരു വാർത്ത ദിനപ്പത്രങ്ങളിൽ വന്നിരുന്നു. കേരളത്തിലെ 28 കുടുംബകോടതികളിലായി വിധി കാത്തു കഴിയുന്നത്‌ 18,500 ൽ ഏറെ വിവാഹമോചന കേസുകളാണെന്ന്‌! ഇന്റർനെറ്റിന്റെയും, വാട്സാപ്പിന്റെയും ഒക്കെ ഈ കാലത്തു നമ്മളിൽ എത്ര പേർ ആ വാർത്ത വായിച്ചിട്ടുണ്ട്‌ എന്നറിയില്ല. അഥവാ, വായിച്ചിട്ടുണ്ടെങ്കിൽത്തന്നെ അതർഹിക്കുന്ന പ്രാധാന്യത്തോടെ അവലോകനം ചെയ്തിട്ടുണ്ട്‌ എന്നും തീർച്ചയില്ല. ഓർക്കുക, കോടതികളിൽ എത്തിയ കേസുകൾ 18,500 ആണെങ്കിൽ അതിനേക്കാൾ എത്രയോ കൂടുതൽ ആയിരിക്കും പല കാരണങ്ങളാലും കോടതികൾവരെ എത്താത്ത കേസുകൾ? തികച്ചും ഭീതിജനകമല്ലേ ഈ അവസ്ഥ?

എന്തു കൊണ്ടാണ്‌ ഇത്രയും വികസിതമായ ഈ കേരള സമൂഹത്തിൽ (അഥവാ നമുക്കിടയിൽ) ഇത്രയധികം വിവാഹമോചനങ്ങൾ? നമുക്കതിന്റെ കാരണങ്ങളെ വസ്തുതാപരമായി ഒന്നു വിലയിരുത്തിയാലോ?

1. അമിതലാളനയിൽ / അതിലോലുപതയിൽ വളർന്നു വന്ന/വരുന്ന ഇന്ന ത്തെ തലമുറയിലെ ആണും പെണ്ണും.

എന്തു തന്നെ പറഞ്ഞാലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെയറിയാതെയാണ്‌ ഇന്നത്തെ ആൺകുട്ടിയും പെൺകുട്ടിയും വളർന്നുവരുന്നത്‌. ഒന്നുകിൽ ആവശ്യത്തിലേറെ സമ്പത്തുള്ള മാതാപിതാക്കൾ. അല്ലെങ്കിൽ, കിട്ടാവുന്നിടത്തുനിന്നൊക്കെ ' ലോൺ' തരപ്പെടുത്തി സ്വന്തം മക്കളെ 'അഭിനവ ധനികരാക്കി' വളർത്തുന്ന മാതാപിതാക്കൾ !

രണ്ടായാലും, ഈ കുട്ടികളെ സംബന്ധിച്ചിടത്തോളം, ജീവിതത്തിൽ യാതൊരുവിധ കഷ്ടപ്പാടുകളോ, ബുദ്ധിമുട്ടുകളോ അറിയാതെയാണ്‌ 20- 25 വർഷങ്ങൾ ഇവർ വളരുന്നത്‌. ഈ ആൺ/പെൺകുട്ടികൾക്ക്‌, തുടർന്നുള്ള ജീവിതത്തിൽ (ജോലിസ്ഥലത്തോ, പിന്നീട്‌ വിവാഹജീവിതത്തിലോ) എപ്പോളെങ്കിലും ഉണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കാതെവരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ഇത്തരം സന്ദർഭങ്ങളിൽ യാതൊരുതരത്തിലുമുള്ള വിട്ടുവീഴ്ച്ചകൾക്കും ഇവർ തയ്യാറാകാതെ വരുന്നു.

2. തകരുന്ന വ്യക്തി/ജീവിത മൂല്യങ്ങൾ
തികച്ചും ഭൗതികസുഖസൗകര്യങ്ങളിൽ മാത്രം ആകൃഷ്ടരായി, കൂടുതൽ വിലയേറിയ ആഡംഭരജീവിത സാഹചര്യങ്ങൾ മാത്രം (വലിയ വീട്‌, വിലയേറിയ വാഹനം, വിലയേറിയ ആടയാഭരണങ്ങൾ മുതലായവ) ലക്ഷ്യം വയ്ക്കുന്ന പുതിയ തലമുറ.  അവർക്കിടയിൽ വ്യക്തിബന്ധങ്ങൾക്കോ, എന്തിന്‌, കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധങ്ങൾക്കോ, "ലാഭം/നഷ്ടം" ഈ അനുപാതത്തിനപ്പുറത്തേക്ക്‌ യാതൊരു പ്രസക്തിയുമില്ലാതെയാകുന്നു.

3. ഏറിവരുന്ന അണുകുടുംബങ്ങൾ
കേരളസമൂഹത്തിൽ, പ്രത്യേകിച്ചും നഗരപ്രദേശങ്ങളിൽ ഇന്നു അണുകുടുംബങ്ങൾ മാത്രമാണു കാണാൻ കഴിയുക. അച്‌ഛൻ, അമ്മ, മകൻ/മകൾ - ഇത്രയും മാത്രമാണു പലകുടുംബങ്ങളുടെയും വലുപ്പം. പ്രായം ചെന്ന അപ്പൂപ്പനോ അമ്മൂമ്മയോ മിക്കവാറും ഇന്നത്തെ പുതുതലമുറയ്ക്ക്‌ തീർത്തും അന്യരാണ്‌. ഒന്നുകിൽ അവർ ദൂരെ നാട്ടിൻപുറത്തെ വീട്ടിൽ, അല്ലെങ്കിൽ ഏതെങ്കിലും വൃദ്‌ധമന്ദിരത്തിൽ!

ജോലിക്കാരായ അച്‌ഛനും അമ്മയും തമ്മിൽ സംസാരിക്കുന്നതുപോലും വിരളമായിരിക്കും. മകൻ/മകൾ രാവിലെ ട്യൂഷനു പോകുന്നു. തിരിച്ചെത്തുമ്പോൾ കാണുന്നത്‌ ഓഫീസിൽ പോകാൻ തിരക്കുകൂട്ടുന്ന അച്‌ഛനേയും അമ്മയേയും. മകനെ/മകളെ വേഗം ഒരുക്കി(അല്ലെങ്കിൽ ആ ജോലികൂടി ജോലിക്കാരിയെ എൽപ്പിക്കുന്നു), സ്കൂൾബസിലോ, സ്വന്തം വാഹനത്തിലോ സ്കൂളിലെത്തിക്കുന്നു. അതുവഴി നേരെ ഓഫീസിലേക്ക്‌. വൈകുന്നേരം മകൻ/മകൾ വീട്ടിലെത്തിയാലും അച്‌ഛനും അമ്മയും എത്തിയിരിക്കില്ല. ജോലിക്കാരി നൽകുന്ന ചായ കുടിച്ചു വീണ്ടും ട്യൂഷനു പോകുന്നു. തിരികെയെത്തുമ്പോൾ കാണുന്നതോ, പതിവുകാഴ്ച്ച തന്നെ. ഓഫീസിൽ നിന്നും വൈകിയെത്തിയതിന്റെ ക്ഷീണത്തിൽ, സംസാരിക്കുവാൻ പോലും മടിക്കുന്ന അച്‌ഛനും അമ്മയും. അതുമല്ലെങ്കിൽ എന്തെങ്കിലും നിസ്സാര കാരണങ്ങൾ പറഞ്ഞു വഴക്കടിക്കുന്ന അച്‌ഛനും അമ്മയും!

കൂട്ടുകൂടാൻ കൂട്ടുകാരോ, കഥകൾ പറഞ്ഞുകൊടുക്കാൻ മുത്തശ്ശിമാരോ ഇ ല്ലാത്ത ഈ തലമുറ വളർന്നു വരുമ്പോൾ സ്വാർത്ഥമതികളായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ? ഈ ആൺകുട്ടിയോ/പെൺകുട്ടിയോ പിന്നീടു തന്റെ ജീവിതപങ്കാളിക്കു വേണ്ടി എന്തെങ്കിലും 'നീക്കുപോക്കു'കൾക്കു തയ്യാറാകുമെന്നു കരുതാമോ?

4. അതിരു കവിഞ്ഞ ആത്മവിശ്വാസം (അതോ അഹങ്കാരമോ?)

ആണാവട്ടെ പെണ്ണാവട്ടെ ആത്മവിശ്വാസം തീർച്ചയായും നല്ലതാണ്‌. പക്ഷെ, അമിതമായാലോ? ഉദാഹരണത്തിന്‌, എനിക്കു ജീവിക്കാൻ ജോലിയുണ്ട്‌, സ്വന്തം വരുമാനമാർഗം ഉണ്ട്‌ എന്ന ആത്മവിശ്വാസം നല്ലതാണ്‌. പക്ഷെ, അതു അധികമായാൽ (അഹങ്കാരമായാൽ) പിന്നെ ചുറ്റുമുള്ളവർക്ക്‌ (അതു സ്വന്തം ജീവിതപങ്കാളിയായാൽകൂടി) വിലകൽപ്പിക്കുവാൻ അവൻ/അവൾ തയ്യാറാകാതെ വരുന്നു.


5. അതിരു വിടുന്ന ആൺ/പെൺ സൗഹൃദങ്ങൾ

ഒരു പക്ഷെ 'പിന്തിരിപ്പൻ' ചിന്താഗതിയെന്നോ 'അറുപഴഞ്ചൻ' വാദം എന്നോ ഒക്കെ പറയാവുന്ന ഒരു കാരണം. പക്ഷെ പലപ്പോഴും കുടുംബങ്ങളിലെ വിള്ളലുകൾ രൂപപ്പെടുന്നതും, അതു കൂടുതൽ വ്യാപ്തി കൈവരിക്കുന്നതും ജീവിതപങ്കാളികളിൽ ഒരാൾക്ക്‌, മറ്റെയാളുടെ അതിരു കടന്ന (എന്നു ആദ്യത്തെ ആളെങ്കിലും കരുതുന്ന) ചില സൗഹൃദങ്ങളെകുറിച്ചുതോന്നുന്ന സംശയങ്ങളെ തുടർന്നാണ്‌. അതു ചിലപ്പോൾ ജോലിസ്ഥലത്തെയാകാം, അല്ലെങ്കിൽ 'ഇന്റർനെറ്റ്‌/വാട്സാപ്പ്‌' സൗഹൃദങ്ങളുമാകാം. ചെറിയ സംശയങ്ങളിൽ തുടങ്ങുന്നതും എന്നാൽ തുറന്നുചോദിക്കാൻ മടിക്കുന്നതുമായ (ചോദിച്ചാൽ പങ്കാളി എന്തു കരുതും എന്ന പേടി മൂലം) ഈ അവസ്ഥ, പിന്നീട്‌ സ്വന്തമായ രഹസ്യാന്വേഷണങ്ങളിലേക്കും മൊബൈൽ, ഇ-മെയിൽ പരിശോധനകളിലേക്കും വരെ നീളുന്നു. ഒരിക്കൽ പങ്കാളി അതു മനസിലാക്കുന്നതോടെ പ്രശ്നം സങ്കീർണ്ണമാകുന്നു.

6. അനാവശ്യമായ 'താരതമ്യങ്ങൾ'

കേൾക്കുമ്പോൾ വളരെ നിസ്സാരമെന്നു തോന്നാവുന്ന ഒരു കാരണം. എന്നാൽ യഥാർത്ഥത്തിൽ അങ്ങിനെയല്ല. ഇത്തരം കേസുകളിൽ ഭാര്യയോ, ഭർത്താവോ തങ്ങളുടെ പങ്കാളിയെ എപ്പോഴും താരതമ്യം ചെയ്യുന്നതു ഓഫീസിലെ/മറ്റൊരിടത്തെ, മറ്റൊരു പുരുഷനോട്‌/സ്ത്രീ യോട്‌ (ചിലപ്പോൾ ഒന്നിലധികം) ആയിരിക്കും.

ആദ്യമൊക്കെ ചിന്തിക്കുന്നത്‌ "ശ്ശോ...എനിക്കിങ്ങനെയൊരു ആളെ ഭർത്താവായി/ഭാര്യയായി കിട്ടിയില്ലല്ലോ?..." എന്നായിരിക്കും. അയാളുടെ/അവളുടെ സംസാരരീതി, വസ്ത്രധാരണ രീതി, പെരുമാറ്റം, സൗഹൃദങ്ങൾ ഇവയിലൊക്കെ ഒരുപാടുസൗന്ദര്യം കണ്ടെത്തുന്ന ഇവർ , സ്വന്തം ജീവിതപങ്കാളിയിൽ ഇതൊന്നും ഇല്ല എന്നും കരുതുന്നു. [പക്ഷെ, ഇത്തരം മിക്ക കേസുകളിലും ഈ പറഞ്ഞ 'മാതൃകാ' പുരുഷന്റെ/സ്ത്രീയുടെ യഥാർത്ഥ സ്വഭാവവിശേഷങ്ങൾ, പലപ്പോഴും യാഥാർത്ഥ്യവുമായി പുലബന്ധം പോലുമുള്ളതായിരിക്കില്ല!].

ഇത്തരം താരതമ്യങ്ങൾ പിന്നീട്‌, നേരിട്ടുള്ള വാദപ്രതിവാദങ്ങളിലേ ക്കാവും നയിക്കുക. "നീയാ ----നെ കണ്ടുപഠിക്ക്‌. എത്ര സ്മാർട്ടാണ്‌ അയാൾ/അവൾ? നീയോ, വെറും 'വേസ്റ്റ്‌'". ഇത്തരം സംഭാഷണങ്ങൾ ദിവസത്തിലോ, ആഴ്ചയിലോ പലതവണ ആവർത്തിച്ചാലോ?

7. ഇന്റർനെറ്റിന്റെയും, മൊബൈലിന്റെയും അമിത ഉപയോഗം

പുതുതലമുറക്കാർക്കിടയിലെ തകരുന്ന കുടുംബബന്ധങ്ങൾക്ക്‌, ഏറ്റവും പ്രധാനകാരണങ്ങളിൽ ഒന്ന്‌. ഇതു കേരളത്തിലേയോ, ഇൻഡ്യയിലേയോ മാത്രം കാര്യമല്ല.

ലോകത്തിൽ തന്നെ ഏറ്റവുമധികം വിവാഹമോചനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ്‌ ഇറ്റലി. പ്രശസ്തമായൊരു ഏജൻസി ഈയിടെ പുറത്തുവിട്ട അവരുടെ പഠനത്തിൽ പറയുന്നത്‌, ഇറ്റാലിയൻ കോടതികളിൽ എത്തുന്ന 80% ൽ അധികം വിവാഹമോചന കേസുകളിലും തെളിവായി ഹാജരാക്കുന്നത്‌  പങ്കാളിയുടെ മൊബൈലിലെ വാട്സാപ്‌ സന്ദേശങ്ങളും ചിത്രങ്ങളുമാണത്രെ!

ഇക്കാര്യത്തിൽ, ഇന്നത്തെ കേരളസമൂഹവും ഒട്ടും 'പിന്നിലല്ല'. പലരും ജോലികഴിഞ്ഞു വീട്ടിലെത്തിയാൽ സ്വന്തം പങ്കാളിയോടു സംസാരിക്കുന്നതിനേക്കാൾ കൂടുതൽ നേരം ചിലവിടുന്നത്‌ മൊബൈലുകളുമായിട്ടല്ലേ?

8. എത്തിപ്പിടിക്കാനാകാത്ത ജീവിതലക്ഷ്യങ്ങൾ

ഇന്നത്തെ തലമുറയുടെ സ്വപ്നങ്ങൾക്ക്‌ അതിരുകളില്ല. നല്ലത്‌. പക്ഷേ അതിനൊരു വിപരീതവശം കൂടിയുണ്ട്‌. ഒരുപാടു വലിയ സ്വപ്നങ്ങളുമായി ജീവിതം/ജോലി തുടങ്ങുന്ന പലരും കടുത്ത ജീവിതയാഥാർത്ഥ്യങ്ങളോട്‌ പൊരുത്തപ്പെടാനാകാതെ നിരാശരാകുന്നു. ക്രമേണ ഈ നിരാശ അനാവശ്യകോപങ്ങളിലേക്കും മറ്റു സ്വാഭാവവൈകൃതങ്ങളിലേക്കും വഴിമാറുന്നു. ഇതിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നത്‌ സ്വന്തം ജീവിതപങ്കാളിയുമായിരിക്കും.

9. അതിരുകളില്ലാത്ത 'ഈഗോ'

ഇന്നു നടക്കുന്ന ഭൂരിഭാഗം വിവാഹമോചനങ്ങളുടെയും മുഖ്യകാരണം. പുത്തൻതലമുറയിലെ 90% വിവാഹമോചനകേസുകളിലേയും മുഖ്യവില്ലൻ.

ഇന്ന്‌ ഭാര്യയും ഭർത്താവും തമ്മിൽ ഒരുമിച്ചുള്ള ഒരു 'ജീവിത'മല്ല പല കുടുംബങ്ങളിലും ഉള്ളത്‌ പകരം 'മത്സര'മാണ്‌. ആരുടെ കമ്പനിയാണ്‌ കൂടുതൽ പ്രശസ്തം? ആരാണു കൂടുതൽ ശമ്പളം വാങ്ങുന്നത്‌? ആർക്കാണ്‌ കൂടുതൽ വാർഷിക ബോണസ്‌? ആർക്കാണു കൂടുതൽ ആകർഷകമായ ജോലി? ആരാണ്‌ മക്കൾക്കു കൂടുതൽ വിലയേറിയ സമ്മാനങ്ങൾ കൊടുക്കുന്നത്‌ ? ആർക്കാണ്‌ സമൂഹത്തിൽ കൂടുതൽ 'സ്റ്റാറ്റസ്‌'? ആരാണ്‌ കൂടുതൽ ആദായനികുതി നൽകുന്നത്‌? ഇവയിൽ ഏതുമാകാം ഈ പറഞ്ഞ 'ഈഗോ'യുടെ മൂലകാരണങ്ങൾ!

(അച്ഛൻ മക്കൾക്ക്‌ പുതിയ 'സാംസങ്‌' മൊബൈൽ വാങ്ങിനൽകിയാൽ, അച്ഛനെ തോൽപ്പിക്കാൻ അമ്മ 'ഐഫോൺ' തന്നെ വാങ്ങിനൽകുന്നതു വരെയായി, ഇത്തരം അർത്ഥരഹിതമായ മൽസരങ്ങൾ! നേരെ തിരിച്ചും)

10. അന്യമാകുന്ന ഒത്തുകൂടലുകൾ

പണ്ടൊക്കെ കുടുംബങ്ങൾക്കിടയിലെ പരസ്പരസന്ദർശനങ്ങൾ ഒരു സ്ഥിരം പരിപാടിയായിരുന്നു. പരസ്പരമുള്ള ഇത്തരം 'ഒത്തുകൂടലുകൾ'ക്ക്‌ കുടുംബബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കുന്നതിൽ വലിയൊരു പങ്കാണുണ്ടായിരുന്നത്‌. കൂടാതെ, മറ്റുള്ളവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളുമൊക്കെ  നേരിട്ടറിയുമ്പോൾ, അവയേക്കാളും എത്രയോ നിസ്സാരമാണ്‌, ഇതുവരെ വളരെവലുതെന്ന് തങ്ങൾക്കു തോന്നിയിരുന്ന സ്വന്തം കുടുംബത്തിലെ 'ചെറിയ'പ്രശ്നങ്ങൾ എന്ന് ഓരോ ദമ്പതികളും മനസിലാക്കിയിരുന്നു?

എന്നാൽ ഇന്നോ? ഒരു അവധിദിവസം കിട്ടിയാൽതന്നെ എത്രപേർ മറ്റൊരു കുടുംബത്തിലേക്ക്‌ സൗഹൃദസന്ദർശനങ്ങൾ നടത്താറുണ്ട്‌? (മറിച്ച്‌, ഇന്നത്തെ പല കുടുംബങ്ങൾക്കും അവരുടെ വീട്ടിലേക്ക്‌ മറ്റൊരു കുടുംബം ഇത്തരത്തിൽ സന്ദർശനം നടത്തുന്നത് ഇഷ്ടമാകാറുമില്ല !)

ഫലമോ? ഓരോ വ്യക്തിയും, ഓരോ കുടുംബവും, ഓരോ ഒറ്റപ്പെട്ട തുരുത്തുകളായി മാറുന്നു. ഓരോരുത്തരും സ്വന്തം പ്രശ്നങ്ങളെ മാത്രം പർവ്വതീകരിച്ചുകാണുകയും മറ്റുള്ളവരോട്‌ (കുടുംബത്തിനുള്ളിൽ പോലും) തികഞ്ഞ അസഹിഷ്ണുതയോടെ മാത്രം പെരുമാറുകയും ചെയ്യുന്നു.

11. അനിയന്ത്രിതമായ ജീവിതച്ചിലവുകൾ, അവ്യക്തമായ സാമ്പത്തിക ആസൂത്രണം

പലപ്പോഴും ഭാര്യയുടെയും ഭർത്താവിന്റെയും കൂടിയുള്ള, മൊത്തം വരുമാനത്തേക്കാൾ വളരെ ഉയർന്നതായിരിക്കും ആ കുടുംബത്തിന്റെ  ആകെ ചിലവുകൾ.

അനാവശ്യമായ ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പേരിൽ എടുത്തുകൂട്ടുന്ന 'ബാങ്ക്‌ വായ്പകൾ', പിന്നീട്‌ പലപ്പോഴും  ദമ്പതികൾക്കിടയിലെ രൂക്ഷമായ കലഹങ്ങളിലേക്കാവും വഴിവയ്ക്കുക. പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ ക്രമേണ വഴിമാറുന്നത്‌ വേർപിരിയലുകളിലേക്കും !

12. 'ഉപരിപ്ലവമായ' ഭാര്യാ-ഭർത്തൃ ബന്ധങ്ങൾ

യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, കേവലമായ കൽപ്പനകളും ഭാവനകളും മാത്രം കൂട്ടിക്കലർത്തി നെയ്തെടുക്കുന്നതാണ്‌ പലപ്പോഴും, 'ജീവിതപങ്കാളി' എങ്ങിനെയാകണം എന്നുള്ള ഇന്നത്തെ തലമുറയുടെ 'കൺസെപ്റ്റ്‌' !

വിവാഹം കഴിഞ്ഞയുടനെതന്നെ അവൻ/അവൾ മനസിലാക്കുന്നു തന്റെ  ജീവിതപങ്കാളി, മറ്റേതൊരാളെയും പോലെ,  കുറ്റങ്ങളും കുറവുകളും ഒക്കെ ഉള്ള ഒരു സാധാരണ ആളാണെന്ന്. എന്നാൽ ഈ യാഥർത്ഥ്യത്തോടു പൊരുത്തപ്പെടാനാവാതെ (അല്ലെങ്കിൽ അതിനു തയ്യാറാകാതെ), പലപ്പോഴും പുറമേക്കു പ്രസന്നത നടിച്ച്‌, ആദ്യം വീട്ടുകാരേയും, പിന്നീട്‌ സമൂഹത്തേയും കബളിപ്പിക്കുവാനുള്ള ശ്രമം നടത്തുന്നു. കുറച്ചുപേർ വിജയിച്ചേക്കാം, എന്നാൽ കൂടുതൽ പേർക്കും പരാജയമായിരിക്കും ഫലം.

13. ഏറിവരുന്ന 'വിവാഹേതര'ബന്ധങ്ങൾ

പണ്ടൊക്കെ ഒളിച്ചും പാത്തും വളരെ കുറച്ചുപേർ മാത്രം നടത്തിയിരുന്ന ഇത്തരം 'അവിഹിത'ബന്ധങ്ങൾ, ഇന്നു കുറച്ചുകൂടെ സാധാരണമായിരിക്കുന്നു. അല്ലെങ്കിൽ, അത്തരം ബന്ധങ്ങളിൽ ഒരുതരത്തിലുള്ള തെറ്റുകളും പുതുതലമുറ പലപ്പോഴും കാണുന്നില്ല എന്നത്‌ വേദനിപ്പിക്കുന്ന ഒരു സത്യം മാത്രം. 'ഓ...എനിക്കൊരു 'അഫയർ' ഉണ്ട്‌...ഈ നശിച്ച ടെൻഷൻ മാറ്റാൻ ഇതൊക്കെയല്ലേ ഉള്ളൂ ഒരു മാർഗം?...." എന്നു വളരെ 'കൂൾ' ആയി ചോദിയ്ക്കുന്ന, വിവാഹിതരായ ചില കൂട്ടുകാരെങ്കിലും നമ്മളിൽ പലർക്കുമില്ലേ?

ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം കൂടി നമുക്കിടയിലുണ്ട്‌. ഇന്ന് കോടതികളിൽ നടന്നുകൊണ്ടിരിക്കുന്ന ഭൂരിഭാഗം വിവാഹമോചന കേസുകളിലേയും ഭാര്യ/ഭർത്താവ്‌, ആ കേസ്‌ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു പുരുഷനെ/സ്ത്രീയെ പുതിയ ഭർത്താവ്‌/ഭാര്യ ആയി ഏതാണ്ട്‌ കണ്ടെത്തികഴിഞ്ഞിരിക്കും. പിന്നെ എങ്ങിനെയെങ്കിലും ഈ കേസൊന്ന് കഴിഞ്ഞുകിട്ടിയാൽമതി എന്ന സ്ഥിതിയായിരിക്കും!

14. തികച്ചും 'അജ്ഞാതമായ' കാരണങ്ങൾ

കേൾക്കുമ്പോൾ അവിശ്വസനീയമെന്നു തോന്നുമെങ്കിലും സത്യമതാണ്‌. നല്ലൊരു ശതമാനം വിവാഹമോചനകേസുകളിലും, അതിലേക്കു നയിച്ച 'യഥാർത്ഥ'കാരണം ഭാര്യക്കോ, ഭർത്താവിനോ അജ്ഞാതമാണ്‌.

ഭർത്താവ്‌ കുടിക്കില്ല, വലിക്കില്ല, പരസ്ത്രീബന്ധവുമില്ല. കൃത്യമായി ജോലിക്കു പോകും. ഭാര്യയേയും മക്കളേയും നന്നായി നോക്കും.

ഭാര്യ സാമാന്യം സുന്ദരിയാണ്‌, ജോലിയുണ്ട്‌, ജോലിക്കു പോകുന്നതിനു മുൻപായി അടുക്കളജോലികൾ എല്ലാം തീർക്കും. കുട്ടികളോടും ഭർത്താവിനോടും വളരെ സ്നേഹമാണ്‌.

പക്ഷെ, ഇതാ ഇവർ പിരിയാൻ പോകുന്നു. കാരണം ചോദിച്ചാൽ രണ്ടുപേർക്കും ഒരേ ഉത്തരം. "ഓ...ശരിയാവില്ലന്നേ. അയാളുടെ/അവളുടെ കൂടെ ജീവിക്കാൻ എനിക്കിനി പറ്റില്ല..... അത്രക്കു ഞാൻ അനുഭവിച്ചു കഴിഞ്ഞു. ഇനിയില്ല...."

കഷ്ടം. ഇതിനിടയിൽ കുട്ടികളുടെ കാര്യമൊക്കെ ആരു നോക്കാൻ?
******
കൂടുതൽ വിശദമായി വിശകലനം നടത്തിയാൽ ഒരുപാടുകാരണങ്ങൾ നമുക്കിനിയും കണ്ടെത്താനാകും. പക്ഷെ, അതിനു തുനിയുന്നില്ല. ഇത്രയും പറഞ്ഞതു കൊണ്ട്‌ കേരളസമൂഹമോ അതിൽ ഉൾപ്പെടുന്ന ഞാനും നിങ്ങളും ഉൾപ്പെടെയുള്ള ആളുകളോ ഒന്നും മോശക്കാരാണെന്നല്ല വിവക്ഷിക്കുന്നത്‌. മറിച്ച്‌, വളരെ നല്ലവരാണുതാനും!

പക്ഷെ, അറിയാതെയെങ്കിലും നമുക്കിടയിൽ വളരെവേഗം പടർന്നുപന്തലിക്കുന്ന ഒരു വിപത്തിനെ ചൂണ്ടിക്കാണിച്ചു എന്നു മാത്രമേയുള്ളു. ഇനിയെങ്കിലും നമ്മുടെയൊക്കെ അടിയന്തിരശ്രദ്ധ ഇതിലേക്കു പതിഞ്ഞില്ലെങ്കിൽ, അശാന്തവും അരക്ഷിതവുമായ ഒരു കേരളസമൂഹം ഇവിടെ വളർന്നുവരുന്നത്‌ നമ്മൾ കാണേണ്ടിവരും. തീർച്ച.

അതിനനുവദിക്കാതെ, നമുക്ക്‌ എടുക്കാൻ കഴിയുന്ന നിസ്സാരമായ ചില 'മുൻകരുതലുകൾ' എങ്കിലും എടുത്തുകൂടേ? അത്തരം ചില ലളിതമായ നിർദ്ദേശങ്ങൾ ഇതാ.

1. കുട്ടികളോടുള്ള 'അമിതലാളന' ഒഴിവാക്കുക. വളരുന്നതിനോടൊപ്പം, ചില കടുത്ത ജീവിതസാഹചര്യങ്ങളും കൂടി കാണുവാനും അഭിമുഖീകരിക്കുവാനും, ഒപ്പം അതിജീവിക്കുവാനും അവരെ പ്രാപ്തരാക്കുക.

2. ദമ്പതിമാർക്കിടയിലെ ചെറിയ പ്രശ്നങ്ങളിൽ മറ്റുള്ളവർ ഇടപെടാതെ, അവർക്കുതന്നെ പരിഹാരം കണ്ടെത്തുവാനുള്ള അവസരം നൽകുക.

3. ദിവസവും കുറഞ്ഞത്‌ അരമണിക്കൂറെങ്കിലും ഭാര്യയും ഭർത്താവുമായി മനസുതുറന്നു സംസാരിക്കുക.

4. അത്താഴം കഴിക്കുമ്പോഴെങ്കിലും വീട്ടിലെ എല്ലാവരും ഒരുമിച്ചിരിക്കാൻ ശ്രമിക്കുക. കഴിയുമെങ്കിൽ ആ സമയം ടിവി ഓഫ്‌ ചെയ്തു വക്കുക. മറ്റു സമയം കണ്ടെത്താൻ പറ്റുന്നില്ലെങ്കിൽ, കുട്ടികളുടെ സ്കൂളിലേയോ, അച്ഛനമ്മമാരുടെ ഓഫീസിലേയോ, അന്നുനടന്ന രസകരമായ ചെറുതമാശകൾ പങ്കുവക്കാൻ ഈ സമയം ഉപയോഗിക്കുക.

5. പഠിക്കുന്ന കുട്ടികളുണ്ടെങ്കിൽ തീർച്ചയായും അരമണിക്കൂറെങ്കിലും അവരോടു സ്കൂളിലെ/കോളേജിലെ വിശേഷങ്ങൾ ചോദിച്ചറിയുക. അവരിൽ ഉണ്ടായേക്കാവുന്ന 'അരക്ഷിതബോധം' അകറ്റാൻ ഇതുവളരെ ഉപകരിയ്ക്കും.

6. ജോലികഴിഞ്ഞു വീട്ടിലെത്തിയാൽ ഭാര്യയും ഭർത്താവും, മൊബൈൽ ഉപയോഗം കഴിയുന്നതും കുറയ്ക്കുക. കുട്ടികളേയും അതിനു പരമാവധി പ്രേരിപ്പിക്കുക.

7. കുട്ടികളുടെ മുൻപിൽവച്ചു ഒരു കാരണവശാലും, അച്ഛനും അമ്മയും തമ്മിൽ വഴക്കടിക്കാതിരിക്കുക.

8. ഒരിക്കലും ജീവിതപങ്കാളിയുടെ മൊബൈൽ ഫോൺ 'രഹസ്യ'പരിശോധനക്കായി എടുക്കാതിരിക്കുക. അഥവാ, അവന്റെ/അവളുടെ സൗഹൃദങ്ങളെ കുറിച്ചു സംശയം ഉണ്ടെങ്കിൽ, അതു നേരിൽതന്നെ ചോദിക്കുക.

9. രാവിലെ മുതൽ രാത്രി വരെ ജോലിസ്ഥലത്തുവച്ചു കാണുന്ന സുഹൃത്തിനോട്‌ (ആണാകട്ടെ, പെണ്ണാകട്ടെ), വീണ്ടും വൈകിട്ട്‌ വീട്ടിലെത്തിയതിനുശേഷമുള്ള ദൈർഘ്യമേറിയ മൊബൈൽ സംഭാഷണങ്ങൾ ഒഴിവാക്കുക. അതു നിങ്ങളുടെ പങ്കാളിയിൽ അനാവശ്യ സംശയങ്ങൾ ജനിപ്പിച്ചേക്കാം.

10. ജന്മദിനം, വിവാഹവാർഷികം തുടങ്ങിയ ആഘോഷങ്ങൾ വീട്ടിൽ നടത്തുന്നുണ്ടെങ്കിൽ, അവ ഏതുരീതിയിൽ വേണമെന്നു നേരത്തെതന്നെ പരസ്പരധാരണയിൽ എത്തുക. പിന്നീടുള്ള വഴക്കുകൾ ഒഴിവാക്കാൻ ഇതുപകരിക്കും.

11. കുടുംബത്തിന്റെ ആകെ വരുമാനത്തെകുറിച്ച്‌ രണ്ടുപേർക്കും ബോധ്യമുണ്ടാകുക. അതിനനുസരിച്ച്‌ മാത്രം ചിലവുകൾ ക്രമീകരിക്കുക.

12. ഒരേ ദിവസം പങ്കെടുക്കേണ്ട, ഒന്നിലധികം ആഘോഷപരിപാടികൾ ഉണ്ടെങ്കിൽ, ആരൊക്കെ, ഏതിനോക്കെ പോകണമെന്നും, അഥവാ ഏതെങ്കിലും ഒഴിവാക്കണമെങ്കിൽ, അതു ഏതു വേണമെന്നും തമ്മിൽ ചർച്ച ചെയ്തു നേരത്തെതന്നെ തീരുമാനത്തിലെത്തുക.

13. സ്വന്തം ജീവിതപങ്കാളിയെ മറ്റൊരാളുമായി അനാവശ്യമായി താരതമ്യം ചെയ്യുന്നത്‌ തീർത്തും ഒഴിവാക്കുക. ഒരുപാട്‌ കുറ്റങ്ങളും കുറവുകളും ഉള്ള, തന്നെപോലെ തന്നെയുള്ള ഒരു സാധാരണ മനുഷ്യനായി ജീവിതപങ്കാളിയെ കാണുക, മനസിലാക്കുക. തന്റെ പങ്കാളിയുടെ സ്വപ്നങ്ങളോട്‌ 100% നീതിപുലർത്താൻ തനിക്കാവുന്നില്ല എന്ന തിരിച്ചറിവിനൊപ്പം, തന്റെ മനസിലുള്ള സ്വപ്നങ്ങളോട്‌ 100% യോജിക്കുന്ന ആളാവില്ല തന്റെ പങ്കാളി എന്നും തിരിച്ചറിയുക.

14. ഒരിക്കലും മറ്റൊരാളുടെ മുൻപിൽ വച്ച്‌ ജീവിതപങ്കാളിയേയോ അവരുടെ കുടുംബത്തേയോ കുറിച്ചു മോശമായി സംസാരിക്കാതിരിക്കുക.

15. "ഓ...എത്ര നല്ല ആലോചനകൾ എനിക്കു വന്നതാ.... എന്നിട്ടും അവസാനം ഇങ്ങനെയായല്ലോ എന്റെ വിധി..." ഇത്തരം കമന്റുകൾ (ഇനി അഥവാ തമാശയാണെങ്കിൽക്കൂടി) കൂടെക്കൂടെ പറയുന്നതു ഒഴിവാക്കുക. അതു ഒരുപക്ഷെ നിങ്ങളുടെ പങ്കാളിയെ ഒരുപാടു വേദനിപ്പിക്കുന്നുണ്ടാകാം.

16. മാതാപിതാക്കൾ തങ്ങളുടെ കൂടെയുള്ളത്‌ അനുഗ്രഹമായി കരുതുക. അവരെ ഉപേക്ഷിച്ച്‌ തനിച്ചു താമസിക്കാൻ പങ്കാളിയെ നിർബന്ധിക്കാതിരിക്കുക. സ്വന്തം കുടുംബത്തോടുള്ള ചെറിയ ചെറിയ (മിക്കവാറും സാമ്പത്തികമായ) കടപ്പാടുകൾ നിറവേറ്റാൻ പങ്കാളിയെ അനുവദിക്കുക.

17. എല്ലാതരത്തിലുമുള്ള 'ഈഗോ' ഒഴിവാക്കുക. പങ്കാളിയുടെ ജോലി, വരുമാനം, സ്റ്റാറ്റസ്‌ എന്നിവയെ ചൊല്ലിയുള്ള 'അനാവശ്യ' ടെൻഷൻ തീർത്തും ഒഴിവാക്കുക. 'എന്റെ' 'നിന്റെ' എന്നുള്ള വേർതിരിവില്ലാതെ, സ്വന്തം കുടുംബത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ, 'നമ്മുടെ' എന്നരീതിയിൽ മാത്രം കാണുവാനും പരിഹരിക്കുവാനും ശ്രമിക്കുക. 

ദമ്പതിമാർക്കിടയിലെ പരസ്പരവിശ്വാസവും, ബഹുമാനവുമാണ്‌ ഓരോ കുടുംബത്തിന്റെയും അടിത്തറ എന്ന 'അടിസ്ഥാന'തത്വം ഒരിക്കലും മറക്കാതിരിക്കുക.
*******

ഒരിക്കൽകൂടി എടുത്തു പറയട്ടെ, ഈ ലേഖനം സദുദ്ദേശത്തോടു കൂടിയുള്ളതു മാത്രമാണ്‌. കേരളസമൂഹത്തെയോ, അതിലുൾപ്പെടുന്ന ലേഖകൻ ഉൾപ്പെടെയുള്ള ആളുകളേയോ ആക്ഷേപിക്കുവാനല്ല മറിച്ചു, നമ്മൾ പോലുമറിയാതെ നമുക്കിടയിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യവിപത്തിനെപറ്റി മുന്നറിയിപ്പ്‌ നൽകുവാൻ മാത്രമാണ്‌ ഉദ്ദേശിച്ചിട്ടുള്ളത്‌.

ആ വിപത്തിന്റെ ആഴം കൂടുതൽ മനസിലാക്കാൻ, ഒരൊറ്റ ചോദ്യം മാത്രമായി നമ്മൾ 'കേരളീയർ'ക്കിടയിൽ ഒരു അഭിപ്രായ സർവ്വേ നടത്തിയാൽ മതി.

"ഇനിയൊരു ജന്മമുണ്ടെങ്കിൽ (ജന്മങ്ങൾ ഉണ്ടോ ഇല്ലയോ എന്നതു തൽക്കാലം നമ്മൾ തർക്കവിഷയം ആക്കേണ്ടതില്ല), ഇപ്പോഴത്തെ ജീവിതപങ്കാളിയെ തന്നെയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്‌?"

കുറഞ്ഞത്‌, 95% ശതമാനം ആളുകളുടെയും ഒറ്റ വാക്കിലുള്ള ആ ഉത്തരം എന്തായിരിക്കുമെന്ന് നിങ്ങൾതന്നെ ആലോചിക്കുക. ആ ഒരൊറ്റ ചോദ്യത്തിലും ഉത്തരത്തിലുമുണ്ട്‌, നമ്മൾ ഇത്രയും നേരം വിശകലനം ചെയ്ത പ്രശ്നത്തിന്റെ ആഴവും പരപ്പും!

നമുക്കിടയിൽ പ്രവർത്തിക്കുന്ന, വിവിധ സന്നദ്ധസംഘടനകളും, ഒപ്പം സർക്കാർ അധികാരികളും ഈ വിഷയത്തിന്റെ ഗൗരവം മനസിലാക്കി എത്രയും വേഗം സജീവമായി ഇടപെടണം എന്നഭ്യർത്ഥിക്കുന്നു. ഇത്രയധികം കുടുംബങ്ങൾ വിവാഹമോചനം തേടുന്ന നമ്മുടെ കേരളത്തിൽ, ആവശ്യതിന്‌ 'ഫാമിലി കൗൺസലിംഗ്‌' കേന്ദ്രങ്ങളും ഒപ്പം കൂടുതൽ ബോധവൽക്കരണ പരിപാടികളും നമുക്കാവശ്യമല്ലേ?

അർത്ഥപൂർണ്ണമായ കൂടുതൽ ചർച്ചകളിലേക്കും, സംവാദങ്ങളിലേക്കുമുള്ള വാതിൽ തുറന്നിട്ടുകൊണ്ട്‌, ഈ ലേഖനം ഇവിടെ അവസാനിപ്പിക്കുന്നു.

******


13/07/2015 ൽ പോസ്റ്റ്‌ ചെയ്ത ഈ ലേഖനത്തിനു ശേഷം 2016 മാർച്ചു മാസത്തെ ഒരു പത്ര വാർത്ത ഇതാ:

===================
ഇതാ കേരളസമൂഹത്തിനും ടെക്നോപാർക്കിനും ഒന്നുപോലെ കളങ്കം ചാർത്തിയ മറ്റൊരു വാർത്ത .....നമ്മൾ മുകളിൽ  സൂചിപ്പിച്ച 'വിവാഹേതര ബന്ധവും' അതിന്റെ ദുരന്തപര്യവസാനവും ..ആരാണിവിടെ കുറ്റക്കാർ ? മൊബൈലോ അതോ അത് ദുരുപയോഗം ചെയ്തവരോ ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ