പേജുകള്‍‌

2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച

ധര്‍മനീതിയും ദൈവനീതിയും


ലക്ഷ്മണനെ ഇപ്രകാരം സ്‌നേഹപൂര്‍വം ശാസിച്ചശേഷം രാമന്‍ നമ്രശിരസ്‌കനായി മാതാവിനോട് വനത്തിലേക്കു പോകുവാന്‍ അനുമതി തേടി. പതിന്നാലു വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ അയോദ്ധ്യയിലേക്കു മടങ്ങിവരുമെന്നും ഇക്കാലമത്രയും മാതാവായ കൗസല്യാദേവിയും സുമിത്രാദേവിയും ഭ്രാതാവായ ലക്ഷ്മണനും എന്റെ പത്‌നിയായ സീതാദേവിയും പിതാവിന്റെ ആജ്ഞകളെ പാലിക്കണമെന്നതാണ് ധര്‍മനീതി എന്നും രാമന്‍ പറയുകയുണ്ടായി.
ലക്ഷ്മണനും മാതാവും സ്‌നേഹം കൊണ്ടും തന്റെ മനസ്സിനെ വായിക്കുവാന്‍ കഴിയാതെയും തന്നെ ബുദ്ധിമുട്ടിക്കുകയാണ് എന്നായിരുന്നു രാമന്റെ പക്ഷം. ക്രൂരനല്ലാത്ത ഏതൊരാള്‍ പിതാവിന്റെ ആജ്ഞയെ,  ആ ആജ്ഞ കോപം 
കൊണ്ടുള്ളതോ, ആഹ്ലാദം കൊണ്ടുള്ളതോ, വിഷയലമ്പടത്വം കൊണ്ടുള്ളതോ, എന്തുമാകട്ടേ, പാലിക്കാതെയിരിക്കും? എന്നേയും ഭരതനേയും ആജ്ഞാപിക്കുവാനുള്ള അധികാരം പിതാവിനുണ്ട്. എനിക്ക് ആ ആജ്ഞ പാലിച്ചേതീരൂ. പിതാവ് രാജാവു മാത്രമല്ല, ഈ ജീവിതത്തിലും അതിനുശേഷവും മാതാവിന്റെ ആഹ്ലാദത്തിന്റെ കാരണവുമത്രേ. മാതാവ് അദ്ദേഹത്തോടൊപ്പമാണ് എല്ലാ അവസ്ഥയിലും കഴിയേണ്ടത്, മകനോടൊപ്പമല്ല.
അങ്ങനെയുള്ള രാജാവ് മകനെ ഉപേക്ഷിക്കേണ്ടി വരുന്നത് സത്യത്തിനു വേണ്ടിയാണ്. അപ്പോള്‍ രാജ്ഞി എങ്ങനെയാണ് അദ്ദേഹത്തെ വിട്ട് വനത്തിലേക്കു പോവുക. ദേവീ, പതിന്നാലു വര്‍ഷം കഴിയുമ്പോള്‍, യയാതിരാജാവ് സത്യത്തിലൂടെ രണ്ടാമതൊരിക്കല്‍ സ്വര്‍ഗത്തിലേക്കു പോയതുപോലെ, ഞാന്‍ മടങ്ങിവരും. ഹ്രസ്വമായ ഈ ജീവിതത്തില്‍ നിസ്സാരമായ രാജ്യഭരണം കയ്യാളുവാനായി ധര്‍മത്തില്‍നിന്നും വ്യതിചലിക്കുവാന്‍ ഞാനൊരുക്കമല്ല. മാതാവിനെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ച രാമന്‍ തന്റെ വാക്കുകളിലൂടെ ലക്ഷ്മണന് ധര്‍മത്തിന്റെ വ്യാഖ്യാനമാണ് നല്‍കിയത്. രാമന്‍ വനയാത്രക്കൊരുങ്ങി മാതാവിനെ പ്രദക്ഷിണം ചെയ്തു.
ക്രോധം കൊണ്ടു ജ്വലിക്കുന്ന കണ്ണുകളുമായി നിന്ന ലക്ഷ്മണനെ സമീപിച്ച് രാമന്‍ ഉപദേശിച്ചു 'ഈ ക്രോധമെല്ലാം ഉപേക്ഷിക്കൂ. നമ്മുടെ പിതാവിനെ അദ്ദേഹത്തിന്റെ പ്രതിജ്ഞ നിറവേറ്റുവാനായി സഹായിക്കൂ. അതില്‍ ആഹ്ലാദം കണ്ടെത്തൂ. എന്റെ അഭിഷേകത്തിനായി കൊണ്ടുവന്നതെല്ലാം മടക്കി അയക്കൂ. നമ്മുടെ മാതാവായ കൈകേയിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുവാന്‍ പാടില്ല. എന്റെ യാത്രയ്ക്കു വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യൂ. ഞാന്‍ പോയിക്കഴിഞ്ഞാല്‍ കൈകേയിമാതാവ് ഭരതനെ അഭിഷേകം ചെയ്യും. ഞാന്‍ ദൈവനിശ്ചയത്തെ എതിര്‍ക്കുവാനില്ല.
'ദൈവനിശ്ചയമല്ലെങ്കില്‍ പിന്നെ എന്നെ വനത്തിലേക്കയക്കണമെന്ന തോന്നല്‍ മാതാവിന്റെ മനസ്സില്‍ എങ്ങനെയുണ്ടായി. വിധി വൈപരീത്യത്താല്‍ ഋഷികള്‍പോലും ധര്‍മത്തില്‍നിന്നും വ്യതിചലിക്കാറില്ലേ. എന്റെ വനയാത്രയ്ക്ക് പിതാവോ മാതാവോ കാരണക്കാരല്ല. വിധിയാണ് അവരെയെല്ലാം നിയന്ത്രിക്കുന്നത്. വിധിയുടെ നിയന്ത്രണശക്തി അപാരമത്രേ'.

മാതാവിന്റെ ദുഃഖം

മാതാവിന്റെ ദുഃഖം
കൗസല്യാദേവി പുത്രനെ ആലിംഗനം ചെയ്യുകയും മൂര്‍ദ്ധാവില്‍ ചുംബിക്കുകയും ചെയ്തു. പുത്രനോടുള്ള അമിതവാത്സല്യത്താല്‍ മാതാവ് രാമനെ ഇപ്രകാരം അനുഗ്രഹിച്ചു'സത്കര്‍മങ്ങളിലൂടെ നീ വംശത്തിലെ രാജര്‍ഷിമാരുടെ ആയുസ്സും കീര്‍ത്തിയും നേടൂ. നീ പിതാവിനെ പോയിക്കാണൂ. അദ്ദേഹം തന്റെ പ്രതിജ്ഞകള്‍ നിറവേറ്റുന്നവനത്രേ. ആ ധര്‍മാത്മാവ് നിന്നെ യുവരാജാവായി ഇന്നുതന്നെ അഭിഷേകം ചെയ്യുന്നുണ്ട്'.
പ്രഭാതഭക്ഷണത്തിനു ക്ഷണിക്കപ്പെട്ട രാമന്‍ ഇരിപ്പിടത്തില്‍ ഒന്നു തൊട്ടു, എന്നിട്ട് കൂപ്പിയ കൈപ്പത്തികള്‍ അല്‍പം വിടര്‍ത്തിക്കൊണ്ടു പറഞ്ഞു 'മാതാവേ, വലിയൊരു വിപത്ത് ഉടനേ നമുക്കുമേല്‍ പതിക്കുമെന്ന് മാതാവിനറിയില്ല. ഞാന്‍ പറയുവാന്‍ പോകുന്നത് സീതയ്ക്കും ലക്ഷ്മണനും കുറച്ചൊന്നുമല്ല ദുഃഖമുണ്ടാക്കുക. ഈ രത്‌നാലങ്കൃതമായ ഇരിപ്പിടം എനിക്കെന്തിനാണ്. കുശപ്പുല്ലിന്റെ പായയാണ് എനിക്കിണങ്ങുക. പതിനാലു വര്‍ഷം ഞാനേകനായി കിഴങ്ങുകളും പഴങ്ങളും ഭക്ഷിച്ചുകൊണ്ട് ദണ്ഡകാരണ്യത്തില്‍ വസിക്കും. മഹാരാജാവ് ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യുകയും എന്നെ ദണ്ഡകാരണ്യത്തിലേക്ക് അയക്കുകയുമാണ്. ഞാനവിടെ മരവുരി ധരിച്ചും കായ്കനികളും കിഴങ്ങുകളും കഴിച്ചും ഏകനായി കഴിയും'.
ഇതുകേട്ട കൗസല്യാദേവി വെട്ടിയിട്ട വൃക്ഷത്തെപ്പോലെ താഴെവീണു. രാമന്‍ മാതാവിനെ പിടിച്ചെഴുനേല്‍പ്പിക്കയും വസ്ത്രത്തിലെ പൊടിയുംമറ്റും തന്റെ കൈകൊണ്ട് തുടക്കുകയും ചെയ്തു. കൗസല്യാദേവി പറഞ്ഞു ഞാന്‍ പുത്രഹീനയായിരുന്നുവെങ്കില്‍ ഞാനിന്നനുഭവിക്കുന്ന ദുഃഖം അനുഭവിക്കേണ്ടി വരുമായിരുന്നില്ല. എന്റെ ഭര്‍ത്താവില്‍ നിന്നും ഞാന്‍ ഭാഗ്യമോ സന്തോഷമോ ഇന്നേവരെയനുഭവിച്ചിട്ടില്ല. എന്റെ പുത്രന്‍ അധികാരത്തിലെത്തുമ്പോള്‍ ഇതു രണ്ടും എനിക്കു ലഭിക്കും എന്നു ഞാന്‍ മോഹിച്ചു. ഞാന്‍ പട്ടമഹിഷിയാണെങ്കിലും എനിക്ക് ഇളയവരായ സപത്‌നിമാരില്‍നിന്നും നിന്ദയും ഭര്‍ത്സനവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ സ്ത്രീകളുടെ ദൗര്‍ഭാഗ്യം എന്നല്ലാതെയെന്തു പറയാന്‍. എനിക്കു ലഭിക്കുന്ന പരിഗണന കൈകേയിയുടെ ദാസിമാര്‍ക്കു ലഭിക്കുന്നതിനും താഴെയാണത്രേ. ഇനി ഭരതന്റെ കാലത്ത് ആരും എന്നോട് ദുര്‍മുഖമല്ലാതെ ഒന്നും കാട്ടില്ല'.
ഇത്രയേറെ ഉപവാസങ്ങളും ഭജനവും കൊണ്ട് നിന്നെ വളര്‍ത്തിയത് വ്യര്‍ത്ഥമായി. എന്റെ ദൗര്‍ഭാഗ്യം അല്ലാതെന്ത്? മരണത്തിനും എന്നെ വേണ്ടാതെയായി. നിന്നെപ്പിരിഞ്ഞുള്ള ജീവിതം എനിക്ക് അര്‍ത്ഥശൂന്യമാണ്. അതുകൊണ്ട്, വളരെ ദുര്‍ബ്ബലയാണെങ്കിലും, കിടാവിനെ പിരിയാതെ പിന്നാലെ പോകുന്ന ഗോവിനെപ്പോലെ ഞാന്‍ നിന്നോടൊപ്പം വനത്തിലേക്കു വരുന്നു. രാമന്റെ സ്ഥിതിയോര്‍ത്ത് മാതാവ് വിലപിച്ചുകൊണ്ടേയിരുന്നു.
കൗസല്യാദേവിയോട് ലക്ഷ്മണന്‍ തന്റെ മനസ്സ് തുറന്നു 'സിംഹാസനം ഉപേക്ഷിച്ചു രാമന്‍ വനത്തില്‍ പോകുന്നതിനോട് എനിക്കു യോജിപ്പില്ല. ഒരു സ്ത്രീയുടെ വാക്കു കേട്ട് സ്ത്രീജിതനായ രാജാവ് എന്തുതന്നെ ചെയ്കയില്ല. രാമന്റെ അസാന്നിദ്ധ്യത്തില്‍ പോലും രാമന്റെ ശത്രുവാണെങ്കില്‍ പോലും ആരും രാമനെ വനത്തിലേക്കു നിഷ്‌കാസനം ചെയ്യുന്നതിനോടു യോജിക്കയില്ല'.

കെണിയില്‍പ്പെട്ട മാന്‍


കെണിയില്‍പ്പെട്ട മാന്‍

കൈകേയിയുടെ വാക്കുകളാല്‍ പ്രലോഭിതനായ ദശരഥന്‍ കെണിയില്‍പ്പെട്ട മാനിനെപ്പോലെ തന്റെ നാശത്തിലേക്ക് വഴുതിവീഴുകയാണുണ്ടായത്. തന്നോടുള്ള സ്‌നഹത്തിന്റെ മതിഭ്രമത്താല്‍ ആവശ്യപ്പെടുന്നതെന്തും നല്‍കുവാന്‍ സന്നദ്ധനായ രാജാവിനോട് കൈകേയി പറഞ്ഞു, 'അങ്ങ് വാഗ്ദാനം ചെയ്ത രണ്ടു വരങ്ങളും നിശ്ചയമായും നല്‍കിയിരിക്കണം. അവയെന്താണെന്ന് ഞാനിപ്പോള്‍ വ്യക്തമാക്കാം. എന്റെ അപേക്ഷയെ ശ്രദ്ധിച്ചാലും:'രാമനെ അഭിഷേകം ചെയ്യുവാന്‍ നടത്തിയ തയാറെടുപ്പുകള്‍ ഉപയോഗിച്ച് എന്റെ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണം. എന്റെ രണ്ടാമത്തെ വരവും നല്‍കുവാന്‍ സമയമായിരിക്കുന്നു. മരവുരിയും മാന്‍തോലും ധരിച്ച് ദൃഢചിത്തനായ രാമന്‍ ദണ്ഡകവനത്തില്‍ ഒരു തപസ്വിയായി പതിനാലു കൊല്ലം കഴിയേണം. ഭരതന്‍ എതിര്‍പ്പില്ലാതെ തന്റെ പദവി ഉടനെ ഉറപ്പാക്കട്ടെ. ഇതാണെന്റെ ഏറ്റവും വലിയ മോഹം. രാമന്‍ ഇന്നുതന്നെ വനത്തിലേക്കു പോകുന്നത് എനിക്കു കാണണം. രാജാധിരാജനായ അങ്ങ് സ്വന്തം വാഗ്ദാനത്തെ നിറവേറ്റി വംശത്തേയും ധര്‍മ്മത്തേയും രക്ഷിക്കൂ'.
കൈകേയിയുടെ വാക്കുകള്‍ കേട്ട രാജാവ് തകര്‍ന്നുപോയി. ഈ കേട്ടത് ഒരു ദിവാസ്വപ്‌നമോ തന്റെ മനസ്സിന്റെ വിഭ്രാന്തിയോ എന്നും മറ്റും രാജാവ് ചിന്തിക്കുകയുണ്ടായി. എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തതയില്ലാതെ ശിഥില ചിന്തകളാല്‍ അദ്ദേഹം ബോധരഹിതനാവുകയും ചെയ്തു. ബോധം തിരികെ വന്നപ്പോള്‍ സിംഹിയുടെ മുന്നിലകപ്പെട്ട മാനിനേപ്പോലെ ദുഃഖിതനും വ്യഥിതനുമായ രാജാവ് തറയിലിരുന്ന് മാന്ത്രികശക്തിയാല്‍ മയക്കപ്പെട്ട സര്‍പ്പത്തെപ്പോലെ ദീര്‍ഘനിശ്വാസങ്ങള്‍ വിടുവാന്‍ തുടങ്ങി.'കഷ്ടം' എന്നു പറഞ്ഞ് ദുഃഖം ഘനീഭവിച്ച മനസ്സോടെ അദ്ദേഹം വീണ്ടും ബോധരഹിതനായി. ബോധം തിരികെക്കിട്ടിയപ്പോള്‍ ദുഃഖത്താലും ക്രോധത്താലും തന്റെ തേജസ്സുകൊണ്ട് കൈകേയിയെ ദഹിപ്പിക്കുമാറ് ഇപ്രകാരം പറയുകയുണ്ടായി.

വീട്ടില്‍ വളര്‍ത്തിയ വിഷസര്‍പ്പം

വീട്ടില്‍ വളര്‍ത്തിയ വിഷസര്‍പ്പം

സര്‍വജീവരാശികളും രാമന്റെ ഗുണങ്ങളെ ഗാനം ചെയ്യുമ്പോള്‍ ഞാനെങ്ങനെയാണ് എന്റെ പ്രിയപുത്രനെ ഉപേക്ഷിക്കുക? രാജ്യത്തേയും പത്‌നിമാരേയും ഞാനുപേക്ഷിക്കാം, പക്ഷേ രാമനെ ഉപേക്ഷിക്കുക വയ്യ. സൂര്യനില്ലാതെ ലോകവും ജലമില്ലാതെ കൃഷിയുമുണ്ടാകാം, പക്ഷേ രാമനില്ലാതെ എന്നില്‍ ജീവചൈതന്യമുണ്ടാകില്ല. നിന്റെ ഈ ദുരാശ ഉപേക്ഷിക്കൂ. ഞാന്‍ ശിരസ്സുകൊണ്ട് നിന്റെ പാദങ്ങള്‍ തൊടുകയാണ്. എന്നോടു കരുണ കാണിക്കൂ. എന്തിനാണ് നീ ഈ പരമദാരുണമായ കാര്യം ആവശ്യപ്പെടുന്നത്? ഭരതനുവേണ്ടിയുള്ള നിന്റെ ആഗ്രഹം നടക്കട്ടേ. ഭരതന്‍ ഇപ്പോള്‍ത്തന്നെ യുവരാജാവാകട്ടേ' രാജാവ് പറഞ്ഞു.
ഈ വംശത്തെ ഇല്ലാതെയാക്കുവാനായി തുനിഞ്ഞിറങ്ങിയിരിക്കുന്ന ക്രൂരയായ ദുഷ്ടേ, രാമനോ ഞാനോ എന്തു തെറ്റാണ് നിന്നോടു ചെയ്തത്? രാമന്‍ നിന്നെ സ്വന്തം അമ്മയെപ്പോലെ കരുതുന്നു. അങ്ങനെയുള്ള രാമനെ നശിപ്പിക്കുവാനുള്ള ത്വര നിനക്ക് എവിടെ നിന്നാണ് ലഭിച്ചത്? രാജകുമാരിയെന്നു കരുതി അറിയാതെ വീട്ടില്‍ വളര്‍ത്തിയ വിഷസര്‍പ്പത്തെപ്പോലെ നിനക്ക് എന്റെ ഗൃഹത്തില്‍ സ്വന്തം നാശത്തിനായി ഞാന്‍ ഇടം തന്നുവല്ലോ.
സര്‍വജീവരാശികളും രാമന്റെ ഗുണങ്ങളെ ഗാനം ചെയ്യുമ്പോള്‍ ഞാനെങ്ങനെയാണ് എന്റെ പ്രിയപുത്രനെ ഉപേക്ഷിക്കുക? രാജ്യത്തേയും പത്‌നിമാരേയും ഞാനുപേക്ഷിക്കാം, പക്ഷേ രാമനെ ഉപേക്ഷിക്കുക വയ്യ. സൂര്യനില്ലാതെ ലോകവും ജലമില്ലാതെ കൃഷിയുമുണ്ടാകാം, പക്ഷേ രാമനില്ലാതെ എന്നില്‍ ജീവചൈതന്യമുണ്ടാകില്ല. നിന്റെ ഈ ദുരാശ ഉപേക്ഷിക്കൂ. ഞാന്‍ ശിരസ്സുകൊണ്ട് നിന്റെ പാദങ്ങള്‍ തൊടുകയാണ്. എന്നോടു കരുണ കാണിക്കൂ. എന്തിനാണ് നീ ഈ പരമദാരുണമായ കാര്യം ആവശ്യപ്പെടുന്നത്? ഭരതനുവേണ്ടിയുള്ള നിന്റെ ആഗ്രഹം നടക്കട്ടേ. ഭരതന്‍ ഇപ്പോള്‍ത്തന്നെ യുവരാജാവാകട്ടേ' രാജാവ് പറഞ്ഞു.
'രാമന്‍ നിന്റെ മൂത്തപുത്രനാണെന്ന് നീ പറയാറുണ്ടായിരുന്നത് എന്തിനുവേണ്ടിയായിരുന്നു? രാമന്റെ സ്ഥനാരോഹണത്തില്‍ ദഃഖിതയായ നീ എന്നേയും ദുഃഖിപ്പിക്കയാണ്. നീ ഏതോ ദുഷ്ടശക്തിയുടെ പിടിയിലായിരിക്കുന്നു. ഇക്ഷ്വാകുവംശത്തിന്റെ ദൗര്‍ഭാഗ്യമെന്നല്ലാതെ എന്തുപറയുവാന്‍? ഭരതനേക്കാള്‍ നിന്നെ ശുശ്രൂഷ ചെയ്തിട്ടുള്ളത് രാമനല്ലേ?', ഇങ്ങനെ പോയി രാജാവിന്റെ പരിദേവനങ്ങള്‍. സന്തപ്തനായ രാജാവ് വര്‍ത്തമാനകാലത്തിലെ ദുഃഖപൂര്‍ണ്ണമായ ഈ അവസ്ഥ ഒഴിവാക്കുവാനായി കൈകേയിയുടെ കാലുപിടിച്ചു യാചിക്കുകയും ചെയ്തു. 
ഇതിന് രൗദ്രതരമായ പ്രതികരണമാണ് കൈകേയിയില്‍ നിന്നും ലഭിച്ചത്.'എനിക്കു തന്ന രണ്ടുവരങ്ങളെയോര്‍ത്തു വ്യാകുലപ്പെടുന്ന അങ്ങ് എങ്ങനെയാണീ ലോകത്തില്‍ തന്റെ ധര്‍മ്മനീതി നിര്‍വഹിക്കുന്നത്. പറയു?. ഈ വരങ്ങളെപ്പറ്റി ധര്‍മ്മജ്ഞരായ ഋഷികള്‍ ചോദിക്കുമ്പോള്‍ അങ്ങ് എന്തു മറുപടിയാണ് പറയാന്‍ പോകുന്നത്? കൈകേയിക്കു നല്‍കിയ യാതൊരു വരങ്ങളാല്‍ ശത്രുക്കളില്‍ നിന്നു രക്ഷനേടി അങ്ങ് ഇന്നു ജീവിച്ചിരിക്കുന്നുവോ അവയെ തള്ളിപ്പറയുവാനാണോ അങ്ങയുടെ തീരുമാനം?'. ഇങ്ങനെപോയി കൈകേയിയുടെ ചോദ്യശരങ്ങള്‍. 'ധര്‍മവും നീതിയും പറഞ്ഞ് രാമനെ സിംഹാസനത്തിലിരുത്തി കൗസല്യയോടൊപ്പം നിത്യം വാഴാമെന്ന മോഹം നടക്കില്ല, വിഡ്ഢിയായ രാജാവേ, അങ്ങനെ വന്നാല്‍ ഞാന്‍ മരണത്തെ വരിക്കും. രാമന്റെ നിഷ്‌കാസനത്തില്‍ കുറഞ്ഞൊന്നിനും ഞാന്‍ സമ്മതിക്കുകയില്ല'. കൈകേയി തുടര്‍ന്നു.

കൈകേയി ഉപേക്ഷിക്കപ്പെടുന്നു



നിയൊരു പ്രഭാതമുണ്ടാക്കി നൃശംസയായ കൈകേയിയുടെ മുഖം വീണ്ടും കാണുവാനിടവരുത്തരുതേ എന്ന് ദശരഥന്‍ നക്ഷത്രഭൂഷിതയായ ആകാശത്തെനോക്കി യാചിച്ചു. അദ്ദേഹം വീണ്ടുമൊരിക്കല്‍കൂടി രാമനെ വനത്തിലയക്കരുതെന്നും മറ്റും രാജ്ഞിയോട് അപേക്ഷിക്കുകയുണ്ടായി. അവരാകട്ടെ അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിക്കുകയുണ്ടായില്ല. അതിദുഃഖിതനായ രാജാവ് ബോധരഹിതനായി തറയില്‍വീണു.
തറയില്‍വീണ് അസ്വസ്ഥനായി തിരിഞ്ഞുംമറിഞ്ഞും കിടന്നിരുന്ന രാജാവിനോട് രാജ്ഞി ഇപ്രകാരം പറയുകയുണ്ടായി'എനിക്ക് വരം നല്‍കിയശേഷം ഏന്തോ പാപം ചെയ്തപോലെ അങ്ങ് ഖിന്നനായി കിടക്കുന്നതെന്താണ്? അങ്ങ് ധര്‍മ്മത്തിന്റെ പരിധിയില്‍ നില്‍ക്കേണ്ടവനാണ്. ധര്‍മ്മം അറിയാവുന്നവര്‍ സത്യത്തിന്റെ പക്ഷത്താണ് നില്‍ക്കുക. സത്യത്തിന്റെ പക്ഷത്തുനിന്ന ശിബിയും അലാര്‍ക്കനും എന്താണു ചെയ്തത്?. വേലിയേറ്റത്തില്‍ പോലും സമുദ്രം അതിന്റെ പരിധി ലംഘിക്കാറില്ല. സത്യം ബ്രഹ്മമാണ്. ഓം എന്ന മന്ത്രം സത്യത്തില്‍ അധിഷ്ഠിതമാണ്. ഞാന്‍ സത്യവും ധര്‍മ്മവുമാണ് അങ്ങയില്‍നിന്നും ആവശ്യപ്പെടുന്നത്. അതു നല്‍കാഞ്ഞാല്‍ അങ്ങയുടെ മുമ്പില്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കും'.
കൈകേയിയുടെ അലട്ടുന്ന ചോദ്യങ്ങള്‍ക്കുമുമ്പില്‍ കാളവണ്ടിയുടെ ചക്രങ്ങളുടെയിടയില്‍നിന്നും രക്ഷപെടാനാവാതെ കഴിയുന്ന കാളയേപ്പോലെയായ രാജാവ് ക്ഷുഭിതനാവുകയും വിവര്‍ണ്ണനാവുകയുമുണ്ടായി. അദ്ദേഹം പറഞ്ഞു,'ദുഷ്ടേ ഞാന്‍ നിന്നെ ഉപേക്ഷിക്കുന്നു, നിന്നിലൂടെ കിട്ടിയ പുത്രനേയും. പ്രഭാതമാകുന്നു. ജനങ്ങള്‍ രാമന്റെ അഭിഷേകത്തിനായി മുറവിളി കൂട്ടിത്തുടങ്ങും. എന്റെ ജീവിതം തീരുകയാണ്. രാമന്റെ അഭിഷേകത്തിനായി കൊണ്ടുവന്ന ജലം രാമന്‍ എനിക്കു നല്‍കണം. അഭിഷേകവിഘ്‌നം വരുത്തിയാല്‍ നീയോ നിന്റെ പുത്രനോ എന്റെ ആത്മാവിന് ജലം നല്‍കാന്‍ പാടില്ല. എനിക്ക് ജനങ്ങളുടെ ദുഃഖം കാണുവാന്‍ വയ്യ'.
ഇത്തരം വാക്കുകള്‍ എന്തിനു പറയുന്നു? രാമനെ വരുത്തിയാലും. എന്റെ പുത്രനെ യുവരാജാവാക്കൂ. രാമനെ വനത്തിലേക്കയക്കൂ. അങ്ങയുടെ കടമ അതാണ്. കൈകേയി പറഞ്ഞു. 'എനിക്കെന്റെ പ്രിയപുത്രനായ രാമനെ കാണണം'രാജാവ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.
രാവ് പിന്‍വാങ്ങുകയും പ്രഭാതം ഉണരുകയും ചെയ്യവേ കുലഗുരുവായ വസിഷ്ഠന്‍ അഭിഷേകത്തിനുവേണ്ട എല്ലാ തയാറെടുപ്പുകളോടെയും അവിടെയെത്തി. ആ സമയം കൊട്ടാരത്തില്‍ സുമന്ത്രര്‍ നില്പുണ്ടായിരുന്നു. പോയ രാത്രിയിലുണ്ടായ സംഭവങ്ങളൊന്നുമറിയാതെ അദ്ദേഹം രാജാവിനെ സ്തുതിച്ചുകൊണ്ടുള്ള ഉണര്‍ത്തുപാട്ടുകള്‍ പാടിക്കൊണ്ടിരുന്നു. ദുഃഖിതനായ രാജാവിനുവേണ്ടി കൈകേയി രാമനെ ഉടനെ വരുത്തുകയെന്ന് സുമന്ത്രര്‍ക്കു നിര്‍ദ്ദശം നല്‍കി. രാജാവിന്റെ ആജ്ഞയില്ലാതെ താന്‍ എങ്ങനെപോകുമെന്നു സംശയിച്ചുനിന്ന സുമന്ത്രരോട് ദശരഥന്‍ തന്നെ ആജ്ഞാപിച്ചു'രാമനെ വരുത്തുക'.
പുറത്തേക്കിറങ്ങിയ സുമന്ത്രര്‍ കൊട്ടാരത്തിനുപുറത്ത് തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെയും ഉദ്യോഗസ്ഥപ്രമുഖരേയും കണ്ടു. പലരും വിലപിടിപ്പുള്ള സമ്മാനങ്ങളുമായാണ് എത്തിയിട്ടുള്ളത്.

സിദ്ധാര്‍ഥന്റെയും വസിഷ്ഠന്റെയും വാക്കുകള്‍

സിദ്ധാര്‍ഥന്റെയും വസിഷ്ഠന്റെയും വാക്കുകള്‍

അസമഞ്ജസിനെ നാടുകടത്തിയതിന്റെ കാരണങ്ങള്‍ രാജാവിന്റെ മുഖ്യ മന്ത്രിയായിരുന്ന  സിദ്ധാര്‍ഥന്‍ വിശദീകരിച്ചു. രാമനെതിരെ രാജ്ഞിയുടെ അഭിപ്രായം വിലപ്പോകയില്ല എന്ന് അദ്ദേഹം പ്രസ്താവിച്ചു. രാജകീയസമ്പത്ത് രാമനില്‍ നിന്നും മാറ്റുവാന്‍ ആവില്ലെന്നും ജനവികാരം രാജ്ഞിക്കെതിരാകുന്നുവെന്നും സിദ്ധാര്‍ഥന്‍ സൂചിപ്പിക്കുകയും ചെയ്തു. 'ഈ കാര്യങ്ങള്‍ ശരിയാണെന്ന് രാജ്ഞിക്കു തോന്നുന്നില്ല എങ്കില്‍ താനും അയോധ്യയിലെ ജനങ്ങളും രാമനോടൊപ്പം പോവുകയാണ്. നിങ്ങള്‍ പുത്രനായ ഭരതനോടൊപ്പം രാജ്യം ആഹ്‌ളാദത്തോടെ ഭരിച്ചുകൊള്ളൂ' ദശരഥന്‍  പറഞ്ഞു.
മര്യാദാപുരുഷോത്തമനായ രാമന്റെ ചോദ്യം ഏറ്റവും യുക്തിഭദ്രവും അര്‍ത്ഥവത്തുമായിരുന്നു എല്ലാം ഉപേക്ഷിച്ച എനിക്ക് സേനയും മറ്റും എന്തിനാണുപകരിക്കുക. ഇതൊക്കെ ഭരതന്‍ ഉപയോഗിച്ചുകൊള്ളട്ടെ. രാമന്‍ കൈകേയിയുടെ ദാസിയോടായി പറഞ്ഞു, വനത്തില്‍ ധരിക്കുവാനുള്ള വസ്ത്രവും ഒരു കുട്ടയും മണ്‍വെട്ടിയും പോയി കൊണ്ടുവരൂ.
അപ്പോള്‍ കൈകേയി സ്വയം മരവുരികള്‍ രാമനു നല്‍കി. അവര്‍ക്ക് എല്ലാ മാന്യതയും നഷ്ടമായിരുന്നു. രാമനും ലക്ഷ്മണനും ആ മരവുരികള്‍ അവിടെവച്ചുതന്നെ ധരിക്കയും ചെയ്തു. സീതാദേവിയാകട്ടെ മരവുരി ധരിക്കുവാനറിയാതെ വിഷമിച്ചപ്പോള്‍ രാമന്‍ ദേവിയെ മരവുരി ധരിക്കുവാന്‍ സഹായിക്കുകയും ചെയ്തു. ഉത്തമകുലജാതയായ ജനകപുത്രിയുടെ ഈയവസ്ഥ കണ്ട അന്തഃപുരസ്ത്രീകള്‍ കണ്ണുനീര്‍വാര്‍ത്തു. ദേവിയുടെ ഈ ദര്‍ശനം തന്നെ തങ്ങള്‍ക്ക് വരുംകാലങ്ങളില്‍ പുണ്യമായി ഭവിക്കുമെന്ന് അവര്‍ അഭിപ്രായപ്പെടുകയുണ്ടായി.
കൈകേയിയുടെ കൈയില്‍നിന്നും മരവുരി വാങ്ങുമ്പോള്‍ സീതാദേവിയെ തടഞ്ഞുകൊണ്ട് നിറകണ്ണുകളോടെ കുലഗുരുവായ വസിഷ്ഠന്‍ കൈകേയിയോടു പറഞ്ഞു, 'ദുഷ്ടയായ നീ രാജാവിനെ വഞ്ചിക്കുകയും മാന്യതയുടെ എല്ലാ പരിധികളും ലംഘിക്കുകയുമാണ്. സീത വനത്തിലേക്കു പോകുന്നില്ല. സീത അയോദ്ധ്യയുടെ സിംഹാസനത്തിലിരുന്ന് വിശ്വത്തെ ഭരിക്കും. പത്‌നി ഗൃഹസ്ഥന്റെ സ്വത്വം തന്നെയാണ്. അതിനാല്‍ രാമനു പകരം സീത രാജപദവി വഹിക്കും. ഈ അന്തഃപുരത്തെ കാത്തുരക്ഷിക്കുന്ന ഭടന്മാര്‍ രാമനേയും സീതയേയും ചുറ്റിനില്‍ക്കും. കോസലമാകമാനം അയോദ്ധ്യയുള്‍പ്പെടെ രാമനോടും സീതയോടുമൊപ്പം പോകും. ഭരതനും ശത്രുഘ്‌നനും മരവുരി ധരിച്ച് തങ്ങളുടെ ജ്യേഷ്ഠനോടൊപ്പം പോകും. ജനങ്ങളില്ലാത്ത വൃക്ഷങ്ങള്‍ മാത്രമുള്ള രാജ്യം നീ ഏകയായി ഭരിച്ചുകൊള്ളൂ. രാമനില്ലാത്ത രാജ്യം നിലനില്‍ക്കയില്ല'.
വസിഷ്ഠന്‍ തുടര്‍ന്നു 'തന്റെ പിതാവ് വേണ്ടെന്നുവച്ച രാജ്യം ഭരതന്‍ സ്വീകരിക്കയില്ല. ഭരതന്‍ നിന്നോടൊപ്പം പുത്രനായും വസിക്കയില്ല. തന്റെ പുത്രനെതിരേയാണ് നിന്റെ ഈ പ്രവൃത്തികള്‍. മൃഗങ്ങളും സര്‍പ്പങ്ങളും എല്ലാം രാമനോടൊപ്പം പോകും. വൃക്ഷങ്ങള്‍പോലും രാമനോടൊപ്പം പോകുവാന്‍ ആഗ്രഹിക്കും. അതുകൊണ്ട് മകള്‍ക്ക് മരവുരി നല്‍കാതെ രത്‌നങ്ങള്‍ നല്‍കൂ. മരവുരി അവള്‍ക്ക് യോജിച്ചതല്ല. മഹാബ്രാഹ്മണനും ഗുരുവുമായ വസിഷ്ഠന്റെ വാക്കുകള്‍ ഫലം കണ്ടില്ല.

കൈകേയിയുടെ മാതാവ്

വളരെ ക്രുദ്ധനായ സുമന്ത്രര്‍ കൈകേയിയെ ശകാരിക്കുകയുണ്ടായി. അവരുടെ പ്രവൃത്തിയിലെ നീതികേട് എണ്ണിപ്പറഞ്ഞ് അവരെ ഭര്‍ത്താവിന്റെ കൊലപാതകിയെന്ന് സുമന്ത്രര്‍ വിളിച്ചു. അവര്‍ ഇക്ഷ്വാകു വംശത്തിന്റെ രീതികളെ മാറ്റിമറിച്ചുവെന്നും സുമന്ത്രര്‍ തുടര്‍ന്നു പറഞ്ഞു.
നിങ്ങളുടെ പുത്രനായ ഭരതനെ രാജാവാക്കിക്കൊള്ളൂ. ഞങ്ങളെല്ലാവരും രാമനോടൊപ്പം പോകയാണ്. ഈ രാജ്യത്ത് ഒരു ബ്രാഹ്മണന്‍ പോലും ഉണ്ടാകുകയില്ല. എല്ലാവരും ഉപേക്ഷിച്ചു പോയാല്‍ പിന്നെ നിങ്ങള്‍ക്ക് എന്താണ് ആഹ്ലാദിക്കുവാന്‍ ഉള്ളത്. നിങ്ങളുടെ സ്വഭാവം നിങ്ങളുടെ മാതാവിന്റേതു പോലെ തന്നെയത്രേ.
''നിങ്ങളുടെ മാതാവിന്റെ ദുഃസ്വഭാവത്തെപ്പറ്റി കുറേ കേട്ടിരിക്കുന്നു. അനുഗ്രഹങ്ങള്‍ നല്‍കുവാന്‍ ശക്തനായ ആരോ നിങ്ങളുടെ പിതാവിന് ഒരു വരം നല്‍കുകയുണ്ടായി. അതുമൂലം അദ്ദേഹത്തിന് പക്ഷികളുടേയും മറ്റു ജീവികളുടേയും ഭാഷ മനസ്സിലാകുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം ശയ്യയില്‍ കിടക്കുമ്പോള്‍ ഒരു പക്ഷിയുടെ ചിലക്കല്‍ കേട്ട് ചിരിച്ചുപോയി. ഉടനെ നിങ്ങളുടെ മാതാവിന് അതിന്റെ രഹസ്യമറിയണം. കേകയരാജാവ് പത്‌നിയോടു പറഞ്ഞു അതിന്റെ രഹസ്യം പുറത്തു പറഞ്ഞാല്‍ എന്റെ മരണം ആസന്നമാകും. നിങ്ങളുടെ മാതാവ് മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു രാജന്‍ അങ്ങു മരിക്കുകയോ ജീവിക്കുകയോ എന്തുമാകട്ടെ, ആ രഹസ്യം എന്നോടു പറയൂ. ഇക്കാര്യം രാജാവ് വരം നല്‍കിയ ഋഷിയോടു പറഞ്ഞു. അദ്ദേഹം സന്തുഷ്ടനാവുകയും പത്‌നി മരിച്ചാലും പിതൃഗൃഹത്തലേക്കു പോയാലും ആ രഹസ്യം പുറത്തുപറയരുത് എന്ന് രാജാവിനെ ഉപദേശിക്കുകയും ചെയ്തു. മാതാവിനെപ്പോലെ നിങ്ങളും ഭര്‍ത്താവിനെ തെറ്റായ മാര്‍ഗത്തിലേക്കു നയിക്കുകയാണ്. അങ്ങനെ ചെയ്യരുതേ. 
നിങ്ങളെ മാത്രമല്ല എല്ലാ സൃഷ്ടികളേയും സംരക്ഷിക്കുവാന്‍ കഴിയുന്ന രാമനെ അയോധ്യയുടെ സിംഹാസനത്തില്‍ അവരോധിക്കൂ. രാമന്‍ വനത്തിലേക്കു പോയാല്‍ നിങ്ങള്‍ക്കുണ്ടാകുന്നത് ഭയങ്കരമായ പേരുദോഷമാണ്'' ഇങ്ങനെ സുമന്ത്രര്‍ തൊഴുകൈകളോടെ കൈകേയിയോട് അപേക്ഷിക്കുകയുണ്ടായി എങ്കിലും അവരുടെ നിലപാടില്‍ തെല്ലും മാറ്റമുണ്ടായില്ല.
രാമന്റെ വനവാസം സുരക്ഷിതവും രാജകീയവും ആകണമെന്ന ആഗ്രഹത്തോടെ, രാമനോടൊപ്പം ചതുരംഗസേനയുടെ ഒരു ഭാഗവും സമ്പത്തും സ്ത്രീകളും ബലവാന്മാരും വനജീവിതത്തെക്കുറിച്ച് അറിയാവുന്ന മറ്റാളുകളും രാജ്യത്തിന്റെ ധാന്യശേഖരത്തിന്റെയും ധനത്തിന്റെയും അധികാരികളും പോകേണ്ടതാണെന്ന് ദശരഥന്‍ സുമന്ത്രര്‍ക്ക് ആജ്ഞ നല്‍കി. ഇതുകേട്ട് ഞെട്ടിപ്പോയ കൈകേയി സമ്പത്തില്ലാത്ത രാജ്യം ഭരതന്‍ സ്വീകരിക്കയില്ല എന്നു പറഞ്ഞു. ഈ കുലത്തിലെ തന്നെ രാജാവായിരുന്ന സഗരന്‍ തന്റെ ജ്യേഷ്ഠപുത്രനായ അസമഞ്ജസിനെ ഒന്നും നല്‍കാതെയാണ് ഉപേക്ഷിച്ചതെന്നും രാമനും അതുപോലെ വെറും കൈയോടെ പോകണമെന്നും കൈകേയി ശഠിക്കുകയുമുണ്ടായി. ഇതിന് ദശരഥന്‍ 'ലജ്ജാകരം' എന്ന് മറുപടിനല്‍കി. അവിടെയുണ്ടായിരുന്നവരൊക്കെ ഇതേ അഭിപ്രായമുള്ളവരായിരുന്നു.

രാമന്‍ വനയാത്രയില്‍

രാമന്‍ വനയാത്രയില്‍

സീതാദേവിയെ മരവുരിയണിയിച്ച് സന്ന്യാസിനിയാക്കുന്നതു കണ്ട ജനങ്ങള്‍ ഇതു തടയാനാകാത്ത ദശരഥനെതിരെ ആക്രോശിച്ചു. ദുഃഖിതനായ ദശരഥന്‍ കൈകേയിയോട് അവര്‍ കാണിക്കുന്ന അന്യായത്തിനെതിരെ സംസാരിച്ചു. ഇതിന്റെ ഫലം മുളങ്കാടുകള്‍ പൂക്കുമ്പോള്‍ മുളകള്‍ ഇല്ലാതാവുന്നതു പോലെയായി തന്റെ ജീവിതമെന്നദ്ദേഹം പറയുകയുണ്ടായി. ശിരസ്സു താഴ്ത്തിയിരുന്ന പിതാവിനോട് രാമന്‍ തന്റെ അഭാവത്തില്‍ മാതാവായ കൌസല്യാദേവിയോട് കുടുതല്‍ കരുണയും കരുതലും  കാണിക്കേണമെന്ന് അപേക്ഷിച്ചു.
രാജാജ്ഞയാല്‍ സീതാദേവിയെ സര്‍വാഭരണ വിഭൂഷിതയാക്കുകയുണ്ടായി. ദേവിക്കു വേണ്ട ഉപദേശങ്ങള്‍ കൗസല്യാമാതാവ് നല്‍കുകയും ചെയ്തു. തനിക്കു ലഭിച്ച വിദ്യയുടേയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ ഭര്‍ത്താവ് സ്ത്രീയെ സംബന്ധിച്ചിടത്തോളം ദൈവമാണത്രേ. അങ്ങനെയുള്ള ഭര്‍ത്താവിനെ എങ്ങനെയാണ് ചെറുതായിക്കാണുകയെന്ന് സീതാദേവി അഭിപ്രായപ്പെടുകയുണ്ടായി. രാമനാകട്ടെ തന്റെ എല്ലാ മാതാക്കളോടുമായി 'തെറ്റായ വാക്കോ പ്രവൃത്തിയോ എന്റെ അറിവില്ലായ്മ മൂലം ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങളെല്ലാവരും അത് ക്ഷമിക്കണം' എന്ന് അപേക്ഷിക്കുകയും താനിവിടെനിന്നും പോവുകയാണെന്ന് പറയുകയും ചെയ്തു.
രാമനും സീതാദേവിയും ലക്ഷ്മണനെയും പിതാവിനേയും കൗസല്യാദേവിയേയും സുമിത്രാദേവിയേയും നമസ്‌കരിക്കുകയും അവരെ പ്രദക്ഷിണം ചെയ്യുകയുമുണ്ടായി. തന്റെ പുത്രന് ദീര്‍ഘമായി ഉപദേശം നല്‍കിയ സുമിത്രാദേവി ലക്ഷ്മണനോട് ഇപ്രകാരം പറഞ്ഞുനര്‍ത്തി:
'രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം, അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ താത യഥാസുഖം'. രാമനെ ദശരഥനെന്നറിയുക (പിതാവെന്നറിയുക), ജനകാത്മജയെ ഞാനെന്നറിയുക (മാതാവെന്നറിയുക), വനത്തെ അയോദ്ധ്യയെന്നുമറിയുക (ഭവനമെന്നുമറിയുക), ഇനി സന്തോഷത്തോടെ പോകൂ.
മാതലി ഇന്ദ്രനോടെന്ന പോലെ സുമന്ത്രര്‍ രാമനോട് രഥത്തില്‍ കയറുവാന്‍ അഭ്യര്‍ത്ഥിച്ചു. എല്ലാം മംഗളമായിരിക്കട്ടെ എന്ന് ആശംസിക്കയും ചെയ്തു. നിഷ്‌കാസിതരായ മൂന്നു പേരേയും കൊണ്ട് രഥം മുന്നോട്ടു പോകുമ്പോള്‍ സുമന്ത്രര്‍ രാമനോടായി പറഞ്ഞു 'കൈകേയി പറഞ്ഞ പതിന്നാലു വര്‍ഷം ഇന്നു തുടങ്ങുന്നു'. 
ദുഃഖിതരായ അയോദ്ധ്യാവാസികള്‍ പലരും രഥത്തിന്റെ പിന്നാലെ കൂടി രഥം വേഗം കുറച്ച് തെളിക്കുവാന്‍ സുമന്ത്രരോടപേക്ഷിച്ചു, അവര്‍ക്ക് രാമനെ കണ്‍നിറയെ കാണുവാനായി. രഥം മുന്നോട്ടുതന്നെ പൊയ്‌ക്കൊണ്ടിരുന്നു. രഥം വേഗത്തില്‍ ഓടിക്കുവാന്‍ രാമന്‍ നിര്‍ദേശവും നല്‍കി. അന്തഃപുരത്തിലെ സ്ത്രീകള്‍ രാമന്റെ നിഷ്‌കാസനത്തെത്തുടര്‍ന്ന് വാവിട്ടു നിലവിളിച്ചു. രാമനോട് അനീതി പ്രവര്‍ത്തിച്ചു എന്ന് എല്ലാവര്‍ക്കും തോന്നുകയുണ്ടായി. ഹോമങ്ങളും പൂജകളും മുടങ്ങി. ജനങ്ങള്‍ ഭക്ഷണം ഉണ്ടാക്കിയില്ല. അവര്‍ തങ്ങളുടെ മറ്റു തൊഴിലുകളിലും വ്യാപൃതരായില്ലത്രേ. ഗജങ്ങള്‍ തീറ്റ താഴെയിട്ടു. ഗോക്കള്‍ കുട്ടികള്‍ക്ക് പാല്‍ നല്‍കാതെയായി. നക്ഷത്രമണ്ഡലവും പതിവുപോലെയല്ലാതെ കാണപ്പെട്ടു. ശക്തമായ കാറ്റിനെത്തുടര്‍ന്ന് സമുദ്രം പ്രക്ഷുബ്ധമായി. 
പെട്ടെന്ന് അയോദ്ധ്യ ഒരു തകര്‍ന്ന പട്ടണമായി മാറുകയുണ്ടായി. എല്ലാ മുഖങ്ങളിലും ദുഃഖമാണ് കണ്ടത്. എല്ലാ ജനങ്ങളും രാമനെ ഓര്‍ത്തുകൊണ്ടിരുന്നു.