പേജുകള്‍‌

2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച

കെണിയില്‍പ്പെട്ട മാന്‍


കെണിയില്‍പ്പെട്ട മാന്‍

കൈകേയിയുടെ വാക്കുകളാല്‍ പ്രലോഭിതനായ ദശരഥന്‍ കെണിയില്‍പ്പെട്ട മാനിനെപ്പോലെ തന്റെ നാശത്തിലേക്ക് വഴുതിവീഴുകയാണുണ്ടായത്. തന്നോടുള്ള സ്‌നഹത്തിന്റെ മതിഭ്രമത്താല്‍ ആവശ്യപ്പെടുന്നതെന്തും നല്‍കുവാന്‍ സന്നദ്ധനായ രാജാവിനോട് കൈകേയി പറഞ്ഞു, 'അങ്ങ് വാഗ്ദാനം ചെയ്ത രണ്ടു വരങ്ങളും നിശ്ചയമായും നല്‍കിയിരിക്കണം. അവയെന്താണെന്ന് ഞാനിപ്പോള്‍ വ്യക്തമാക്കാം. എന്റെ അപേക്ഷയെ ശ്രദ്ധിച്ചാലും:'രാമനെ അഭിഷേകം ചെയ്യുവാന്‍ നടത്തിയ തയാറെടുപ്പുകള്‍ ഉപയോഗിച്ച് എന്റെ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണം. എന്റെ രണ്ടാമത്തെ വരവും നല്‍കുവാന്‍ സമയമായിരിക്കുന്നു. മരവുരിയും മാന്‍തോലും ധരിച്ച് ദൃഢചിത്തനായ രാമന്‍ ദണ്ഡകവനത്തില്‍ ഒരു തപസ്വിയായി പതിനാലു കൊല്ലം കഴിയേണം. ഭരതന്‍ എതിര്‍പ്പില്ലാതെ തന്റെ പദവി ഉടനെ ഉറപ്പാക്കട്ടെ. ഇതാണെന്റെ ഏറ്റവും വലിയ മോഹം. രാമന്‍ ഇന്നുതന്നെ വനത്തിലേക്കു പോകുന്നത് എനിക്കു കാണണം. രാജാധിരാജനായ അങ്ങ് സ്വന്തം വാഗ്ദാനത്തെ നിറവേറ്റി വംശത്തേയും ധര്‍മ്മത്തേയും രക്ഷിക്കൂ'.
കൈകേയിയുടെ വാക്കുകള്‍ കേട്ട രാജാവ് തകര്‍ന്നുപോയി. ഈ കേട്ടത് ഒരു ദിവാസ്വപ്‌നമോ തന്റെ മനസ്സിന്റെ വിഭ്രാന്തിയോ എന്നും മറ്റും രാജാവ് ചിന്തിക്കുകയുണ്ടായി. എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തതയില്ലാതെ ശിഥില ചിന്തകളാല്‍ അദ്ദേഹം ബോധരഹിതനാവുകയും ചെയ്തു. ബോധം തിരികെ വന്നപ്പോള്‍ സിംഹിയുടെ മുന്നിലകപ്പെട്ട മാനിനേപ്പോലെ ദുഃഖിതനും വ്യഥിതനുമായ രാജാവ് തറയിലിരുന്ന് മാന്ത്രികശക്തിയാല്‍ മയക്കപ്പെട്ട സര്‍പ്പത്തെപ്പോലെ ദീര്‍ഘനിശ്വാസങ്ങള്‍ വിടുവാന്‍ തുടങ്ങി.'കഷ്ടം' എന്നു പറഞ്ഞ് ദുഃഖം ഘനീഭവിച്ച മനസ്സോടെ അദ്ദേഹം വീണ്ടും ബോധരഹിതനായി. ബോധം തിരികെക്കിട്ടിയപ്പോള്‍ ദുഃഖത്താലും ക്രോധത്താലും തന്റെ തേജസ്സുകൊണ്ട് കൈകേയിയെ ദഹിപ്പിക്കുമാറ് ഇപ്രകാരം പറയുകയുണ്ടായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ