പേജുകള്‍‌

2018 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

ആഹാരം കഴിച്ചയുടന്‍ കുളിക്കരുത്, എന്തുകൊണ്ട്?



ആഹാരം കഴിച്ചയുടന്‍ കുളിക്കരുത്, എന്തുകൊണ്ട്?


ഭക്ഷണം കഴിച്ചയുടന്‍ കുളിച്ചാല്‍ പിന്നീട് ആഹാരം കഴിക്കാന്‍ കിട്ടില്ലെന്നാണ് വിശ്വാസം.
  നീന്തല്‍ക്കുളി സര്‍വ്വസാധാരണമായിരുന്ന പണ്ടത്തെക്കാലത്ത്, നീന്തലെന്ന ഏറെ കായികാധ്വാനം ആവശ്യമുള്ള കുളി, ആഹാരത്തിനു ശേഷമാകുന്നത്  ആഹാരം കഴിഞ്ഞയുടനെ കഠിനജോലി ചെയ്യുന്നതിന് തുല്യമായതുകൊണ്ടാണ് ഇങ്ങനെ പാടില്ലെന്ന് പറയുന്നതെന്നായിരുന്നു വിശ്വാസം.
  ഭക്ഷണപ്രിയരായ നമ്പൂതിരിമാരുടെയിടയില്‍ ആഹാരം കഴിച്ചയുടന്‍ കുളിക്കാന്‍ പാടില്ലെന്നതിനെപ്പറ്റി രസകരമായ ഒരു പരാമര്‍ശമുണ്ടായിരുന്നു. മൂക്കുമുട്ടെ ആഹാരം കഴിച്ചിരുന്നാലും കുളിക്കിടെ കുറച്ചുവെള്ളം അകത്തുപോകുമല്ലോ! ഇതു വയര്‍ വീണ്ടും വീര്‍ക്കാന്‍ ഇടയാകുമെന്നതിനാല്‍ വയറിന്‍റെ വലുപ്പം ചെറുതാക്കാന്‍ മാത്രമാണ് കുളിയെ മുന്‍നിര്‍ത്തി ഈ വിലക്കുണ്ടായിരുന്നതെന്നാണ് സാരസന്മാര്‍ പറഞ്ഞുവരുന്നത്.
  ഭക്ഷണം കഴിച്ചയുടന്‍ കുളിച്ചാല്‍ വീണ്ടും ആഹാരം കിട്ടില്ലെന്ന് പറയാന്‍ മാത്രം ഇതില്‍ കാര്യമുണ്ടോ എന്ന ചോദ്യം തീര്‍ച്ചയായും അസ്ഥാനത്തല്ല.
  ദഹനപ്രക്രിയ വേഗത്തില്‍ നടക്കുന്നതിന് ചൂട് ആവശ്യമാണ്‌. ആഹാരം കഴിഞ്ഞുടന്‍ കുളിച്ചാല്‍ എളുപ്പത്തില്‍ ദാഹിക്കുന്നതിനുവേണ്ട ചൂട് ശരീരത്തില്‍ ലഭ്യമാകാതെ വരും. ദഹനം താമസിച്ചാല്‍ അടുത്ത ആഹാരത്തിനു താമസം നേരിടും.
  ഇക്കാരണം കൊണ്ടാണ് ഊണ് കഴിഞ്ഞുടന്‍ കുളിക്കരുതെന്നും കുളിച്ചാല്‍ പിന്നെ ആഹാരം കിട്ടില്ലെന്നും പറഞ്ഞുവന്നിരുന്നത്.

മോഷ്ടിച്ച് കഴിച്ചാല്‍ എക്കിള്‍ ഉണ്ടാകുമോ?



മോഷ്ടിച്ച് കഴിച്ചാല്‍ എക്കിള്‍ ഉണ്ടാകുമോ?


  അടുക്കളയില്‍ നിന്നോ കലവറയില്‍ നിന്നോ എക്കിളോടുകൂടി പുറത്തുവരുന്ന കുട്ടികളെ നോക്കി മുതിര്‍ന്നവര്‍ പറയും, എന്തോ മോഷ്ടിച്ച് കഴിച്ചു, അതുകൊണ്ടാണ് എക്കിള്‍ ഉണ്ടായതെന്ന്.
  മുതിര്‍ന്നവര്‍ നടത്തിയ കണ്ടുപിടുത്തം ശരിതന്നെ. മോഷ്ടിച്ച് കഴിച്ചാല്‍ എക്കിള്‍ ഉണ്ടാവും. സ്വന്തം വീട്ടില്‍ നിന്നും മോഷ്ടിച്ചെടുക്കുന്ന ആഹാരസാധനങ്ങള്‍ കുട്ടികള്‍ ധൃതിപിടിച്ചാണല്ലോ കഴിക്കുന്നത്. ധൃതിപിടിച്ച് ഭക്ഷണം കഴിക്കുമ്പോഴാണ് എക്കിള്‍ ഉണ്ടാകുന്നതെന്ന് ശാസ്ത്രം പറയുന്നു. അപ്പോള്‍ മോഷ്ടിച്ചുകഴിച്ചതുകൊണ്ടല്ലെങ്കിലും മോഷ്ടിച്ചെടുത്ത ആഹാരപദാര്‍ത്ഥം ധൃതിയില്‍ കഴിച്ചതുകൊണ്ടാണ്‌ എക്കിള്‍ ഉണ്ടായത്.
  ഇതുകൂടാതെ ചുക്കുകാപ്പി കുടിക്കുമ്പോഴും അമിതമായി ചിരിക്കുമ്പോഴും ദഹനക്കുറവുണ്ടാകുമ്പോഴുമൊക്കെ എക്കിള്‍ അനുഭവപ്പെടാറുണ്ട്.
  മനുഷ്യശരീരത്തിനകത്തുള്ള ഡയഫ്രത്തിലോ അതിലേക്കുള്ള നാഡിയിലോ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുമ്പോഴാണ് എക്കിള്‍ ഉണ്ടാവുന്നത്. അസ്വസ്ഥത ഉണ്ടാകുമ്പോള്‍ ഡയഫ്രം പെട്ടെന്ന് ചുരുങ്ങും. ഈ ചുരുങ്ങല്‍ തടയുന്നതിനുവേണ്ടി ചെറുനാക്ക് അടയുന്നതാണ് എക്കിളായി അനുഭവപ്പെടുന്നത്.
  ഇതൊരു രോഗലക്ഷണമല്ലെങ്കിലും മെനൈഞ്ചറ്റിസ്, ന്യുമോണിയ, യുറേമിയ എന്നീ രോഗങ്ങള്‍ പിടിപ്പെട്ടവരില്‍ തുടര്‍ച്ചയായി എക്കിള്‍ കണ്ടുവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഭക്ഷണം ഇലകളില്‍ കഴിക്കണമോ?



ഭക്ഷണം ഇലകളില്‍ കഴിക്കണമോ?


  ഡിസ്പോസിബിള്‍ പാത്രങ്ങളുടെ നിര്‍മ്മാണവും ഇലകളുടെ ദൗര്‍ലഭ്യവും അനുഭവപ്പെട്ടതോടെ മലയാളിക്കുപോലും ഇലയില്‍ ഭക്ഷണം കഴിക്കുകയെന്നത് ഒരു ഓര്‍മ്മയായി മാറിയെന്നതാണ് സത്യം. എല്ലാ ദിവസവും ഉച്ചയൂണ് കേരളീയര്‍ ഇലയില്‍ കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കാര്‍ഷികമേഖലയും കാര്‍ഷികവൃത്തിയും ആരാധനയായി കണ്ടിരുന്ന ആ തലമുറ കാലയവനികക്കുള്ളില്‍ മറഞ്ഞതോടെ നാം പാശ്ചാത്യസംസ്ക്കാരത്തിന്‍റെ അടിമകളാകാന്‍ തുടങ്ങി. വാഴയില തുടങ്ങിയ ദോഷരഹിതവും പരിശുദ്ധിയുള്ളതുമായ ഇലകളിലാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇവയ്ക്കൊക്കെ തന്നെ നേരിയ തോതിലും ഔഷധഗുണം ലഭ്യമാക്കാന്‍ കഴിവുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ഇലയില്‍ ഭക്ഷണം കഴിക്കുന്നതോടെ ശുചിത്വം പാലിക്കാന്‍ കഴിയുന്നു എന്ന് മാത്രമല്ല പാത്രങ്ങള്‍ പോലെ ഒരാളുപയോഗിച്ചശേഷം മറ്റൊരാള്‍ക്ക് ഉപയോഗിക്കേണ്ടിയും വരുന്നില്ല.

ഇരുന്നുവേണമോ ഭക്ഷണം കഴിക്കാന്‍?




ഇരുന്നുവേണമോ ഭക്ഷണം കഴിക്കാന്‍?
     വൈദേശിക ഭക്ഷണസംസ്ക്കാരം ഉള്‍കൊണ്ട മലയാളി പോലും ഇന്ന് നടന്നും നിന്നുമൊക്കെയാണ് ആഹാരം കഴിക്കുന്നതും കുട്ടികളെ കഴിപ്പിക്കുന്നതും. എന്നാല്‍ ചാണകം മെഴുകിയ തറയില്‍ പനയോല തടുക്കില്‍ ചമ്രം പടിഞ്ഞിരുന്ന് മുന്നിലെ തൂശ്ശനിലയില്‍ ഭക്ഷണം കഴിക്കാനാണ് ആദ്യമേ ശീലിച്ചത്. കൂടാതെ പലകയിട്ട് അതില്‍ ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കാനും മലയാളിക്കേറെ താല്‍പ്പര്യമായിരുന്നെന്നു.അതിന് പിന്നില്‍ ശാരീരികഗുണകരമായ ചില നാട്ടറിവുകള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. പക്ഷേ സുഖഭോഗങ്ങളുടെ നടുക്കടലില്‍ അലഞ്ഞ് ദൈവം നല്‍കിയ ജീവിതമാണ് തങ്ങള്‍ തുലയ്ക്കുന്നതെന്ന് ആധുനിക കാലത്തിനറിയില്ല.
   നാം ഭക്ഷണം കഴിക്കുന്ന സമയത്ത് ശരീരത്തിലെ സന്ധികള്‍ക്ക് കാര്യമായ ചലനം അനുഭവപ്പെടുന്നുവെന്ന് ആധുനികള്‍ വൈദ്യശാസ്ത്രം വെളിപ്പെടുത്തുന്നു. ഈ ചലനം സന്ധികള്‍ക്ക് അധികഭാരമുണ്ടാക്കും. ഇരുന്നാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ഈ അധികഭാരത്തെ കുറയ്ക്കാന്‍ കഴിയും. മാത്രമല്ല നിന്ന് ഭക്ഷണം കഴിച്ചാല്‍ അമിതഭക്ഷണം കഴിക്കാനുള്ള സാഹചര്യവും ഉണ്ടാവുകയാണ്. അമിതഭക്ഷണം ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നും ശാസ്ത്രം പറയുന്നു. മുഴുവയര്‍ കഴിക്കാതെ ശീലിക്കുന്നവര്‍ക്ക് സ്വാഭാവിക അസുഖങ്ങളും കുറഞ്ഞിരിക്കുമെന്ന് ആരോഗ്യസംഘടനകളുടെ പ്രതിവാര കുറിപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു.

രാത്രി ഉറങ്ങുന്ന നായും പകല്‍ ഉറങ്ങുന്ന പെണ്ണും ഒരുപോലെ ആണോ?



രാത്രി ഉറങ്ങുന്ന നായും പകല്‍ ഉറങ്ങുന്ന പെണ്ണും ഒരുപോലെ ആണോ?


  സ്വധര്‍മ്മം മറന്ന് ഉറങ്ങുന്ന രണ്ടു ജീവികളുടെ കര്‍ത്തവ്യത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു. രാത്രികാലത്ത് വീടിന് കാവല്‍ കിടക്കേണ്ടത് നായയാണ്‌. അതുപോലെ സാധാരണ  ഗൃഹനാഥന്‍ വീട്ടില്‍ ഇല്ലാതിരുന്ന പകല്‍സമയത്ത് കര്‍ത്തവ്യത്തില്‍ മുഴുകേണ്ടത് സ്ത്രീയാണ്. ഈ സമയത്ത് ഉറങ്ങിയാല്‍ കൃത്യത്തിന് വിലോപം സംഭവിക്കും. എന്നാല്‍ കൃത്യവിലോപമല്ല ആരോഗ്യശാസ്ത്രമാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. പകലുറങ്ങിയാല്‍ ആരോഗ്യത്തിന് ഹാനി വരുത്തുമെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളെ കണ്ണാടി കാണിക്കാമോ?




കുട്ടികളെ കണ്ണാടി കാണിക്കാമോ?
  കുട്ടികളെ മുഖകണ്ണാടി കാണിക്കരുതെന്ന് മുതിര്‍ന്നവര്‍ ശാസിക്കാറുണ്ട്.
  കണ്ണാടിയിലൂടെ സ്വന്തം പ്രതിച്ഛായ കാണുന്ന കുട്ടി, കാര്യങ്ങളൊക്കെ തിരിച്ചറിയാന്‍ പ്രാപ്തിയായവനാണെങ്കില്‍ അന്ധാളിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട, ഒരു കൂട്ടുകാരനെ കിട്ടി എന്ന് പറഞ്ഞ്, അല്ലെങ്കില്‍ ചിന്തിച്ച് തന്‍റെ സ്വന്തം പ്രതിച്ഛായ നോക്കി അദ്ഭുതം കൂറുന്ന കുട്ടികളും ഇല്ലാതില്ല.
  കുട്ടികള്‍ കണ്ണാടി നോക്കിയാല്‍ സ്വന്തം രൂപത്തില്‍ താല്‍പ്പര്യവും പൂണ്ട് അതില്‍ മാത്രം അഭിരമിക്കുകയും എന്നതുകൊണ്ടാണ് കുഞ്ഞുങ്ങളെ കണ്ണാടി കാണിക്കരുതെന്ന് പറയുന്നതെന്നാണ് കരുതപ്പെടുന്നത്. സുന്ദരനായ കുഞ്ഞ് മുത്തിര്‍ന്നു കഴിഞ്ഞാലും സ്വന്തം സൗന്ദര്യം ആസ്വദിക്കാന്‍ വേണ്ടി കണ്ണാടിക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവിടുമെന്നും അത് ഒഴിവാക്കാന്‍ ചെറുതിലേ മുതല്‍ തന്നെ നിയന്ത്രണമേര്‍പ്പെടുത്തണമെന്നു പറയുന്നതാണെന്ന് ചില മാതാപിതാക്കള്‍ ധരിച്ചുവരുന്നുണ്ട്. വൈരൂപ്യമുള്ള കുഞ്ഞുങ്ങള്‍ കണ്ണാടി കാണുന്നതിലൂടെ അവരുടെ മനോവിഷമത്തിന് ഹേതുവാകുമെന്നും കരുതപ്പെട്ടിരുന്നു.
  എന്നാല്‍ ഏറ്റവും കടുത്ത അന്ധവിശ്വാസം കുട്ടികളെ കണ്ണാടി കാട്ടുന്നതുമായി നിലനിന്നിരുന്നത്, കുട്ടികള്‍ കണ്ണാടി നോക്കിയാല്‍ അവര്‍ അതിലൂടെ കാണുന്നത് അവരുടെ പ്രതിരൂപമായിരിക്കില്ലെന്നും മറിച്ച് പ്രതങ്ങളുടെ രൂപമായിരിക്കുമെന്നതുമായിരുന്നു.
  കണ്ണാടിക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന പ്രേതങ്ങള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക്‌ കാണാമെന്നും കണ്ണാടിയില്‍ നോക്കുന്ന കുഞ്ഞുങ്ങള്‍ കരയുന്നത് ഇതുകൊണ്ടാണെന്നും പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു.
  എന്നാല്‍, സൂര്യപ്രകാശം കുട്ടികളുടെ കണ്ണില്‍ തട്ടി റെറ്റിനയ്ക്ക് ആഘാതം ഏല്‍ക്കുമെന്നതുകൊണ്ടാണ് കുട്ടികളെ കണ്ണാടി കാണിക്കരുതെന്ന് പറയുന്നത്. അശ്രദ്ധമായി കണ്ണാടി ഉപയോഗിച്ചാല്‍ ഉച്ചസമയമാണെങ്കില്‍ കണ്ണാടിയിലൂടെ പ്രതിഫലിച്ചുവരുന്ന സൂര്യപ്രകാശം നേരിട്ട് സൂര്യനെ നോക്കുന്ന തീവ്രതയോടെ കുരുന്ന് നേത്രപടലങ്ങളില്‍ പ്രവേശിക്കും.
  കൈകാലിട്ടടിച്ച് കരയുന്ന കുട്ടിയുടെ കണ്ണാടിയില്‍ കാണുന്ന രൂപവും, അങ്ങനെ തന്നെ ആയിരിക്കുമെന്നതിനാലാണ്, അത് മറ്റൊരാളാണെന്ന് തെറ്റിദ്ധരിച്ച്‌ കുട്ടി പേടിക്കുമെന്ന് പറയുന്നത്.

സ്ത്രീകള്‍ എന്തുകൊണ്ട് കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുരുത്?

സ്ത്രീകള്‍ എന്തുകൊണ്ട് കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുരുത്?


  സ്ത്രീകള്‍ പാലിക്കേണ്ട നിയമങ്ങളെപ്പറ്റി മനു മഹര്‍ഷി മുതല്‍ വൈകുണ്ഠസ്വാമി വരെയുള്ളവര്‍ പ്രസ്താവിച്ചിട്ടുണ്ട്.
  സ്തീ, പൂര്‍വ്വികര്‍ അനുശാസിക്കുന്ന നിയമങ്ങള്‍ പരിപാലിക്കാന്‍ തയ്യാറായാല്‍ അത് കുടുംബത്തിനു മാത്രമല്ല ദേശത്തിനും അതുവഴി പ്രപഞ്ചത്തിനും ഗുണം ചെയ്യുമെന്നതാണ് വാസ്തവം.
  സ്ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുതെന്ന് പഴയ തലമുറ ഓര്‍മ്മപ്പെടുത്താറുണ്ട്. അതിനെ അഹങ്കാരത്തിന്‍റെ ലക്ഷണമായിട്ടാണവര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ആധുനികരായ പല സ്ത്രീകളും പുരുഷസമത്വം പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള ഹീനനടപടികളിലൂടെയാണ്. കാല്‍ താഴ്ത്തിയിട്ടിരിക്കുന്നതോ, പുരുഷനേയോ മുതിര്‍ന്നവരേയോ കണ്ടാല്‍ എഴുന്നേല്‍ക്കുന്നതോ ഒരു കുറവായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നതും.
  എന്നാല്‍ സ്ത്രീകള്‍ സ്ഥിരമായി കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരിക്കുന്നത് ദോഷകരമാണെന്ന് വൈദ്യശാസ്ത്രം വിലയിരുത്തുന്നു. അങ്ങനെ ചെയ്യുന്നത് വിവാഹിതരായാലും അവിവാഹിതരായാലും ദോഷം തന്നെ.
  കാലിന്മേല്‍ കാല്‍ കയറ്റി സ്ഥിരമായിരിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രത്തില്‍ ദോഷം സംഭവിക്കുമെന്ന യാഥാര്‍ത്ഥ്യം പഴമക്കാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അവര്‍ അത്തരത്തില്‍ ഉപദേശം തന്നിരുന്നതും.