പേജുകള്‍‌

2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച

കൈകേയി ഉപേക്ഷിക്കപ്പെടുന്നു



നിയൊരു പ്രഭാതമുണ്ടാക്കി നൃശംസയായ കൈകേയിയുടെ മുഖം വീണ്ടും കാണുവാനിടവരുത്തരുതേ എന്ന് ദശരഥന്‍ നക്ഷത്രഭൂഷിതയായ ആകാശത്തെനോക്കി യാചിച്ചു. അദ്ദേഹം വീണ്ടുമൊരിക്കല്‍കൂടി രാമനെ വനത്തിലയക്കരുതെന്നും മറ്റും രാജ്ഞിയോട് അപേക്ഷിക്കുകയുണ്ടായി. അവരാകട്ടെ അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിക്കുകയുണ്ടായില്ല. അതിദുഃഖിതനായ രാജാവ് ബോധരഹിതനായി തറയില്‍വീണു.
തറയില്‍വീണ് അസ്വസ്ഥനായി തിരിഞ്ഞുംമറിഞ്ഞും കിടന്നിരുന്ന രാജാവിനോട് രാജ്ഞി ഇപ്രകാരം പറയുകയുണ്ടായി'എനിക്ക് വരം നല്‍കിയശേഷം ഏന്തോ പാപം ചെയ്തപോലെ അങ്ങ് ഖിന്നനായി കിടക്കുന്നതെന്താണ്? അങ്ങ് ധര്‍മ്മത്തിന്റെ പരിധിയില്‍ നില്‍ക്കേണ്ടവനാണ്. ധര്‍മ്മം അറിയാവുന്നവര്‍ സത്യത്തിന്റെ പക്ഷത്താണ് നില്‍ക്കുക. സത്യത്തിന്റെ പക്ഷത്തുനിന്ന ശിബിയും അലാര്‍ക്കനും എന്താണു ചെയ്തത്?. വേലിയേറ്റത്തില്‍ പോലും സമുദ്രം അതിന്റെ പരിധി ലംഘിക്കാറില്ല. സത്യം ബ്രഹ്മമാണ്. ഓം എന്ന മന്ത്രം സത്യത്തില്‍ അധിഷ്ഠിതമാണ്. ഞാന്‍ സത്യവും ധര്‍മ്മവുമാണ് അങ്ങയില്‍നിന്നും ആവശ്യപ്പെടുന്നത്. അതു നല്‍കാഞ്ഞാല്‍ അങ്ങയുടെ മുമ്പില്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കും'.
കൈകേയിയുടെ അലട്ടുന്ന ചോദ്യങ്ങള്‍ക്കുമുമ്പില്‍ കാളവണ്ടിയുടെ ചക്രങ്ങളുടെയിടയില്‍നിന്നും രക്ഷപെടാനാവാതെ കഴിയുന്ന കാളയേപ്പോലെയായ രാജാവ് ക്ഷുഭിതനാവുകയും വിവര്‍ണ്ണനാവുകയുമുണ്ടായി. അദ്ദേഹം പറഞ്ഞു,'ദുഷ്ടേ ഞാന്‍ നിന്നെ ഉപേക്ഷിക്കുന്നു, നിന്നിലൂടെ കിട്ടിയ പുത്രനേയും. പ്രഭാതമാകുന്നു. ജനങ്ങള്‍ രാമന്റെ അഭിഷേകത്തിനായി മുറവിളി കൂട്ടിത്തുടങ്ങും. എന്റെ ജീവിതം തീരുകയാണ്. രാമന്റെ അഭിഷേകത്തിനായി കൊണ്ടുവന്ന ജലം രാമന്‍ എനിക്കു നല്‍കണം. അഭിഷേകവിഘ്‌നം വരുത്തിയാല്‍ നീയോ നിന്റെ പുത്രനോ എന്റെ ആത്മാവിന് ജലം നല്‍കാന്‍ പാടില്ല. എനിക്ക് ജനങ്ങളുടെ ദുഃഖം കാണുവാന്‍ വയ്യ'.
ഇത്തരം വാക്കുകള്‍ എന്തിനു പറയുന്നു? രാമനെ വരുത്തിയാലും. എന്റെ പുത്രനെ യുവരാജാവാക്കൂ. രാമനെ വനത്തിലേക്കയക്കൂ. അങ്ങയുടെ കടമ അതാണ്. കൈകേയി പറഞ്ഞു. 'എനിക്കെന്റെ പ്രിയപുത്രനായ രാമനെ കാണണം'രാജാവ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.
രാവ് പിന്‍വാങ്ങുകയും പ്രഭാതം ഉണരുകയും ചെയ്യവേ കുലഗുരുവായ വസിഷ്ഠന്‍ അഭിഷേകത്തിനുവേണ്ട എല്ലാ തയാറെടുപ്പുകളോടെയും അവിടെയെത്തി. ആ സമയം കൊട്ടാരത്തില്‍ സുമന്ത്രര്‍ നില്പുണ്ടായിരുന്നു. പോയ രാത്രിയിലുണ്ടായ സംഭവങ്ങളൊന്നുമറിയാതെ അദ്ദേഹം രാജാവിനെ സ്തുതിച്ചുകൊണ്ടുള്ള ഉണര്‍ത്തുപാട്ടുകള്‍ പാടിക്കൊണ്ടിരുന്നു. ദുഃഖിതനായ രാജാവിനുവേണ്ടി കൈകേയി രാമനെ ഉടനെ വരുത്തുകയെന്ന് സുമന്ത്രര്‍ക്കു നിര്‍ദ്ദശം നല്‍കി. രാജാവിന്റെ ആജ്ഞയില്ലാതെ താന്‍ എങ്ങനെപോകുമെന്നു സംശയിച്ചുനിന്ന സുമന്ത്രരോട് ദശരഥന്‍ തന്നെ ആജ്ഞാപിച്ചു'രാമനെ വരുത്തുക'.
പുറത്തേക്കിറങ്ങിയ സുമന്ത്രര്‍ കൊട്ടാരത്തിനുപുറത്ത് തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെയും ഉദ്യോഗസ്ഥപ്രമുഖരേയും കണ്ടു. പലരും വിലപിടിപ്പുള്ള സമ്മാനങ്ങളുമായാണ് എത്തിയിട്ടുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ