പേജുകള്‍‌

2018, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

ഗണപതി ഹോമം



ഗണപതി ഹോമം
ഹിന്ദുക്കള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങള്‍ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.
ജന്മനക്ഷത്തിന് മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണ്. ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയില്‍ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്.
എട്ട് നാളീകേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. .
നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയില്‍ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്‍റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേര്‍ത്ത് ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണമായിരിക്കും എന്നാണ് വിശ്വാസം. 
ഗണപതി ഹോമം നടത്തുന്ന ആള്‍ക്ക് നാലു വെറ്റിലയില്‍ അടയ്ക്കയും സംഖ്യയും വച്ച് ദക്ഷിണ നല്‍കണം. അമ്മ, അച്ഛന്‍, ഗുരു, ഈശ്വരന്‍ എന്നീ നാലു പേരെയാണ് ഈ വെറ്റിലകള്‍ സൂചിപ്പിക്കുന്നത്. 
ഭഗവാന് നേദിച്ച ഒരു സാധനവും തിരിച്ചുവാങ്ങരുത്. പ്രസാദം പോലും തിരിച്ച് വാങ്ങാന്‍ പാടില്ല. എല്ലാം ഭഗവാന് സമര്‍പ്പിച്ച് ദക്ഷിണ കൊടുത്ത് പിന്‍‌വാങ്ങുകയാണ് വേണ്ടത്. പലര്‍ക്കും ദക്ഷിണ കൊടുക്കാന്‍ ഒരേ വെറ്റില കൊടുക്കുന്നതും ശരിയല്ല. 
ഗണപതിഹോമവും ഫലങ്ങളും
പല കാര്യങ്ങള്‍ക്കായി ഗണപതി ഹോമങ്ങള്‍ നടത്താറുണ്ട്. മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങള്‍ സാധിക്കാന്‍, കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്നുവേണ്ട ആകര്‍ഷണം ഉണ്ടാവാന്‍ പോലും ഗണപതിയെ അഭയം പ്രാപിക്കാറുണ്ട്. 
വിവിധ ആവശ്യങ്ങളുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്ന വിവരം ചുവടെ കൊടുക്കുന്നു :
👉 അഭീഷ്ടസിദ്ധി : അഭീഷ്ട സിദ്ധി എന്നാല്‍ വേണ്ട കാര്യങ്ങള്‍ സാധിക്കുക. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുക. 
👉 ഐശ്വര്യം : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക. 
👉 മംഗല്യസിദ്ധി : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയം‌വര മന്ത്രാര്‍ച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും. 
👉 സന്താനഭാഗ്യം : സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കുക.
👉 ഭൂമിലാഭം : താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കുക. 
👉 പിതൃക്കളുടെ പ്രീതി: എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തുക. 
👉 കലഹം തീരാന്‍ : ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.
👉 ആകര്‍ഷണത്തിന് : മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിച്ചാല്‍ മതി. ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ