പേജുകള്‍‌

2018 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമോ?




ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമോ?


  ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നൊരു ചൊല്ല് പണ്ടേ തന്നെ പതിഞ്ഞതാണ്.
  ഇതിനു പിന്നിലെ അര്‍ത്ഥം ഉദ്ദേശിച്ച രീതിയിലല്ലെങ്കിലും ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്ന് ശാസ്ത്രം അവകാശപ്പെടുന്നു.
  ശരീരകോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ജലത്തെ വൃക്കകളിലേക്ക് പ്രവഹിക്കാന്‍ പ്രേരിപ്പിക്കുന്നത് ഉപ്പാണ്. നാം കഴിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളില്‍ എല്ലാം തന്നെ ഉപ്പിന്‍റെ അംശം കൂടിയും കുറഞ്ഞും കാണുന്നുമുണ്ട്. വൃക്കകളില്‍ വച്ച് ശരീരത്തിനകത്തെ മലിന ദ്രാവകങ്ങളുടെ ശുദ്ധീകരണം നടക്കുന്നുവെന്ന കാര്യം പുത്തന്‍ തലമുറയ്ക്ക് സുപരിചിതമാണ്.
  ഉപ്പിന്‍റെ അംശം കൂടിയ ആഹാരം കഴിക്കുകയോ ഉപ്പ് മാത്രം തിന്നുകയോ ചെയ്യുമ്പോഴേക്കും ശരീരകോശങ്ങളില്‍ നിന്നും വൃക്കയിലേക്കുള്ള ജലപ്രവാഹം വന്‍തോതിലായിത്തീരുകയാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ ശരീരകോശങ്ങളില്‍ ജലത്തിന്‍റെ കുറവ് അനുഭവപ്പെടും. ഇത് ശരീരകോശങ്ങള്‍ അറിയിക്കുമ്പോഴാണ് കൂടുതലായി ദാഹം തോന്നുന്നതും അത് ശമിപ്പിക്കുന്നതിനായി വെള്ളം അത്യാവശ്യമായി വരികയും ചെയ്യുന്നത്. ഈ സമയത്ത് വെള്ളം കുടിക്കേണ്ടി വരുന്നു.
  ഇതില്‍ നിന്നാണ് ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കേണ്ടി വരുമെന്ന വിശ്വാസം ബലപ്പെട്ടത്.

പ്രസവശേഷം നാല്‍പ്പത് കഴിയാതെ സ്ത്രീ വീട് വിട്ടുപോകരുത്?





പ്രസവശേഷം നാല്‍പ്പത് കഴിയാതെ സ്ത്രീ വീട് വിട്ടുപോകരുത്?


  പ്രസവിച്ചു കഴിഞ്ഞ സ്ത്രീ നാല്‍പ്പതു ദിവസം കഴിയാതെ സ്വന്തം വീടുവിട്ടു പോകരുതെന്ന വിലക്ക് മിക്കവാറും കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്നു. പ്രസവിച്ച സ്ത്രീയ്ക്ക് ഈ കാലയളവില്‍ ആശുദ്ധിയാണെന്നും പ്രചരിപ്പിച്ചിരുന്നു.
  പ്രസവത്തോടെ നാല്‍പ്പതു ദിവസത്തെ അശുദ്ധി സ്ത്രീകള്‍ക്കുണ്ടെന്നും അതിനാലാണ് വീട്ടില്‍നിന്നും പുറത്തിറങ്ങരുതെന്ന വിലക്കുള്ളതെന്നും വിശ്വസിക്കപ്പെട്ടിരുന്നതിനാല്‍; വീട്ടിനുള്ളിലെ പ്രസവമുറിക്കുള്ളില്‍ തന്നെ ആ നാളുകള്‍ കഴിച്ചു കൂട്ടാന്‍ സ്വാഭാവികമായും സ്ത്രീ നിര്‍ബന്ധിതയായി.
  ഗര്‍ഭകാലത്തും പ്രസവസമയത്തുമുള്ള ബുദ്ധിമുട്ടുകളും ശാരീരികപരാധീനതകളും ഏറെ അനുഭവിക്കേണ്ടതുണ്ടായിരുന്നതിനാല്‍ പ്രസവത്തിനു ശേഷമുള്ള ജീവിതകാലം രണ്ടാം ജന്മമായും പുനര്‍ജന്മമായുമൊക്കെ പഴയ കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
  ഗര്‍ഭവും പ്രസവവുമൊന്നും രോഗമല്ലെന്ന് തന്നെ മുന്‍തലമുറ മനസ്സിലാക്കിയിരുന്നു. എങ്കിലും ഈ കാലയളവില്‍ സവിശേഷശ്രദ്ധയും ശുശ്രൂഷയും സ്ത്രീയ്ക്ക് ആവശ്യമാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ അവര്‍ക്ക് ഏറെ ശുഷ്ക്കാന്തിയും ഉണ്ടായിരുന്നു.
  നാല്‍പ്പത് ദിവസത്തെ അശുദ്ധി എന്ന് പറഞ്ഞ് പ്രസവം കഴിഞ്ഞ സ്ത്രീയെ വീട്ടിനുള്ളില്‍ ഇരുത്തിയിരുന്നത് തന്നെ പ്രത്യേക പരിഗണനയുടെ ഭാഗമായിട്ടായിരുന്നു. ആധുനിക വൈദ്യശാസ്ത്രം വേണ്ടത്ര വികസിച്ച ഇന്നത്തെ നിലയിലല്ലായിരുന്നു പണ്ടെന്ന കാര്യവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ആന്റിബയോട്ടിക് പ്രയോഗം സര്‍വ്വസാധാരണമായ ഇക്കാലത്ത് പ്രസവശേഷം ഇഞ്ചക്ഷനിലൂടെയും മറ്റും അണുബാധയില്‍ നിന്നും മുക്തമാകാമെന്നതിനാല്‍ പ്രസവനാള്‍ മുതല്‍ തന്നെ പുറത്തിറങ്ങുന്നതില്‍ പ്രയാസം നേരിടുന്നില്ലെന്നാണ് അനുഭവസ്ഥരുടെ വിലയിരുത്തല്‍.
  അണുബാധാമരണം വളരെ സര്‍വ്വസാധാരണമായിരുന്ന പഴയകാലത്ത് രോഗബാധക്ക് സാധ്യതയുള്ള മറ്റുള്ളവരുടെ ഇടപെടലുകളില്‍ നിന്നും പുറത്തെ ദുഷിച്ച അന്തരീക്ഷത്തില്‍ നിന്നുമൊക്കെ സ്ത്രീയെ രക്ഷിക്കാന്‍ ആശുദ്ധിയുണ്ടെന്ന പേരില്‍ വീട്ടിനുള്ളില്‍ പാര്‍പ്പിക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ.
  പ്രസവത്തോടെ, പുറത്തിറങ്ങിയാല്‍ മാതാവിനും ശിശുവിനും അണുബാധയുണ്ടാകും എന്ന പ്രയോഗമാണ് ആശുദ്ധിയുണ്ടാകുമെന്നായി മാറിയത്. കാലക്രമേണ ഇത് പ്രസവിച്ച സ്ത്രീക്ക് അശുദ്ധിയുണ്ടെന്ന് പരിണമിക്കുകയായിരുന്നു.

ദൂതലക്ഷണം സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളുടെ പ്രതീകം




ദൂതലക്ഷണം


    സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളുടെ പ്രതീകമായാണ് വിഷവൈദ്യശാസ്ത്രത്തില്‍ ദൂതനെ കാണിക്കുന്നത്. പാമ്പുകടിയേറ്റ വ്യക്തിയുടെ വിവരം പറയുന്നതിന് വിഷഹാരിയുടെ അടുക്കലേയ്ക്ക് അയയ്ക്കുന്ന ദൂതന്‍റെ ലക്ഷണം നോക്കി സര്‍പ്പദംശനമേറ്റയാള്‍ മരിക്കുമോ ജീവിക്കുമോ എന്ന് പറയാന്‍ കഴിയുമത്രെ. കടിയേറ്റ ആളിന്‍റെ പേരുകൊണ്ട് വാക്യം തുടങ്ങുക, ആദ്യം പറഞ്ഞ വാക്യം പൂര്‍ത്തിയാക്കാതിരിക്കുക, ദൂതന്‍ കൂട്ടുപിടിച്ച് വരിക, അയാളുടെ കൈയ്യില്‍ കമ്പോ, കയറോ, പുല്ലോ ഉണ്ടായിരിക്കുക, ഓടിവരികയോ എണ്ണ തേച്ചു വരികയോ, മുടി ചീകാതെ വരികയോ ചെയ്‌താല്‍, മുഖത്തോ, ശിരസ്സിലോ നിറമുള്ള മുണ്ട് ധരിച്ച് ഒറ്റമുണ്ട് ഉടുത്തിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സര്‍പ്പദംശനമേറ്റയാള്‍ ജീവിക്കയില്ലെന്ന് നിശ്ചയിക്കേണ്ടതാണ്.

തെക്കുപുറത്തെ പുളി വെട്ടാമോ?



തെക്കുപുറത്തെ പുളി വെട്ടാമോ?
  

പഴയകാലത്ത് ചില തറവാടുകളില്‍ "തെക്കതുകള്‍" എന്ന് വിളിച്ചിരുന്ന പരദേവതാസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. വീടിന്‍റെ തെക്കുവശത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥാനങ്ങള്‍ക്ക് തണലായി നിന്നിരുന്നതുകൊണ്ടാണ് തെക്കുപുറത്തു നില്‍ക്കുന്ന പുളി വെട്ടരുതെന്ന് പറഞ്ഞിരുന്നതെന്നാണ്, ചിലര്‍ നമ്മെയിതുവരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്.
  എന്നാല്‍ അതുകൊണ്ടുന്നുമല്ല പൂര്‍വ്വികര്‍ തെക്കുപുറത്തെ പുളി വെട്ടരുതെന്ന് വിലക്കിയിരുന്നത്.
  ആദികാലം മുതല്‍ തെക്കുപുറത്ത് പുളി നില്‍ക്കുന്നതിനെ ഐശ്വര്യമായാണ് പഴമക്കാര്‍ കണ്ടിരുന്നത്. ആരോഗ്യത്തിനു ദോഷകാരണമെന്ന് വിശേഷിപ്പിക്കുന്ന തെക്കന്‍ വെയിലിനെ തടഞ്ഞുനിര്‍ത്തുന്നതില്‍ തെക്കുപുറത്തു നില്‍ക്കുന്ന പുളി ചെറിയ സഹായമൊന്നുമല്ല ചെയ്യുന്നത്. എന്നാല്‍ നമുക്കെപ്പോഴും ആവശ്യമുള്ള തെക്കന്‍കാറ്റിനെ ഭവനത്തിലേക്ക്‌ കടത്തിവിടാനും ഈ മരം ഉപകരിക്കുന്നു.
  ഇത് മുന്‍കൂട്ടി മനസ്സിലാക്കുവാന്‍ നമ്മുടെ പൂര്‍വ്വികര്‍ക്ക് വളരെ പണ്ടേ കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം.

പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്ന സ്ത്രീയ്ക്ക് വയര്‍ കൂടുതലുണ്ടാകുമോ?



പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്ന സ്ത്രീയ്ക്ക് വയര്‍ കൂടുതലുണ്ടാകുമോ?


    പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്ന സ്ത്രീയ്ക്ക് വയര്‍ കൂടുതലുണ്ടാകുമെന്ന് മുതിര്‍ന്ന സ്ത്രീകള്‍ പറയാറുണ്ട്‌. പ്രസവശേഷം കുട്ടി പെണ്ണാണെന്ന് തിരിച്ചറിയുന്നതോടെ മുത്തശ്ശിമാര്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണെന്ന് ബോദ്ധ്യപ്പെടും.
   പഴയകാലത്ത് ഇപ്പോഴത്തേതുപോലെ കുട്ടി ആണോ പെണ്ണോ എന്നറിയാന്‍ ആധുനികമാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു. പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്ന സ്ത്രീയ്ക്ക് വയര്‍ കൂടുതലുണ്ടാകുന്നതിനു കാരണമുണ്ട്. ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്നതും പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്നതും തമ്മില്‍ വളരെ വലിയ വ്യത്യാസങ്ങള്‍ കാണപ്പെടാറില്ല. എന്നാല്‍ ആണ്‍കുട്ടിയെ ആവരണം ചെയ്തിരിക്കുന്ന ദ്രാവകത്തെക്കാള്‍ കൂടുതലായിരിക്കും പെണ്‍കുട്ടിയെ ആവരണം ചെയ്തിരിക്കുന്ന ദ്രാവകം. ഇതുകൊണ്ടാണ് പെണ്‍കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുന്ന ഗര്‍ഭിണികളുടെ വയര്‍ വലുതായി കാണപ്പെടുന്നത്.

ഗര്‍ഭസ്ഥശിശുവിന് ഇളക്കം കൂടിയാല്‍ പെണ്‍കുട്ടി തന്നെയോ?

ഗര്‍ഭസ്ഥശിശുവിന് ഇളക്കം കൂടിയാല്‍ പെണ്‍കുട്ടി തന്നെയോ?


  ഗര്‍ഭിണികളെ ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങളും ചൊല്ലുകളും എന്നും നിലവിലുണ്ട്. അതിലൊന്നാണ് ഗര്‍ഭസ്ഥശിശുവിന് ഇളക്കം കൂടിയാല്‍ പെണ്‍കുട്ടിയായിരിക്കുമെന്നത്.
  ഇതിനെ പുത്തന്‍തലമുറ അത്ര ഗൗരവമായികാണുമെന്ന് തോന്നുന്നില്ല. കാരണം ജനിക്കാന്‍ പോകുന്ന കുട്ടി ആണോ പെണ്ണോയെന്ന് തിരിച്ചറിയാന്‍ ഇന്ന് ആധുനിക സംവിധാനങ്ങളുണ്ട്. അതുകൊണ്ട് വിശ്വാസങ്ങളെ അവര്‍ അത്ര ഉള്‍കൊളളാറുമില്ല.
  വലിയ വയറുമായി വേച്ചുവേച്ചു നടക്കുന്ന ഗര്‍ഭിണികളുടെ വയറിലെ ഇളക്കം കൂടുതലും ശ്രദ്ധിക്കുന്നത് മുത്തശ്ശിമാരാണ്. വയറിലെ ഇളക്കം കൂടുതലായാല്‍ അതിനുള്ളില്‍, ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയാണെന്ന് അവര്‍ കൃത്യമായി പറയുമായിരുന്നു.
  ഈ വിശ്വാസം തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് മാറിയപ്പോള്‍ അതിനു പിന്നിലെ രഹസ്യമെന്തെന്ന് ആരും അന്വേഷിച്ചതുമില്ല. പെണ്‍കുട്ടിയായതുകൊണ്ടാണ് വയറിന് ഇളക്കം കൂടുന്നതെന്നുമാത്രം അവര്‍ വിശ്വസിച്ചു. ആ വിശ്വാസമാകട്ടെ പ്രചരിപ്പിക്കുകയും ചെയ്തു.
  എന്നാല്‍ ശാസ്ത്രീയമായും ഇത് ശരിതന്നെ. ഗര്‍ഭിണിയുടെ വയറിന് ഇളക്കം കൂടിയിരുന്നാല്‍ ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടി തന്നെയായിരിക്കും. പെണ്‍കുട്ടിയുടെ ഹൃദയ സ്പന്ദനം ആണ്‍കുട്ടിയുടേതിനേക്കാള്‍ കൂടുതലായിരിക്കുമെന്ന് അവര്‍ സമ൪ത്ഥിക്കുന്നു. ഇതുകൊണ്ടാണ് ഗര്‍ഭസ്ഥശിശുവിന് ഇളക്കം കൂടിയാല്‍ ജനിക്കുന്നത് പെണ്‍കുട്ടിയായിരിക്കുമെന്ന വിശ്വാസം ഉണ്ടായത്.

നാരകം നട്ടയാള്‍ നാടുവിടുമോ?



നാരകം നട്ടയാള്‍ നാടുവിടുമോ?

   വൃക്ഷങ്ങളും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം പ്രകൃത്യാതീത കാലത്തേതാണ്. ജീവിതത്തിന്‍റെ ഇന്നലെകള്‍ നമുക്ക് സമ്മാനിച്ച ഏറ്റവും വലിയ അറിവുകളിലൊന്ന് മരം പ്രകൃതിയുടെ ആത്മാവ് എന്നതാണ്. ഇനിയും നമുക്ക് നഷ്ടമാകാത്ത പ്രകൃതിസ്നേഹത്തിന്‍റെ കാരണക്കാരും തണല്‍വിരിച്ച വൃക്ഷങ്ങള്‍ തന്നെ. പാര്‍ക്കാന്‍ വീടും കഴിക്കാന്‍ ഭക്ഷണവുമായി അവ നമുക്ക് കൂട്ടുനില്‍ക്കുകയാണ്.
   നാരകത്തിന്‍റെ ഫലത്തെയും ഗുണത്തെയും പറ്റി ആര്‍ക്കും സംശയമില്ല. എന്നാല്‍ വളരെ കാലതാമസമെടുത്താണ് നാരകം വളരുന്നത്. കായ്ക്കുന്നതാകട്ടെ അതിലും വളരെ താമസിച്ചാണ്. അങ്ങനെയായതിനാല്‍ നാരകം നടുന്നയാളിന് അതിന്‍റെ ഫലം അനുഭവിക്കാന്‍ കഴിയാറില്ലെന്നതാണ് വാസ്തവം. ഫലം ആസ്വദിക്കുന്നതിനു മുമ്പുതന്നെ പല കാരണങ്ങള്‍ കൊണ്ട് നാരകം നട്ട വ്യക്തി നാട്ടില്‍ നിന്നും മാറി മറ്റെവിടെയെങ്കിലും ചേക്കേറിയിരിക്കും.
   വളര്‍ച്ചയ്ക്ക് കാലതാമസം നേരിടുന്നതുകൊണ്ടാണ് നാരകം നട്ടയാള്‍ നാടുവിടുമെന്ന വിശ്വാസം ബലപ്പെട്ടത്.